തോല്‍വി തളര്‍ത്തും!! കരകയറാന്‍ ദിവസങ്ങള്‍... അപ്പോള്‍ മകന്‍റെ പ്രതികരണം, മനസ്സ് തുറന്ന് മെസ്സി

മാഡ്രിഡ്: അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയെ ഇനിയെന്ന് കാണാനാവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. റഷ്യന്‍ ലോകകപ്പിനു ശേഷം ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അദ്ദേഹം. അടുത്തിടെ അമേരിക്കയില്‍ നടന്ന അര്‍ജന്റീനയുടെ രണ്ടു സൗഹൃദ മല്‍സരങ്ങളിലും മെസ്സി കളിച്ചിരുന്നില്ല.
ലോകകപ്പില്‍ ഫ്രാന്‍സിനോട് പ്രീക്വാര്‍ട്ടറില്‍ തോറ്റാണ് അര്‍ജന്റീന പുറത്തായത്. പിന്നീട് ടീമില്‍ നിന്നും പിന്‍മാറിയ മെസ്സി വൈകാതെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പുതിയ കോച്ച് ലയണല്‍ സ്‌കലോനിയും മറ്റു ടീമംഗങ്ങളും. തോല്‍വികള്‍ മെസ്സിയെ പലപ്പോഴും അലട്ടിയിട്ടുണ്ട്. കോപ്പാ അമേരിക്കയുടെ ഫൈനലില്‍ ടീം പരാജയപ്പെട്ട ശേഷം അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് മെസ്സി തീരുമാനം പിന്‍വലിച്ച്തി രിച്ചുവരികയായിരുന്നു.

മകനും ഫുട്‌ബോളില്‍ കമ്പം
അഞ്ചു വയസ്സുകാരനായ മകന്‍ തിയാഗോയും തന്റെ പാതയിലാണെന്ന് മെസ്സി പറഞ്ഞു. ഒരു പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മകനെക്കുറിച്ച് അദ്ദേഹം വാചാലനായത്.
തിയാഗോ ഇപ്പോള്‍ തന്നെ ഫുട്‌ബോളില്‍ അതിയായ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പരാജയത്തെ എങ്ങനെ നേരിടുമെന്നതുള്‍പ്പെടെ പലതിനെക്കുറിച്ചും അവന്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

തോല്‍വികള്‍ കഠിനം
ടീമിന്റെ തോല്‍വികള്‍ തന്നെ ഏറെ അലട്ടാറുണ്ടെന്ന് മെസ്സി വെളിപ്പെടുത്തി. തിയാഗോയുടെ ജനനത്തിനു ശേഷം തോല്‍വിയെ വ്യത്യസ്തമായ രീതിയില്‍ നേരിടാനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷെ ഫലമുണ്ടായില്ല. തോല്‍വി ദിവസങ്ങളോളം തന്നെ വേട്ടയാടും. അതില്‍ നിന്നും മുക്തനായി പഴയ സ്ഥിതിയിലേക്കു തിരിച്ചെത്താന്‍ കുറച്ചു ദിവസം വേണമെന്നും സൂപ്പര്‍ താരം പറഞ്ഞു.

തിയാഗോയ്ക്ക് എല്ലാമറിയാം
തോല്‍വികള്‍ തന്നെ ഏതു തരത്തില്‍ ബാധിക്കുന്നുണ്ടെന്ന് തിയാഗോയ്ക്ക് ഇപ്പോള്‍ നന്നായി അറിയാം. അഞ്ചു വയസ്സ് മാത്രമേയുള്ളൂവെങ്കിലും അവന്‍ എല്ലാം മനസ്സിലാക്കിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ തോല്‍വിയെക്കുറിച്ച് അറിഞ്ഞാലും അവന്‍ മൗനം പാലിക്കും. തന്നോട് അതേക്കുറിച്ച് ഒന്നും ചോദിക്കാറില്ല. നമ്മള്‍ അതിനെക്കുറിച്ചല്ല പറയുന്നതെന്നായിരിക്കും ഇടയ്ക്ക് തിയാഗോയുടെ പ്രതികരണമെന്നും മെസ്സി വിശദമാക്കി.

വിരമിച്ചാല്‍ എന്താവും?
ഫുട്‌ബോളില്‍ നിന്നും വിരമിച്ചാല്‍ എന്താവുമെന്ന് തനിക്കറിയില്ലെന്നു മെസ്സി പറഞ്ഞു. ഉചിതമായ സമയം വന്നാല്‍ കളി മതിയാക്കുക തന്നെ ചെയ്യും. ഇടയ്ക്കു സമപ്രായക്കാരായ ടീമംഗങ്ങളുമായി വിരമിക്കലിനെക്കുറിച്ചും പിന്നീടുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം താന്‍ സംസാരിക്കാറുണ്ടെന്നു 31 കാരനായ മെസ്സി വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications