
തിംഫു (ഭൂട്ടാന്‍): ഇന്ത്യന്‍ ഫുട്‌ബോളിന് ഇതു ബെസ്റ്റ് ടൈമാണ്. നേരത്തേ അണ്ടര്‍ 20, 16 ടീമുകള്‍ നേട്ടങ്ങള്‍ കൊയ്തതിന് പിന്നാലെ അണ്ടര്‍ 15 പെണ്‍കുട്ടികളുടെ ടീമും മിന്നും പ്രകടനം നടത്തി. സാഫ് ചാംപ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ പെണ്‍പട കിരീടമണിഞ്ഞത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ ബംഗ്ലാദേശിനെയാണ് ഫൈനലില്‍ ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയത്. കഴിഞ്ഞ ടൂര്‍ണമെന്റിന്റെ കലാശക്കളിയില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വിക്ക് ഇന്ത്യ ഇത്തവണ പകരം ചോദിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ നാലു മല്‍സരങ്ങളില്‍ നിന്നു മാത്രം 16 ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. വഴങ്ങിയതാവട്ടെ ഒരു ഗോളും.
ആവേശകരമായ ഫൈനലില്‍ രണ്ടാംപകുതിയിലാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ വിജയഗോള്‍ പിറന്നത്. 67ാം മിനിറ്റില്‍ സുനിത മുണ്ടയുടെ വകയായിരുന്നു ഇന്ത്യയുടെ വിജയഗോള്‍. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മല്‍സരത്തില്‍ ഇരുടീമും കാഴ്ചവച്ചത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ഓരോ ഗോള്‍ ശ്രമങ്ങള്‍ ക്രോസ്ബാറില്‍ തട്ടി വിഫലമാവുകയും ചെയ്തിരുന്നു.
കളിയുടെ ആദ്യ മിനിറ്റ് മുതല്‍ അറ്റാക്കിങ് ഫുട്‌ബോളാണ് ഇന്ത്യ കാഴ്ചവച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ ഇന്ത്യ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. എന്നാല്‍ അവിക സിങിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. റീബൗണ്ട് ചെയ്ത പന്തില്‍ ഷില്‍കി ദേവി ഹെഡ്ഡര്‍ പരീക്ഷിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.