CW Games 2026: ബെര്‍മിങ്ഹാമില്‍ മെഡല്‍ വാരി, ഗ്ലാസ്‌ഗോയില്‍ ഇന്ത്യ നിരാശരാവും!! ഈ കാരണം
ന്യൂഡല്‍ഹി: വീണ്ടുമൊരു കോമണ്‍വെല്‍ത്ത് ഗെയിംസ് പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോയാണ് ഇത്തവണ കായിക വിരുന്നിനു സാക്ഷിയാവുക. ഈ മാസം 23 മുതല്‍ ആഗസ്റ്റ് രണ്ടു വരെയാണ് കോമണ്‍വെല്‍ത്ത് അംഗങ്ങളായിട്ടുള്ളരാജ്യങ്ങള്‍ തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ പോര്‍ക്കളത്തിലിറങ്ങുന്നത്.
പതിവുപോലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇത്തവണയും വാനോളമാണ്. പല ഇനങ്ങളിലും മെഡലുകള്‍ വാരാമെന്ന വലിയ സ്വപ്‌നവുമായാണ് ഇന്ത്യയുടെ പടയൊരുക്കം. മികച്ചൊരു സംഘത്തെയാണ് ഡെല്‍ ദൗത്യവുമായി ഗ്ലാസ്‌ഗോയിലേക്കു ഇന്ത്യ അയക്കുക.

പക്ഷെ കഴിഞ്ഞ തവണ ഇംഗ്ലണ്ടിലെ ബെ്ര്‍മിങ്ഹാമില്‍ നടന്ന അവസാന ഗെയിംസിലേതു പോലെയൊ, അതിനു മുകളിലോ മെഡലുകള്‍ ഇത്തവണ ഇന്ത്യ പ്രതീക്ഷിക്കേണ്ടതില്ല. അതു പക്ഷെ നമ്മുടെ അത്‌ലറ്റുകളുടെ കഴിവുകേട് കാരണമല്ല. അതിനു വളരെ റിയലിസ്റ്റിക്കായിട്ടുള്ള ഒരു കാരണം കൂടിയുണ്ട്്. അതു എന്താണെന്നു പരിശോധിക്കാം.
ഇന്ത്യക്കു എന്തുകൊണ്ട് തിരിച്ചടി?
2022ല്‍ ബെര്‍മിങ്ഹാം വേദിയായ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വപ്‌നതുല്യമായ പ്രകടനമായിരുന്നു ഇന്ത്യന്‍ അത്‌ലറ്റുകള്‍ വിവിധ ഇനങ്ങള്‍ കാഴ്ചവച്ചത്. ഈ കാരണത്തല്‍ തന്നെ 61 മെഡലുകളുമായി തലയുയര്‍ത്തി ഇംഗ്ലീഷ് മണ്ണില്‍ നിന്നു മടങ്ങാന്‍ നമുക്കു സാധിക്കുകയും ചെയ്തു.
പക്ഷെ നാലു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഗ്ലാസ്‌ഗോയില്‍ വീണ്ടുമൊരു ഗെയിംസിനു കാഹളം മുഴങ്ങവെ ബെര്‍മിങ്ഹാമിലേതു പോലെയൊരു മെഡല്‍വേട്ട ഇന്ത്യക്കു അസാധ്യമായിരിക്കും. ഇതിനു കാരണമാവട്ടെ ഈ ഗെയിംസില്‍ മല്‍സര ഇനങ്ങള്‍ വെട്ടിക്കുറച്ചതുമാണ്.
പരമ്പരാഗതമായി ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തി പോരുന്ന പല കായിക ഇനങ്ങളും ഗ്ലാസ്‌ഗോ ഗെയിംസില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. നമുക്ക് ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഇവന്റുകളാണ് പലതുമെന്നത് ഏറെ നിരാശാജനകമാണ്.
ഇന്ത്യന്‍ താരങ്ങള്‍ കസറുകയും ഏറെ മെഡലുകള്‍ സ്വന്തമാക്കുകയും ചെയ്യാറുള്ള ബാഡ്മിന്റണ്‍, ഗുസ്തി, ടേബിള്‍ ടെന്നീസ്, ഹോക്കി, സ്‌ക്വാഷ്, ക്രിക്കറ്റ്, ട്രയാത്‌ലണ്‍ എന്നിവയൊന്നും ഗ്ലാസോ ഗെയിംസില്‍ ഉള്‍പ്പെട്ടിട്ടില്ല. 2022ലെ അവസാന ഗെയിംസില്‍ ഇന്ത്യ പങ്കെടുക്കാതിരുന്ന ബീച്ച് വോളിബോള്‍, റഗ്ബി സെവന്‍സ് എന്നിവയും ഒഴിവാ്ക്കപ്പെട്ടിരിക്കുകയാണ്.
ഗുസ്തി, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് എന്നിവയിലാണ് ബെര്‍മിങ്ഹാമില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്ത് കണ്ടത്. ഈ മൂന്ന് ഇനങ്ങളില്‍ നിന്നു മാത്രം 25 മെഡലുകള്‍ രാജ്യം വാരിക്കൂട്ടി. അതായത് ആകെ സ്വന്തമാക്കിയ 61 മെഡലുകളില്‍ പകുതിയോളവും ഇവയില്‍ നിന്നു മാത്രമാണ്.
കഴിഞ്ഞ ഗെയിംസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ വെറും 30ലേക്കു ഇപ്പോള്‍ ചുരുങ്ങിയിരിക്കുകയാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ബെര്‍മിങ്ഹാം ഗെയിംസില്‍ ഇന്ത്യ നേടിയ 49.2 ശതമാനം മെഡലുകളും ഇപ്പോള്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നു ചുരുക്കം.

13 സ്വര്‍ണ മെഡല്‍ ഇവന്റുകളില്ല
ബെര്‍മിങ്ഹം ഗെയിംലില്‍ മെഡല്‍പ്പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ ഇന്ത്യക്കായിരുന്നു. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കമാണ് 61 മെഡലുകള്‍ അക്കൗണ്ടിലേക്കു ഇന്ത്യ ചേര്‍ത്തത്.
ഈ 22 സ്വര്‍ണ മെഡലുകളില്‍ 13 എണ്ണം വന്നതാവട്ടെ ഇത്തവണ ഗ്ലാസ്‌ഗോയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഇവന്റുകളിലുമായിരുന്നു. 205 അംഗ സംഘത്തെയായിരുന്നു കഴിഞ്ഞ ഗെയിംസിന് ഇന്ത്യ നിയോഗിച്ചത്. ഗുസ്തിയില്‍ ആറു സ്വര്‍ണ മെഡലുകള്‍ ചൂടിയ ഇന്ത്യ ടേബിള്‍ ടെന്നീസില്‍ നാലും ബാഡ്മിന്റണില്‍ മൂന്നും കൂടി കൈക്കലാക്കുകയും ചെയ്തു.
മല്‍സര ഇനങ്ങള്‍ ഇത്തവണ വെട്ടിക്കുറച്ചത്തോടെ ഇന്ത്യ അയക്കുന്ന അത്റ്റുകളുടെ സംഘത്തിലും കുറവുണ്ടായിട്ടുണ്ട്. 124 അംഗസംഘത്തെയാണ് ഗെയിംസിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഏറ്റവും ക്ഷീണം ഗുസ്തിയില്‍
ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മെഡല്‍ സാധ്യതയുള്ള മല്‍സരയിനം തീര്‍ച്ചയായും ഗുസ്തി തന്നെയാണ്. എന്നാല്‍ ഗ്ലാസ്‌ഗോ ഗെയിംസില്‍ ഇത്തവണ ഗുസ്തിയില്ലെന്നത് കനത്ത പ്രഹരം തന്നെയാണ്.
കഴിഞ്ഞ തവണ 12 താരങ്ങളെയാണ് ഗുസ്തിയില്‍ ഇന്ത്യ അണിനിരത്തിയത്. അവരെല്ലാം മെഡലുകളുമായി മടങ്ങുകയും ചെയ്തു. ആറു സ്വര്‍ണവും ഒരു വെള്ളിയും അഞ്ചു വെങ്കലവും ഇതിലുള്‍പ്പെടും.
ഇത്തവണ മല്‍സര ഇനങ്ങള്‍ വെട്ടിക്കുറച്ചതു കാരണം വലിയ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തരുതെന്ന് ഗ്ലാസ്‌ഗോ ഗെയിംസിനുള്ള സംഘത്തിന്റെ തലവനും മുന്‍ ടെന്നീസ് താരവുമായ രോഹിത് രാജ്പാല്‍ തുറന്നു പറഞ്ഞിരിക്കുകയും ചെയ്തിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

