ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സി തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറി. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും അരങ്ങേറ്റക്കാരായ ഹൈദരാബാദ് എഫ്‌സിയെ ജംഷഡ്പൂര്‍ കെട്ടുകെട്ടിക്കുകയായിരുന്നു. 3-1നാണ് ജംഷഡ്പൂരിന്റെ വിജയം. ആദ്യ കളിയില്‍ മറ്റൊരു അരങ്ങേറ്റക്കാരായ ഒഡീഷ എഫ്‌സിയെ ജംഷഡ്പൂര്‍ 2-1ന് മറികടന്നിരുന്നു.

ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമാണ് ഹൈദരാബാദ് ഏറ്റുവാങ്ങിയത്. ആദ്യ കളിയില്‍ എടിക്കെയോട് അവര്‍ 0-5ന് തകര്‍ന്നടിഞ്ഞിരുന്നു. ഫാറൂഖ് ചൗധരി (34ാം മിനിറ്റ്), അനികേത് ജാദവ് (62), സെര്‍ജിയോ കാസ്‌റ്റെല്‍ (750 എന്നിവരാണ് ജംഷഡ്പൂരിന്റെ സ്‌കോറര്‍മാര്‍. ഹൈദരാബാദിന്റെ ആശ്വാസ ഗോള്‍ ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ സൂപ്പര്‍ താരം മാര്‍സെലീഞ്ഞോയുടെ വകയായിരുന്നു.
കളിയിലുടനീളം ജംഷ്പൂരിനായിരുന്നു ആധിപത്യം. കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടുകയെന്ന തന്ത്രമാണ് ഹൈദരാബാദ് പരീക്ഷിച്ചത്. ഒഡീഷയെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലിറങ്ങിയ ജംഷഡ്പൂര്‍ തുടക്കം മുതല്‍ അറ്റാക്കിങ് ഫുട്‌ബോളിലൂടെ ഹൈദരാബാദിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ജംഷഡ്പൂരിന് ആദ്യ അവസരം
ആതിഥേയരായ ജംഷഡ്പൂരിനാണ് കളിയിലെ ആദ്യ ഗോളവസരം ലഭിക്കുന്നത്. എട്ടാം മിനിറ്റിലായിരുന്നു ഇത്. ഐസക്കിന്റെ കരുത്തുറ്റ ലോങ്‌റേഞ്ചര്‍ ഹൈദരാബാദ് ഗോളി കമല്‍ജിത്തിന് പിടിയിലൊതുക്കാനായില്ല. കൈകളില്‍ തട്ടിത്തെറിച്ച പന്ത് ജംഷ്പൂര്‍ താരം ഫാറൂഖിന്റെ അടുത്തു വീണെങ്കിലും ഷോട്ട് തൊടുക്കാനായില്ല.
രണ്ട് അവസരങ്ങള്‍
17, 20 മിനിറ്റുകളില്‍ തുടര്‍ച്ചയായി രണ്ടു തവണ ജംഷഡ്പൂര്‍ ഹൈദരാബാദിന്റെ ഗോള്‍മുഖം വിറപ്പിച്ചു. 17ാം മിനിറ്റില്‍ പിറ്റിയുടെ ഫ്രീകിക്കിനൊടുവില്‍ മെമോ ഹെഡ്ഡറിലൂടെ മറിച്ചു നല്‍കിയ പന്ത് ബോക്‌സിനുള്ളില്‍ നിന്ന ഫാറൂഖിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.
മൂന്നു മിനിറ്റിനകം കമല്‍ജിത്തിന്റെ മികച്ചൊരു സേവ് ഹൈദരാബാദിനെ രക്ഷിച്ചു. ഇടതു വിങിലൂടെ പറന്നെത്തി കാസ്‌റ്റെല്‍ നല്‍കിയ ക്രോസില്‍ പിറ്റിയുടെ ഷോട്ട് കമല്‍ജിത്ത് ബ്ലോക്ക് ചെയ്യുകയായിരുന്നു.
ജംഷഡ്പൂരിന് ലീഡ്
34ാം മിനിറ്റില്‍ ഫാറൂഖ് ചൗധരിയിലൂടെ ജംഷഡ്പൂര്‍ അര്‍ഹിച്ച ലീഡ് സ്വന്തമാക്കി. പിറ്റിക്കു കൂടി അവകാശപ്പെട്ടതാണ് ഈ ഗോള്‍. ഹൈദരാബാദ് പ്രതിരോധത്തെ കീറിമുറിറിച്ച് ബോക്‌സിലേക്കു കുതിച്ചു കയറി പിറ്റി തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് കമല്‍ജിത്ത് ബ്ലോക്ക് ചെയ്‌തെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ഫാറൂഖ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയൂടെ മേല്‍ക്കൂരയിലേക്കു അടിച്ചുകയറ്റി.
മാര്‍സെലീഞ്ഞോയിലൂടെ ഒപ്പം
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സൂപ്പര്‍ താരം മാര്‍സെലീഞ്ഞോയുടെ ഗോളില്‍ ഹൈദരാബാദ് സമനില പിടിച്ചുവാങ്ങി. ഐഎസ്എല്ലില്‍ ഈ സീസണിലെ അരങ്ങേറ്റക്കാരായ ഹൈദരാബാദിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്.
രോഹിത് കുമാറിന്റെ ലോങ് പാസുമായി വലതു വിങിലൂടെ ബോക്‌സിലേക്കു പറന്നെത്തിയ മാര്‍സെലീഞ്ഞോ ജംഷഡ്പൂര്‍ താരം കീഗനെ കബളിപ്പിച്ച് വലയിലേക്കു തൊടുത്തപ്പോള്‍ ഗോളി സുബ്രതയ്ക്കു ഒന്നും ചെയ്യാനായില്ല.
ലീഡ് തിരിച്ചുപിടിച്ച് ജംഷഡ്പൂര്‍
62ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അനികേത് ജാദവിലൂടെ ജംഷഡ്പൂര്‍ ലീഡ് തിരിച്ചുപിടിച്ചു. ആദ്യ ഗോള്‍ സ്‌കോററായ ഫാറൂഖ് ചൗധരിയായിരുന്നു ഈ ഗോളിനു വഴിയൊരുക്കിയത്. ഇടതു വിങിലൂടെ മിന്നല്‍ വേഗത്തില്‍ പറന്നെത്തി ഫാറൂഖ് ബോക്‌സിനുള്ളിലേക്കു നല്‍കിയ കട്ട് പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അനികേത് തകര്‍പ്പനൊരു ഇടം കാല്‍ ഷോട്ടിലൂടെ വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റി.
ജംഷഡ്പൂരിന്റെ മൂന്നാം ഗോള്‍
75ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ വിജയമുറപ്പിച്ച് സെര്‍ജിയോ കാസ്‌റ്റെല്‍ ടീമിന്റെ മൂന്നാം ഗോള്‍ നിക്ഷേപിച്ചു. രണ്ടാം ഗോളുമായി സാമ്യമുള്ളതായിരുന്നു ഈ ഗോളും. മെമോയുടെ ലോങ് പാസ് ബോക്‌സിന് തൊട്ടരികില്‍ വച്ച് പിടിച്ചെടുത്ത കാസ്റ്റെല്‍ ഹൈദരാബാദിന്റെ രണ്ടു താരങ്ങളെയും ഗോളി കമല്‍ജിത്തിനെയും വെട്ടിയൊഴിഞ്ഞ് ഷോട്ടുതിര്‍ക്കുകയായിരുന്നു.