
ഗ്രൂപ്പുഘട്ടത്തിലെ ഇന്ത്യയുടെ പ്രകടനത്തിലേക്കു വന്നാല്‍ അത് ആരാധകര്‍ പ്രതീക്ഷിച്ചതു പോലെയൊരു കംപ്ലീറ്റ് പെര്‍ഫോമന്‍സായിരുന്നില്ല. പാകിസ്താനെതിരേ കഷ്ടിച്ചു ജയിച്ച ഇന്ത്യക്കു ഹോങ്കോങിനെ ഓള്‍ഔട്ടാക്കാനും സാധിച്ചില്ല. സൂപ്പര്‍ ഫോറില്‍ തീര്‍ച്ചയായും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനായാല്‍ മാത്രമേ ഇന്ത്യക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ. നിലവിലെ തന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ ഇനിയുള്ള കളികളില്‍ പരീക്ഷിക്കാവുന്നതാണ്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ചഹല്‍, ബിഷ്‌നോയ് ജോടി
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും യുസ്വേന്ദ്ര ചഹലായിരുന്നു ഇന്ത്യയുടെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. പക്ഷെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം നടത്തിയത്. വിക്കറ്റുകളെടുക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല എതിര്‍ ബാറ്റര്‍മാര്‍ക്കു കാര്യമായ വെല്ലുവിളിയുയര്‍ത്താനും ചഹലിനായില്ല. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ സ്പിന്‍ ബൗളിങില്‍ ചഹലിന്റെ ജോലിഭാരവും വര്‍ധിച്ചിട്ടുണ്ട്.

ഈ കുറവ് പരിഹരിക്കാന്‍ യുവ സ്പിന്നറായിട്ടുള്ള രവി ബിഷ്‌നോയിയെ ഇന്ത്യക്കു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം. രണ്ടു പേരും തീര്‍ത്തും വ്യത്യസ്തമായ ശൈലിയില്‍ ബൗള്‍ ചെയ്യുന്നവരാണ്. സ്റ്റോക്ക് ഡെലിവെറി നന്നായി ഉപയോഗിക്കുന്ന വേഗം കുറഞ്ഞ ബൗളറാണ് ചഹല്‍. പിച്ച് ചെയ്ത ശേഷം വലംകൈയന്‍ ബാറ്ററില്‍ നിന്നും അകന്നു പോവുന്നതാണ് താരത്തിന്റെ ബോളുകള്‍. എന്നാല്‍ ബിഷ്‌നോയ് കൂടുതല്‍ വേഗതയേറിയ ബൗളറാണ്. ഗൂഗ്ലികള്‍ നന്നായി എറിയാനും മിടുക്കനാണ്. ചഹലും ബിഷ്‌നോയിയും ഒരുമിച്ച് കളിച്ചാല്‍ അതു സ്പിന്‍ ബൗളിങിനു കൂടുതല്‍ മൂര്‍ച്ച നല്‍കുമെന്നതില്‍ സംശയമില്ല.
ASIA CUP: ജഡേജയില്ല, പകരം പ്ലേയിങ് 11 ആര്?, ഈ മൂന്ന് പേരിലൊരാള്‍, തലപുകച്ച് രോഹിത്

അശ്വിനെ കളിപ്പിക്കണം
ഇന്ത്യന്‍ നിരയിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരങ്ങളിലൊരാളാണ് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. പക്ഷെ പാകിസ്താന്‍, ഹോങ്കോങ് എന്നിവരുമായുള്ള കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. സൂപ്പര്‍ ഫോറില്‍ അശ്വിനെ ഇന്ത്യ തിരിച്ചുവിളിക്കാനുള്ള സമയമായിരിക്കുകയാണ്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറും.

ബാറ്റിങ് നിര ദൈര്‍ഘിപ്പിക്കാന്‍ ടി20യില്‍ എല്ലാ ടീമുകളും ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ബൗളിങിനെ നിര്‍വീര്യമാക്കാന്‍ പിഞ്ച് ഹിറ്റര്‍മാരെ പലപ്പോഴും ടീമുകള്‍ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യാറുണ്ട്. അശ്വിനും ഇങ്ങനെയുള്ള താരമാണ്. സ്പിന്‍ ബൗളിങിനെ നന്നായി കൈകാര്യം ചെയ്യാനും വേഗത്തില്‍ സ്‌കോര്‍ ചെയ്യാനും അദ്ദേഹത്തിനു കഴിയും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നമ്മള്‍ ഇതു കണ്ടതാണ്. പേസര്‍മാരേക്കാള്‍ സ്പിന്നര്‍മാര്‍ക്കു പ്രാധാന്യമുള്ള അഫ്ഗാനിസ്താന്‍, ശ്രീലങ്ക ടീമുകള്‍ക്കെതിരേ അശ്വിനെ മുന്‍നിരയിലേക്കു ഇറക്കി ഇന്ത്യക്കു പരീക്ഷണം നടത്താവുന്നതാണ്.
IND vs PAK: 'കരുതിയിരുന്നോ', സൂപ്പര്‍ 4 പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി റിസ്വാന്‍

ഓപ്പണറായി റിഷഭ് പന്ത്
രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി റിഷഭ് പന്തിനെ ഇന്ത്യ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഇറക്കാവുന്നതാണ്. ഇന്ത്യയുടെ പുതിയ അഗ്രസീവ് ബാറ്റിങ് ശൈലിക്കു യോജിച്ച താരമല്ല നിലവില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായ കെഎല്‍ രാഹുല്‍. പാകിസ്താനെതിരേ ഗോള്‍ഡന്‍ ഡെക്കായ അദ്ദേഹം ഹോങ്കോങിനെതിരേ സ്ലോ ബാറ്റിങിന്റെ പേരില്‍ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. അതിനാല്‍ രാഹുലിനു പകരം കുറേക്കൂടി അഗ്രസീവായ റിഷഭിനെ ഇന്ത്യ ഓപ്പണിങിലേക്കു കൊണ്ടുവരണം.

നിലവില്‍ ടോപ്പ് ത്രീയിലെ മൂന്നു പേരും വലംകൈയന്‍മാരാണ്. എന്നാല്‍ റിഷഭിനെ ഓപ്പണിങിലേക്കു കൊണ്ടു വന്നാല്‍ അതു ബാറ്റിങിനു കൂടുതല്‍ ബാലന്‍സ് നല്‍കും. പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുത്ത് വേഗത്തില്‍ റണ്‍സ് അടിച്ചെടുത്ത് ടീമിനു മികച്ച തുടക്കം നല്‍കാന്‍ റിഷഭിനു സാധിക്കും. പല മുന്‍ താരങ്ങളും റിഷഭ് ഓപ്പണറായി കളിക്കുന്നത് ടീമിനു ഗുണം ചെയ്യുമെന്നു നേരത്തേ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











