
ബ്യൂണസ് ഐറിസ്: റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയാണെന്ന സൂചന നല്‍കി അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി. റഷ്യയില്‍ ടീം എങ്ങിനെ പ്രകടനം നടത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും തന്റെ വിരമിക്കല്‍ പ്രഖ്യാപനമെന്ന് മെസ്സി പറഞ്ഞു.

2005 മുതല്‍ അര്‍ജന്റീനയുടെ അവിഭാജ്യ ഘടകമായ മെസ്സി 2016ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ചിലിക്കെതിരായ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തോറ്റതോടെയാണ് മെസ്സി ബൂട്ടഴിക്കാന്‍ തീരുമാനിച്ചത്. പിന്നീട് ആരാധകരുടെയും രാജ്യത്തിന്റെയും അഭ്യര്‍ഥന മാനിച്ച് തീരുമാനം മാറ്റുകയായിരുന്നു.
മുപ്പതുകാരനായ മെസ്സിയുടെ ഒടുവിലത്തെ ലോകകപ്പ് ആയിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പാണ്. ശരാശരി ടീമുമായി റഷ്യയിലെത്തുന്ന അര്‍ജന്റീനയ്ക്ക് മുന്നേറാന്‍ കഴിയുന്ന കാര്യത്തിലും മെസ്സി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തന്നെമാത്രം ആശ്രയിച്ച് കളിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യുന്നില്ലെന്ന നിലപാടുകാരനാണ് ബാഴ്‌സ താരം.
ലോകകപ്പില്‍ എങ്ങിനെ കളിക്കുന്നു എന്നതും എങ്ങിനെ അവസാനിപ്പിക്കുന്നു എന്നതും നിര്‍ണായകമാരിക്കുമെന്ന് മെസ്സി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഏതു രാജ്യവും ആഗ്രഹിക്കുന്ന തരത്തില്‍ ടീമില്‍ മികച്ച കളിക്കാരുണ്ട്. മൂന്നു ടൂര്‍ണമെന്റുകളില്‍ തുടരെ ഫൈനലിലെത്തി. ഫൈനലിലെത്തുക നിസ്സാര കാര്യമല്ല. റഷ്യയില്‍ നിലവാരമുള്ള കളി കാഴ്ചവെക്കാനാകുമെന്നും മെസ്സി പറയുന്നു. 2014 ലോകകപ്പിലും പിന്നീട് നടന്ന രണ്ട് കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളിലും മെസ്സിയുടെ മികവിലാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. മൂന്നു ഫൈനലിലും തോറ്റതോടെ മെസ്സി കടുത്ത നിരാശയിലായിരുന്നു. ലോകകപ്പ് നേടാനാകാത്ത ഇതിഹാസ താരങ്ങളുടെ പട്ടികയിലായിരിക്കുമോ മെസ്സിയുടെ സ്ഥാനവുമെന്ന് റഷ്യ ഉത്തരം നല്‍കും.