
ഗ്വാങ്ഷു: ഈ വര്‍ഷം ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്ചിതമായി മാറ്റിവച്ചു. ഒൡപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗെയിംസിനായി തയ്യാറെടുക്കുകയായിരുന്ന അത്‌ലറ്റുകളെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണിത്. ഗെയിംസ് നീട്ടി വയ്ക്കാനുള്ള കാരണത്തെക്കുറിച്ച് വിശദീകരണമൊന്നും വന്നിട്ടില്ല. പക്ഷെ കൊവിഡ് മഹാമാരിയില്‍ നിന്നും ഇനിയും പൂര്‍ണമായി മോചിതരായിട്ടില്ലാത്ത ചൈന ഇപ്പോഴും അതിനെതിരേ പോരാടുകയാണ്. ഈ കാരണത്താലാണ് സപ്ംബറില്‍ നടക്കേണ്ടിയിരുന്ന ഗെയിംസ് മാറ്റിവച്ചതെന്നാണ് സൂചനകള്‍.
2022 സപ്തംബര്‍ 10 മുതല്‍ 25 വരെ ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരുന്ന 19ാമത് ഏഷ്യന് ഗെയിംസ് മാറ്റിവയ്ക്കുന്നതായി ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നായിരുന്നു ഗെയിംസിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലെ പ്രസ്താവനയിലുള്ളതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗെയിംസിന്റെ പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായില്‍ നിന്നും 120 കിമി അകലെയാണ് ഗെയിംസിന്റെ വേദിയായ ഗ്വാങ്ഷു സ്ഥിതി ചെയ്യുന്നത്. കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടി ഷാങ്ഹായില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസിനും ഏഷ്യന്‍ പാരാ ഗെയിംസിനുമായി 56 മല്‍സരവേദികളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞതായി കഴിഞ്ഞ മാസം സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഗെയിംസിന്റെ അവസാന വട്ട ഒരുക്കങ്ങളിലേക്കു നീങ്ങവെയാണ് ഇപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി മാറ്റിവയ്ക്കല്‍ പ്രഖ്യാപനം വന്നിരിക്കുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ബെയ്ജിങ് വിന്റര്‍ ഒളിംപിക്‌സിനു ചൈന വിജയകരമായി ആതിഥേയത്വം വഹിച്ചിരുന്നു. ഇതേ മാതൃകയില്‍ ബയോ ബബ്ള്‍ സംവിധാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഏഷ്യന്‍ ഗെയിംസും നടത്താനായിരുന്നു സംഘാടകര്‍ പ്ലാന്‍ ചെയ്തിരുന്നത്.