
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മല്‍സരത്തിനു പിന്നാലെ ഒരു അപ്രതീക്ഷിതസംഭവത്തിനും ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായി. കളി കഴിഞ്ഞതിനു പിന്നാലെ സ്‌റ്റേഡിയത്തില്‍ മല്‍സരം കാണാനെത്തിയ കാമുകിയോടു സിഎസ്‌കെ പേസര്‍ ദീപക് ചാഹര്‍ വിവാഹ അഭ്യര്‍ഥന നടത്തുകയായിരുന്നു. സ്റ്റാന്‍ഡ്‌സില്‍ കളി കൊണ്ടു കൊണ്ടിരുന്ന കാമുകിക്ക് അരികിലേക്കു വന്ന ചാഹര്‍ വിവാഹ അഭ്യര്‍ഥന നടത്തിയപ്പോള്‍ ചുറ്റിലുമുണ്ടായിരുന്ന കാണികള്‍ക്കും അത് സര്‍പ്രൈസായിരുന്നു. അമ്പരന്നു പോയ കാമുകി യേസ് പറയുകയും ഇരുവരും പരസ്പരം മോതിരം കൈമാറി ആശ്ലേഷിക്കുകയും ചെയ്തപ്പോള്‍ കാണികളും കൈയടിച്ച് അഭിനന്ദിച്ചു. ഇതിന്റെ വീഡിയോയും ഫോട്ടോസുമെല്ലാം സോഷ്യല്‍ മീഡിയയിലുടെ വൈറലാവുകയും ചെയ്തിരിക്കുകയാണ്.
ചാഹറും ചെന്നൈ സൂപ്പര്‍ കിങ്‌സുമെല്ലാം ഇതിന്റെ ഫോട്ടോസും വീഡിയോയുമെല്ലാം ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്. എല്ലാം ചിത്രം പറയുന്നു, നിങ്ങളുടെയെല്ലാം അനുഗ്രഹം വേണമെന്നായിരുന്നു കാമുകിയോടൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം ചാഹര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ നിര്‍ണായക താരങ്ങളിലൊരാളാണ് ചാഹര്‍. പവര്‍പ്ലേ ഓവറുകളില്‍ ധോണിയുടെ ഏറ്റവും വിശ്വസ്തനായ ബൗളറും കൂടിയാണ് അദ്ദേഹം. ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കി ചാഹര്‍ ഈ വിശ്വാസം കാക്കുകയും ചെയ്യാറുണ്ട്. പഞ്ചാബ് കിങ്‌സിനെതിരായ കളിയില്‍ ചെന്നൈ ആറു വിക്കറ്റിനു പരാജയപ്പെട്ടിരുന്നെങ്കിലും ചാഹര്‍ ഒരു വിക്കറ്റെടുത്തിരുന്നു. നാലോവറില്‍ 48 റണ്‍സിനാണ് അദ്ദേഹം ഒരു വിക്കറ്റ് വീഴ്ത്തിയത്. പഞ്ചാബ് ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ചാഹര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
ഈ സീസണിലെ ഐപിഎല്ലില്‍ 13 മല്‍സരങ്ങളില്‍ നിന്നും 8.36 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകളാണ് ചാഹറിന്റെ സമ്പാദ്യം. 13 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകളെടുത്തതാണ് സീസണില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഐപിഎല്ലിനു ശേഷം ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം ചാഹര്‍ ചേരും. ലോകകപ്പിനുള്ള ഇന്ത്യയുടെ റിസര്‍വ് കളിക്കാരുടെ ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്.
ചെന്നൈയ്ക്കു കനത്ത തോല്‍വി
പ്രാഥമിക റൗണ്ടിലെ അവസാനത്തെ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനോടു കനത്ത തോല്‍വിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. അവരുടെ ഹാട്രിക് പരാജയം കൂടിയാണിത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ചെന്നൈയെ പഞ്ചാബ് മികച്ച ബൗളിങിലൂടെ ആറു വിക്കറ്റിനു 134 റണ്‍സില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. 76 റണ്‍സെടുത്ത ഫഫ് ഡുപ്ലെസിയൊഴികെ മറ്റാരും സിഎസ്‌കെ നിരയില്‍ പൊരുതി നോക്കിയില്‍. മറുപടിയില്‍ വെറും 13 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തുകയും ചെയ്തു. നായകന്‍ കെഎല്‍ രാഹുലിന്റെ (98*) തകര്‍പ്പന്‍ ഇന്നിങ്‌സാണ് പഞ്ചാബിന്റെ ജയം വേഗത്തിലാക്കിയത്. 42 ബോളില്‍ എട്ടു സിക്‌സറും ഏഴു ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.