ജക്കാര്‍ത്ത: ഫൈനലിലെ ദുര്‍ഭൂതം ഇന്ത്യന്‍ സെന്സേഷന് പിവി സിന്ധുവിനെ വിട്ടുപോവുന്നില്ല. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സിന്ധുവിന് കാലിടറി.ആവേശകരമായ ഫൈനലില്‍ ചൈനീസ് തായ്പേയിയുടെ തായ് സുവിനോടു സിന്ധു പരാജയപ്പെടുകയായിരുന്നു. സ്കോര്‍: 13-21, 17-21.തോറ്റെങ്കിലും ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി വെള്ളി കരസ്ഥമാക്കിയ ആദ്യ ബാഡ്മിന്റണ്‍ താരമെന്ന റെക്കോര്‍ഡും സിന്ധു തന്റെ പേരിലാക്കി. ഫൈനലിനു മുമ്പ് തായ് സുയെക്കെതിരേ അത്ര മികച്ച റെക്കോര്‍ഡല്ല സിന്ധുവിനുണ്ടായിരുന്നത്. അവസാനത്തെ അഞ്ചു മല്‍സരങ്ങളിലും ചൈനീസ് തായ്പേയ് താരത്തെ തോല്‍പ്പിക്കാന്‍ സിന്ധുവിനായിരുന്നില്ല. 2016ലെ റിയോ ഒളിംപിക്സിലാണ് അവസാനമായി ഇന്ത്യന്‍ താരം തായ് സുവിനെ വീഴ്ത്തിയത്.
നേരത്തേ ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സിന്ധു സ്വന്തം പേരില്‍ കുറിച്ചിരുന്നു. സെമി ഫൈനലില്‍ രണ്ടാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് മൂന്നാം സീഡായ സിന്ധു തോല്‍പ്പിച്ചത്. 21-17, 15-21, 21-10 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. മല്‍സരം 66 മിനിറ്റ് കൊണ്ട് തന്നെ അവസാനിച്ചു.
ഈ വര്‍ഷം സിന്ധു കളിച്ച അഞ്ചാമത്തെ ഫൈനലായിരുന്നു ജക്കാര്‍ത്തയിലേത്. കഴിഞ്ഞ നാലു ഫൈനലുകളിലും താരത്തിന് പരാജയം നേരിട്ടിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ നാട്ടുകാരിയായ സൈന നെഹ്വാളിനോടായിരുന്നു സിന്ധുവിന്റെ തോല്‍വി.