Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: നാടകീയം ബ്ലാസ്‌റ്റേഴ്‌സ്, 0-2ന് പിന്നില്‍ നിന്ന ശേഷം സമനില പിടിച്ചുവാങ്ങി മഞ്ഞപ്പട

1
2026462

കൊച്ചി: ഐഎസ്എല്ലില്‍ സീസണിലെ മറ്റൊരു തോല്‍വിയുടെ വക്കില്‍ നിന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന് നാടകീയ സമനില. ജംഷഡ്പൂര്‍ എഫ്‌സിക്കെതിരേ സ്വന്തം കാണികള്‍ക്കു മുന്നില്‍ 71 മിനിറ്റ് വരെ 0-2ന് പിറകിലായിരുന്ന മഞ്ഞപ്പട അവസാന 25 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് അപ്രതീക്ഷിത സമനിലയും വിലപ്പെട്ട ഒരു പോയിന്റും പിടിച്ചുവാങ്ങുകയായിരുന്നു. ഇരട്ടഗോളുകള്‍ നേടിയ റാഫേല്‍ മെസ്സിബൗളിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോയായി മാറിയത്. 75, 87 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. അതേസമയം, പിറ്റി (38), മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത് (71) എന്നിവര്‍ ജംഷഡ്പൂരിനായി സ്‌കോര്‍ ചെയ്തു.

isl

സീസണിലെ തുടര്‍ച്ചയായ ഏഴാമത്തെ കളിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ജയം നേടാന്‍ കഴിയാതെ പോയത്. ആദ്യ കളിയില്‍ എടിക്കെയെ തോല്‍പ്പിച്ച ശേഷം ജയം ബ്ലാസ്റ്റേഴ്‌സിനൊപ്പം നിന്നിട്ടില്ല. പിന്നീട് കളിച്ച ഏഴു കളികളില്‍ നാലു സമനിലയും മൂന്നു തോല്‍വികളുമാണ് മഞ്ഞപ്പടയുടെ അക്കൗണ്ടിലുള്ളത്.

കളിയുടെ ആദ്യ പകുതി വിരസമായി മാറിയപ്പോള്‍ രണ്ടാം പകുതി കാണികളെ ശരിക്കും ത്രില്ലടിപ്പിക്കുക തന്നെ ചെയ്തു. ടീം 0-2ന്റെ തോല്‍വി വഴങ്ങുമെന്ന് ആരാധകര്‍ ആശങ്കയില്‍ നില്‍ക്കെയായിരുന്നു രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്‌സ് അവിസ്മരണീയ സമനില പിടിച്ചുവാങ്ങിയത്.

ആദ്യ ഗോള്‍ശ്രമം

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സാണ് കളിയിലെ ആദ്യത്തെ ഗോള്‍ നീക്കം നടത്തിയത്. സെയ്ത്യാസെന്നായിരുന്നു ഗോളവസരം സൃഷ്ടിച്ചെടുത്തത്. ഇടതു വിങില്‍ നിന്നും ജംഷഡ്പൂര്‍ താരത്തെ വെട്ടിയൊഴിഞ്ഞ് സെയ്ത്യാസെന്‍ ബോക്‌സിനകത്തേക്കു നല്‍കിയ ക്രോസില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആര്‍ക്വസ് ഹെഡ്ഡര്‍ തൊടുത്തെങ്കിലും ശക്തി കുറഞ്ഞ ഹെഡ്ഡര്‍ ഗോളി കൈയ്ക്കുള്ളിലാക്കി.

മെസ്സിയുടെ ഷോട്ട്
അഞ്ചു മിനിറ്റിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു ഗോള്‍ ശ്രമം. ബോക്‌സിനു പുറത്തു നിന്നു ടാക്ലിങിനൊടുവില്‍ ജീക്‌സണ്‍ പന്ത് തട്ടിയെടുത്തു മെസ്സിബൗളിക്കു നീട്ടി നല്‍കി. പന്തുമായി ബോക്‌സിനുള്ളിലേക്കു ഓടിക്കയറിയ മെസ്സി പാര്‍ശ്വത്തില്‍ നിന്നും ദുഷ്‌കരമായ ആംഗിളില്‍ വച്ച് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളിക്കും ക്രോസ് ബാറിനു മുകളിലൂടെ മിന്നല്‍ വേഗത്തില്‍ പുറത്തേക്കു പറന്നു.

ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടു
23ാം മിനിറ്റില്‍ ലീഡ് വഴങ്ങുന്നതില്‍ നിന്നും കഷ്ടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടത്. ത്രൂബോളിനൊടുവില്‍ ഇടതു വിങിലൂടെ പന്തുമായി കുതിച്ചെത്തിയ നരേന്ദര്‍ ഗെലോട്ട് ബോക്‌സിനു കുറുകെ ചെത്തിയിട്ട മനോഹരമായ ക്രോസ് കണക്ട് ചെയ്യാന്‍ ഫാറൂഖ് ചൗധരി മുന്നോട്ട് സ്ലൈഡ് ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇത് ഫാറൂഖിന്റെ ശരീരത്തില്‍ തട്ടിയിരുന്നെങ്കില്‍ തീര്‍ച്ചയായും ജംഷഡ്പൂരിന്റെ അക്കകൗണ്ടില്‍ ഒരു ഗോള്‍ ഉണ്ടാവുമായിരുന്നു.

അനാവശ്യ പെനല്‍റ്റി
38ാം മിനിറ്റില്‍ തികച്ചും അനാവശ്യമായി വഴങ്ങിയ കോര്‍ണറും തുടര്‍ന്നുണ്ടായ ഫൗളും ബ്ലാസ്റ്റേഴ്‌സിനെതിരേ ജംഷഡ്പൂരിന് ലീഡ് സമ്മാനിച്ചു. കോര്‍ണറിനിടെ ജംഷഡ്പൂര്‍ താരം ടിരിയെ ബ്ലാസ്റ്റേഴ്‌സിന്റെ ഡ്രൊബാറോവ് ബോക്‌സിനുള്ളില്‍ പിടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ബ്ലാസ്റ്റേഴ്‌സ് ഗോളി ടിപി രഹനേഷിനെ നോക്കുകുത്തിയാക്കി പിറ്റി വലയ്ക്കുള്ളിലാക്കുകയും ചെയ്തു.

അവസരം തുലച്ച് സിഡോ
രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ മെച്ചപ്പെട്ട കളിയാണ് പുറത്തെടുത്തത്. 50ാം മിനിറ്റില്‍ സിഡോഞ്ചയ്ക്കു ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. ഹാളിചരണ്‍ നര്‍സറെ ബോക്‌സിനുള്ളിലേക്കു നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ജംഷഡ്പൂരിന് പിഴച്ചപ്പോള്‍ പന്ത് ലഭിച്ചത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സിഡോയ്ക്ക്. വലയിലേക്ക് ഷോട്ടുതിര്‍ക്കാന്‍ ഏറെ സമയം താരത്തിനു ലഭിച്ചെങ്കിലും ദുര്‍ബലമായ ഗ്രൗണ്ട് ഷോട്ട് പോസ്റ്റിന് അരികിലൂടെ പുറത്തുപോയി.

വിനീതിലൂടെ ലീഡ്
പകരക്കാരനായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ ഹീറോ വിനിതിലൂടെ 71ാം മിനിറ്റില്‍ ജംഷഡ്പൂര്‍ ലീഡുയര്‍ത്തി. ഫാറൂഖ് ചൗധരി നല്‍കിയ പാസുമായി ഇടതുവിങിലൂടെ ബോക്‌സിലേക്കു കയറിയ വിനീത് തകര്‍പ്പനൊരു ഇടം കാല്‍ ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു. എന്നാല്‍ ഗോള്‍ ആഘോഷിക്കാതിരുന്ന വിനീത് ആരാധകരോട് കൈകൂപ്പി മാപ്പു ചോദിക്കുകയും ചെയ്തു.

മെസ്സിയിലൂടെ തിരിച്ചുവരവ്
പിന്നീടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അവിശ്വസനീയ തിരിച്ചുവരവ് കണ്ടത്. 75ാം മിനിറ്റില്‍ മെസ്സിയിലൂടെ മഞ്ഞപ്പട ആദ്യ ഗോള്‍ മടക്കി. പകരക്കാരനായി ഇറങ്ങിയ മലയാളി താരം സഹലായിരുന്നു ഗോളിനു പിന്നില്‍. സഹല്‍ തൊടുത്ത തകര്‍പ്പനൊരു ക്രോസ് ഇടതു പോസ്റ്റിന് മൂലയില്‍ വച്ച് രണ്ടു ജംഷഡ്പൂര്‍ താരങ്ങള്‍ക്കു മുകളിലൂടെ ചാടിയുയര്‍ന്ന് മിന്നുന്ന ഹെഡ്ഡറിലൂടെ മെസ്സി ലക്ഷ്യം കാണുകയായിരുന്നു.

സമനില ഗോള്‍
87ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനിലയും നേടി. പന്തുമായി മിന്നല്‍ വേഗത്തില്‍ ബോക്‌സിനകത്തേക്കു ഓടിക്കയറിയ സെയ്ത്യാ സിങിനെ ജംഷഡ്പൂരിന്റെ ഗുരുങ് ഫൗള്‍ ചെയ്തിടുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി തകര്‍പ്പനൊരു ഷോട്ടിലൂടെ മെസ്സി വലയിലേക്ക് അടിച്ചുകയറ്റുകയും ചെയ്തു.

Story first published: Friday, December 13, 2019, 22:17 [IST]
Other articles published on Dec 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+