
നേരത്തേ നടന്ന ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തിനു ശേഷം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനിന്ന ഒരു ഭാര്യയും ഭര്‍ത്താവുമുണ്ടായിരുന്നു. ഭര്‍ത്താവ് ഇന്ത്യന്‍ വംശജനാണെങ്കില്‍ ഭാര്യ പാകിസ്താനിയുമാണ്. ഒരു പാക് ചാനലായിരുന്നു ഗ്രൂപ്പൂഘട്ടത്തിലെ മല്‍സരശേഷം സ്റ്റേഡിയത്തിനു പുറത്തുവച്ച് ഇവരുടെ പ്രതികരണമെടുത്തത്. അന്നു ഭര്‍ത്താവ് സന്തോഷപ്രകടനം നടത്തിയപ്പോള്‍ ഭാര്യ വിഷമത്തിലായിരുന്നു. ഇപ്പോഴിതാ ഇതേ ദമ്പതികള്‍ സൂപ്പര്‍ പോരിനു ശേഷം വീണ്ടും പ്രതികരിച്ചിരിക്കുകയാണ്.

ഇന്നു ആര്‍ക്കാണ് കൂടുതല്‍ സന്തോഷമെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിനു തീര്‍ച്ചയായും തനിക്കു തന്നെയാണ് കൂടുതല്‍ ആഹ്ലാദമെന്നു ഭാര്യ പ്രതികരിച്ചു. നിരാശ പുറത്തു കാണിക്കാതെ ചെറുചിരിയോടെ ഭര്‍ത്താവ് അരികിലുണ്ടായിരുന്നു.
ഇദ്ദേഹത്തക്കുറിച്ച് ചോദിച്ചാല്‍ ഈ മല്‍സരത്തിലുടനീളം കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്നായിരുന്നു തമാശരൂപേണ ഭാര്യ പറഞ്ഞത്.
Asia Cup: ലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വേണം, പുറത്താക്കേണ്ടത് മൂന്ന് പേരെ!

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഗ്രൗണ്ടിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം ഇത്രയും വലിയ യുദ്ധം നടക്കുമ്പോള്‍ നിങ്ങളുടെ വീട്ടില്‍ എങ്ങനെയായിരിക്കും കാര്യങ്ങളെന്നായിരുന്നു റിപ്പോര്‍ട്ടുറുടെ അടുത്ത ചോദ്യം.
വീട്ടില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാറില്ല. എല്ലാം സാധാരണത്തേതു പോലെയാണെന്നും ഭര്‍ത്താവ് പ്രതികരിച്ചു. പിന്നാലെ ഭാര്യയുടെ കളിയാക്കലും വന്നു. ഇന്നു ഇദ്ദേഹത്തിനു ഒന്നും പറയാന്‍ സാധിക്കില്ല. മിണ്ടാതെയിരിക്കുകയാണ് ചെയ്യുകയെന്നു ഭാര്യ പൊട്ടിച്ചിരിയോടെ പറഞ്ഞു.

പാകിസ്താന്‍ ടീം ഇന്നു ഇദ്ദേഹത്തിന്റെ വായടപ്പിച്ചോയെന്ന റിപ്പോര്‍ട്ടറുടെ തുടര്‍ ചോദ്യത്തിനു അതെയെന്നായിരുന്നു ഭാര്യ നല്‍കിയ മറുപടി. കഴിഞ്ഞ മല്‍സരത്തില്‍ ഇദ്ദേഹം ആഹ്ലാദം കൊണ്ട് നിലത്തൊന്നുമായിരുന്നില്ല. ഒരുപാട് ഇന്റര്‍വ്യൂകളും പലര്‍ക്കും നല്‍കുകയും ചെയ്തു. പക്ഷെ ഇന്നു ഇദ്ദേഹത്തിനു ഒന്നും പറയാനില്ലെന്നും മിണ്ടാതെ നില്‍ക്കുകയാണെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.
IND vs PAK: അടിതെറ്റിയാല്‍ ഹിറ്റ്മാനും വീഴും! ആദ്യമായി മൂന്ന് കാര്യങ്ങള്‍ കളിയില്‍ സംഭവിച്ചു

ഇതിനിടെ ഭര്‍ത്താവ് ഇടപെടുകയും ചെയ്തു. ഇതില്‍ വലിയ കാര്യമൊന്നുമില്ല. എല്ലായ്‌പ്പോഴും അടുത്തത് എന്നൊരു സമയമുണ്ട്. ഈ കാരണം കൊണ്ടാണ് ഞാന്‍ പാകിസ്താന്‍കാരിയെ വിവാഹം കഴിച്ചതെന്നും ഭാര്യയുടെ തോളില്‍ കൈചേര്‍ത്ത ഭര്‍ത്താവ് ചിരിയോടെ പറഞ്ഞു.

നേരത്തേ ഗ്രൂപ്പുഘട്ട മല്‍സരത്തിനു ശേഷം ഇന്ത്യന്‍ വിജയത്തിനു ഭര്‍ത്താവിനെ അഭിനന്ദിച്ചോയെന്ന ചോദ്യത്തിനു താനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. സ്ത്രീകളുടെ മനസ്സ് വളരെ ചെറുതാണെന്നു നിങ്ങള്‍ക്കു അറിയാമല്ലോയെന്നും താന്‍ ഇതു വലിയ കാര്യമാക്കുന്നില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാക്കുകള്‍.

മോശം ബാറ്റിങ് കാരണമാണ് പാകിസ്താന്‍ ഈ മല്‍സരത്തില്‍ ഇന്ത്യയോടു പരാജയപ്പെട്ടതെന്നും ഈ തോല്‍വിയില്‍ അതിയായ വിഷമമുണ്ടെന്നും ഗ്രൂപ്പുഘട്ടത്തിലെ മല്‍സരത്തിനു ശേഷം ഭാര്യ പറഞ്ഞിരുന്നു. ഇന്ത്യ ജയിക്കുമെന്ന് താന്‍ പ്രവചിച്ചിരുന്നതായും രോഹിത് ശര്‍മ മികച്ച ക്യാപ്റ്റനാണെന്നും ഭര്‍ത്താവ് ചൂണ്ടിക്കാട്ടിയിരുന്നു. ടൂര്‍ണമെന്റില്‍ വീണ്ടും ഇരുടീമും ഏറ്റുമുട്ടിയാല്‍ പാകിസ്താന്‍ ജയിക്കുമെന്നു ഭാര്യ അന്നു പ്രവചിച്ചപ്പോള്‍ അതു തള്ളിയ ഭര്‍ത്താവ് 100 ശതമാനവും ജയം ഇന്ത്യക്കായിരിക്കുമെന്നും പ്രവചിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാര്യയുടെ പ്രവചനം സത്യമാവുകയും ചെയ്തിരിക്കുകയാണ്.


Click it and Unblock the Notifications











