എട്ടാം കിരീടത്തില്‍ കണ്ണുവച്ച് ഇന്ത്യ
ദക്ഷിണ ഏഷ്യയിലെ ഫുട്ബോള്‍ റാങ്കിങില്‍ മുന്നിലുള്ള ടീമുകളാണ് ഇന്ത്യയും മാലദ്വീപും. നിലവിലെ ജേതാക്കളായ ഇന്ത്യയുടെ ലക്ഷ്യം ടൂര്‍ണമെന്റിലെ എട്ടാം കിരീടമാണ്.
2015ല്‍ ആതിഥേയരായ ഇന്ത്യ അഫ്ഗാനിസ്താനെ തോല്‍പ്പിച്ചാണ് ഏഴാം കിരീടത്തില്‍ മുത്തമിട്ടത്. നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടീയ ടീമെന്ന റെക്കോഡ് ഇന്ത്യയുടെ പേരിലാണ്.
കിരീടവേട്ടയില്‍ മറ്റു എതിരാളികളെല്ലാം ഇന്ത്യയേക്കാള്‍ ബഹുദൂരം പിന്നിലാണ്. മാലദ്വീപ്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെല്ലാം ഓരോ തവണ മാത്രമാണ് ജേതാക്കളാവാന്‍ സാധിച്ചിട്ടുള്ളത്. 1993, 1997, 1999, 2005, 2009, 2011, 2015 വര്‍ഷങ്ങളിലായിരുന്നു ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കിരീട നേട്ടങ്ങള്‍.
ഇന്ത്യയും മാലദ്വീപും ഫൈനലില്‍ നേര്‍ക്കുനേര്‍വന്നപ്പോള്‍
സാഫ് കപ്പ് കിരീടപ്പോരാട്ടത്തില്‍ ഇത് നാലാം തവണയാണ് ഇന്ത്യയും മാലദ്വീപും നേര്‍ക്കുനേര്‍ വരുന്നത്. കലാശക്കളിയില്‍ ഇരു ടീമും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തപ്പോള്‍ ഇന്ത്യ രണ്ട് തവണയും മാലദ്വീപ് ഒരു തവണയും ജേതാക്കളായിരുന്നു.
1997ലെ ഫൈനലില്‍ ഇന്ത്യ 5-1ന് മാലദ്വീപിനെ തരിപ്പണമാക്കിയപ്പോള്‍ 2008ല്‍ മാലദ്വീപ് പകരംവീട്ടി. എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യയെ വീഴ്ത്തി സാഫ് കപ്പ് ചരിത്രത്തില്‍ മാലദ്വീപ് ഏക കിരീടം സ്വന്തമാക്കി. എന്നാല്‍, 2009ല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യക്കു മുന്നില്‍ മാലദ്വീപ് വീണ്ടും കിരീടം അടിയറവ് വച്ചു.
സാഫ് കപ്പില്‍ ഇന്ത്യയുടെ 11ാം കിരീടപ്പോരാട്ടവും മാലദ്വീപിന്റെ അഞ്ചാം ഫൈനലുമാണിത്.
ഫൈനലിലേക്കുള്ള നാള്‍വഴി
ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലാണ് ഇരു ടീമും ഇടംപിടിച്ചിരുന്നത്. ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെ 0-2ന് തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ മാലദ്വീപിനെയും ഇതേ സ്കോറിന് പരാജയപ്പെടുത്തി.
ശ്രീലങ്കയോട് 0-0ന് സമനില വഴങ്ങിയ മാലദ്വീപ് ടോസ് ഭാഗ്യത്തിലേറിയാണ് സെമിഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സെമിഫൈനലില്‍ മാലദ്വീപ് 3-0ന് നേപ്പാളിനെ തോല്‍പ്പിച്ചപ്പോള്‍ ചിരവൈരികളായ പാകിസ്താനെ 1-3ന് തകര്‍ത്തായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
മൂന്ന് ഗോളുമായി ഇന്ത്യയുടെ മന്‍വീര്‍ സിങാണ് ടൂര്‍ണമെന്റിന്റെ ഗോള്‍വേട്ടയില്‍ തലപ്പത്ത്. മലയാളി താരം ആഷിഖ് കുരൂണിയന്‍ ഒരു തവണ ലക്ഷ്യം കണ്ടിട്ടുണ്ട്.