
വാസ്‌കോ: ഐഎസ്എല്ലിലെ ടോപ്പ് ഫൈവിലെ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കു തകര്‍പ്പന്‍ ജയം. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒഡീഷ എഫ്‌സിയെയാണ് എതിരില്ലാത്ത നാലു ഗോളുകള്‍ക്കു ജംഷഡ്പൂര്‍ കെട്ടുകെട്ടിച്ചത്. ആദ്യ പകുതിയില്‍ തന്നെ നാലു ഗോളുകളും നേടി ജംഷഡ്പൂര്‍ വിജയമുറപ്പാക്കിയിരുന്നു. ഗ്രെഗ് സ്റ്റുവേര്‍ട്ടിന്റെ ഹാട്രിക്കാണ് ടീമിനു മിന്നുന്ന വിജയം നേടിക്കൊടുത്തത്. 4,21, 35 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക്ക് നേട്ടം. ഈ സീസണിലെ ഐഎസ്എല്ലിലെ ആദ്യത്തെ ഹാട്രിക്ക് കൂടിയാണ് സ്റ്റുവേര്‍ട്ട് നേടിയത്. മറ്റൊരു ഗോള്‍ മൂന്നാം മിനിറ്റില്‍ പീറ്റര്‍ ഹാര്‍ട്ട്‌ലെയുടെ വകയായിരുന്നു. ഈ വിജയത്തോടെ 11 പോയിന്റോടെ ജംഷഡ്പൂര്‍ ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.
മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ജംഷഡ്പൂര്‍ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. മൂന്നാം മിനിറ്റില്‍ തന്നെ ജംഷഡ്പൂര്‍ കളിയില്‍ മുന്നിലെത്തി. സെറ്റ് പീസില്‍ നിന്നായിരുന്നു ഈ ഗോള്‍. കോര്‍ണറായിരുന്നു ഗോളിനു വഴിയൊരുക്കിയത്. വലതു മൂലയില്‍ നിന്നുള്ള ഗ്രെഗ് സ്റ്റുവേര്‍ട്ടിന്റെ കോര്‍ണര്‍ കിക്ക് ഹാര്‍ട്ട്‌ലേയുടെ തലയ്ക്കു കൃത്യമായിരുന്നു. ഉയര്‍ന്നു ചാടിയ ഹാര്‍ട്ട്‌ലേ ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങിന് ഒരു പഴുതും നല്‍കാതെ പന്ത് വലയ്ക്കുള്ളിലാക്കി.

ഈ ഗോളിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് വീണ്ടും ഒഡീഷയുടെ വല കുലുങ്ങി. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ സ്റ്റുവേര്‍ട്ടിന്റെ ടീമിന്റെ ലീഡ രണ്ടാക്കി ഉയര്‍ത്തു. ഒഡീഷയ്ക്കു സംഭവിച്ച ഒരു പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. ബോക്‌സിനു പുറത്തു നിന്നും ഒഡീഷയുടെ ദുര്‍ബലമായ ബാക്ക് പാസ് പിടിച്ചെടുത്ത സ്റ്റുവേര്‍ട്ട് തൊട്ടുമുന്നിലുണ്ടായിരുന്ന ഡിഫന്‍ഡറെ വെട്ടിയൊഴിഞ്ഞ് തൊടുത്ത തകര്‍പ്പനടി വലയുടെ വലതു മൂലയില്‍ കയറുമ്പോള്‍ ഗോള്‍കീപ്പര്‍ കമല്‍ജിത്തിന് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
രണ്ടു ഗോളുകളുടെ ലീഡ് നേടിയിട്ടും ജംഷഡ്പൂര്‍ വെറുതെയിരുന്നില്ല. മൂന്നാം ഗോളിനായി അവര്‍ അറ്റാക്ക് ചെയ്തു തന്നെ കളിച്ചു. 21ാം മിനിറ്റില്‍ ഒഡീഷയുടെ തിരിച്ചുവരവ് സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാക്കി ജംഷഡ്പൂര്‍ മൂന്നാം ഗോളും കണ്ടെത്തി. ഇത്തവണയും സെറ്റ് പീസ് ജംഷഡ്പൂര്‍ മുതലെടുക്കുകയായിരുന്നു. ബോക്‌സിനു പുറത്തു നിന്നും സ്റ്റുവേര്‍ട്ട് തൊടുത്ത ഇടംകാല്‍ കര്‍ലിങ് ഷോട്ട് വലയില്‍ തുളഞ്ഞു കയറുകയായിരുന്നു. ഇത്തവണയും ഗോള്‍കീപ്പര്‍ കമല്‍ജിത്ത് നിസ്സഹായനായിരുന്നു.

25ാം മിനിറ്റില്‍ ഒഡീഷയ്ക്കു ഗോളവസരം ലഭിച്ചു. ബോക്‌സിനു പുറത്തു നിന്നും ജൊനാതാസ് ക്രിസ്റ്റ്യന്‍ ലോങ് റേഞ്ചര്‍ പരീക്ഷിക്കുകയായിരുന്നു. പക്ഷെ പന്ത് ഗോള്‍കീപ്പര്‍ ടിപി രഹനേഷിന്റെ കൈകളിലൊതുങ്ങി. ഒഡീഷ ചില നീക്കങ്ങള്‍ തുടര്‍ന്നു നടത്തിയെങ്കിലും അവയൊന്നും ജംഷഡ്പൂരിന് വെല്ലുവിളി സൃഷ്ടിക്കുന്നതായിരുന്നില്ല. 35ാം മിനിറ്റില്‍ സ്റ്റുവേര്‍ട്ട് തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. വലതു വിങിലൂടെ സ്റ്റുവേര്‍ട്ടായിരുന്നു ഈ മുന്നേറ്റത്തിനു തുടക്കമിട്ടത്. മധ്യത്തിലൂടെ നെറിയത് വാല്‍സ്‌കിസും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. സ്റ്റുവേര്‍ട്ടിനെ തടയാന്‍ ആരുമുണ്ടായിരുന്നില്ല. ബോക്‌സിലേക്കു കയറിയ ശേഷം സ്റ്റുവേര്‍ട്ട് തൊടുത്ത വലം കാല്‍ ഗ്രൗണ്ട് ഷോട്ട് ഗോളിയെ കബളിപ്പിച്ച് വലയുടെ ഇടതുമൂലയില്‍ കയറുകയായിരുന്നു.