ലോകകപ്പ്: പൊരുതി നോക്കി, അവസാനം 'ഒറ്റയടി', ഈജിപ്ത് വീണു, ഉറുഗേയ്ക്ക് വിജയത്തുടക്കം
ഏകതറീന്‍ബെര്‍ഗ്: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേയ്ക്കു വിജയത്തുടക്കം. ആഫ്രിക്കന്‍ ടീം ഈജിപ്തിനെതിരേ ഇഞ്ചോടിഞ്ച് പൊരുതിയാണ് ഉറുഗ്വേ 1-0ന്റെ ജയം പിടിച്ചെടുത്തത്. മല്‍സരം ഗോള്‍രഹിത സമനിലയാവുമെന്ന് ഏവരും ഉറപ്പിച്ചിരിക്കവെയായിരുന്നു ഉറുഗ്വേയുടെ വിജയഗോള്‍.
ഡിഫന്‍ഡര്‍ ജോസ് ജിമനെസാണ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ മല്‍സരവിധി നിര്‍ണയിച്ച വിജയഗോളിന് അവകാശിയായത്. സൂപ്പര്‍ താരം ലൂയിസ് സുവാരസ് ചില മികച്ച ഗോളവസരങ്ങള്‍ പാഴാക്കിയ കളിയില്‍ ഈജിപ്ഷ്യന്‍ ഗോളി അല്‍ ഷെനാവിയുടെ ഉജ്ജ്വല സേവുകളുമാണ് ഉറുഗ്വേയെ അവസാനം വരെഗോള്‍ നേടാനാവാതെ പിടിച്ചുനിര്‍ത്തിയത്. വിലപ്പെട്ട ഒരു പോയിന്റ് നേടാനാവുമെന്ന് ഈജിപ്ത് ഉറപ്പിച്ചിരിക്കവെയായിരുന്നു ഉറുഗ്വേയുടെ വിജയഗോള്‍. പരിക്കില്‍ നിന്നും മോചിതനാവാത്തതിനാല്‍ സൂപ്പര്‍ താരം മുഹമ്മദ് സലായില്ലാതെയാണ് ഈജിപ്ത് ഇറങ്ങിയത്.

ഉറുഗ്വേയുടെ മുന്നേറ്റം
എട്ടാം മിനിറ്റില്‍ കവാനിയിലൂടെ ഉറുഗ്വേയാണ് മല്‍സരത്തിലെ ആദ്യ ഗോള്‍ ഷോട്ട് പരീക്ഷിച്ചത്. ബോക്‌സിനു പുറത്തു വച്ച് കവാനിയുടെ താഴ്ന്ന ഷോട്ട് ഈജിപ്ഷ്യന്‍ ഗോളി എല്‍ ഷെനാവി വിഫലമാക്കി. 23ാം മിനിറ്റില്‍ സുവാരസിസൂടെ ഉറുഗ്വേ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് ബോക്‌സിനുള്ളില്‍ വച്ച് സുവാരസിന്. പക്ഷെ താരത്തിന്റെ ഷോട്ട് വലയുടെ പുറത്തു പതിക്കുകയായിരുന്നു. തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും ഉറുഗ്വേയ്ക്ക് ശക്തമായ വെല്ലുവിളിയാണ് ഈജിപ്ത് ഉയര്‍ത്തിയത്. മികച്ച ചില മുന്നേറ്റങ്ങളിലൂടെ അവര്‍ ഉറുഗ്വേയെ സമ്മര്‍ദ്ദത്തിലാക്കി.
വീണ്ടും അവസരം പാഴാക്കി സുവാരസ്
രണ്ടാംപകുതി തുടങ്ങി രണ്ടു മിനിറ്റിനുള്ളില്‍ ഉറുഗ്വയേക്കു മുന്നിലെത്താനുള്ള അവസരം. എന്നാല്‍ ഒന്നാംപകുതിയിലേതു പോലെ സൂപ്പര്‍ താരം സുവാരസ് ഈ അവസരവും നഷ്ടപ്പെടുത്തി. ഈജിപ്ത് പ്രതിരോധമതിലിനു മുകളിലൂടെ കവാനി ഫ്‌ളിക്ക് ചെയ്തു നല്‍കിയ പാസ് സ്വീകരിച്ച് സുവാരസ് ഷോട്ടുതിര്‍ത്തെങ്കിലും ഈജിപ്ഷ്യന്‍ ഗോളി എല്‍ ഷെനാവി മികച്ചൊരു സേവിലൂടെ ശ്രമം വിഫലമാക്കി.
ലീഡ് നേടാന്‍ സുവര്‍ണാവസരം
72ാം മിനിറ്റില്‍ ഈജിപ്തിന് ഗോള്‍ നേടാന്‍ ആദ്യത്തെ സുവര്‍ണാവസരം ലഭിച്ചു. ഫത്തിയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഉറുഗ്വേ ഗോളി മസ്ലേര മികച്ച സേവിലൂടെ പിടിയിലൊതുക്കി. തൊട്ടടുത്ത മിനിറ്റില്‍ ഉറുഗ്വേയുടെ കൗണ്ടര്‍ അറ്റാക്ക്. കവാനിയുടെ പാസിനൊടുവില്‍ പന്ത് സുവാരസിന്റെ കാലില്‍. ഗോളി എല്‍ ഷെനാവിയെ ഡ്രിബിള്‍ ചെയ്ത് ഷോട്ടുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഗോളി കാലിലേക്കു വീണ് പന്ത് പിടിയിലാക്കി.
നാടകീയം അവസാന മിനിറ്റുകള്‍
ഫൈനല്‍ വിസിലിന് ഏഴു മിനിറ്റുള്ളപ്പോള്‍ വീണ്ടും ഈജിപ്ഷ്യന്‍ ഗോളി എല്‍ഷെനാവിയുടെ തകര്‍പ്പന്‍ സേവ് ഉറുഗ്വേയ്ക്കു ഗോള്‍ നിഷേധിച്ചു. സുവാരസിന്റെ പാസിനൊടുവില്‍ കവാനിയുടെ തീപാറുന്ന വോളി ഗോളാവുമെന്ന് ഉറപ്പിച്ചെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന സേവിലൂടെ എല്‍ ഷെനാവി അതു കുത്തിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ ഗോള്‍ പോസ്റ്റ് ഉറുഗ്വേയെ ചതിച്ചു. കവാനിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളി എന്‍ ഷെനാവിയെ നിസ്സഹായനാക്കിയെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.
90ാം മിനിറ്റില്‍ ഉറുഗ്വേ അര്‍ഹിച്ച ലീഡ് കണ്ടെത്തി. സാഞ്ചസിന്റെ ഫ്രീകിക്ക് കരുത്തുറ്റ ഹെഡ്ഡറിലൂടെ ജിമനെസ് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഈജിപ്ത് സ്തബ്ധരായി.
2006നു ശേഷമാദ്യം
2006ലെ ലോകകപ്പിനു ശേഷം ഉറുഗ്വേയും ഈജിപ്തും ആദ്യമായി മുഖാമുഖം വന്ന മല്‍സരം കൂടിയായിരുന്നു. അന്ന് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ഉറുഗ്വേ ഈജിപ്തിനെ തകര്‍ത്തുവിട്ടിരുന്നു. ഉറുഗ്വേ തുടര്‍ച്ചയായി മൂന്നാമത്തെ ലോകകപ്പിലാണ് ഇറങ്ങിയതെങ്കില്‍ 1990നു ശേഷം ഈജിപ്തിന്റെ ആദ്യ ടൂര്‍ണമെന്റാണിത്. 1990 ജൂണ്‍ 21നാണ് ഈജിപ്ത് അവസാനമായി ലോകകപ്പില്‍ പന്തു തട്ടിയത്.
മല്‍സരത്തിലെ പ്ലെയിങ് ഇലവന്‍
ഉറുഗ്വേ- ഫെര്‍ണാണ്ടോ മസ്ലേര, ഗ്വിലെര്‍മോ വറേല, ജോസ് ജിമനെസ്, ഡീഗോ ഗോഡിന്‍, മാര്‍ട്ടിന്‍ കസേറസ്, നെഹിറ്റന്‍ നാന്‍ഡെസ്, റോഡ്രിഗോ ബെന്റാക്വര്‍, മത്യാസ് വെസിനോ, ജോര്‍ജിയന്‍ ഡി അറാസ്‌കെറ്റ, എഡിന്‍സന്‍ കവാനി, ലൂയിസ് സുവാരസ്.
ഈജിപ്ത്- മുഹമ്മദ് എല്‍ ഷെനാവി, അഹമ്മദ് ഫത്തി, അഹമ്മദ് ഹെഗാസി, അലി ഗബര്‍, മുഹമ്മദ് ഷഫി, മുഹമ്മദ് എല്‍നെനി, താരെഖ് അഹമ്മദ്, അമര്‍ വര്‍ദ, അബ്ദുള്ള അല്‍ സയ്ദ്, ട്രെസഗെ, മര്‍വന്‍ മൊഹ്‌സെന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications