എട്ടു വര്‍ഷം വലിയ കാത്തിരിപ്പ് തന്നെ... ഏഷ്യന്‍ കപ്പില്‍ ഇന്ത്യ തിളങ്ങുമെന്ന് ഛേത്രി

ബെംഗളൂരു: എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കൊപ്പം കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നു ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി പറഞ്ഞു. അടുത്ത വര്‍ഷം യുഎഇയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലേക്കു ഇന്ത്യ യോഗ്യത നേടിയിരുന്നു. 2011ല്‍ ഖത്തറിലെ ദോഹയില്‍ അരങ്ങേറിയ ഏഷ്യന്‍ കപ്പിലാണ് ഇന്ത്യ അവസാനമായി മാറ്റുരച്ചത്. കഴിഞ്ഞ ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ കരുത്തരെക്കൂടാതെ യുഎഇയുമുള്‍പ്പെട്ട കടുപ്പമേറിയ ഗ്രൂപ്പിലായിരുന്നു അന്ന് ഇന്ത്യയുടെ സ്ഥാനം. എല്ലാ കളികളിലും തോറ്റ് നിരാശരായി മടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി.
2015ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ കപ്പിനു യോഗ്യത നേടാന്‍ ഇന്ത്യക്കു കഴിഞ്ഞിരുന്നില്ല. ഇത്തവണ മികച്ച പ്രകടനത്തോടെ മടങ്ങിവരവ് മികച്ചതാക്കാനാണ് ടീമിന്റെ ശ്രമമെന്നു ഛേത്രി വ്യക്തമാക്കി. യോഗ്യതാ റൗണ്ടില്‍ ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. തുടര്‍ച്ചയായി 13 മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യ ഏഷ്യന്‍ കപ്പിനു ടിക്കറ്റെടുത്തത്. മിന്നുന്ന പ്രകടനവുമായി ഛേത്രി ടീമിനെ മുന്നില്‍ നിന്നു നയിക്കുകയും ചെയ്തിരുന്നു.
യുഎഇയില്‍ എട്ടു വേദികളിലായി ജനുവരി അഞ്ചു മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് അടുത്ത ഏഷ്യന്‍ കപ്പ് നടക്കുന്നത്. കഴിഞ്ഞ ഏഷ്യന്‍ കപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ഏറെ മുന്നേറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ യുഎഇയില്‍ മികച്ച പ്രകടനം തന്നെ ടീമില്‍ നിന്നും പ്രതീക്ഷിക്കാമെന്നും ഛേത്രി വ്യക്തമാക്കി. ആതിഥേയരായ യുഎഇയെക്കൂടാതെ ബഹ്‌റൈന്‍, തായ്‌ലാന്‍ഡ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇത്തവണ ഇന്ത്യയുടെ സ്ഥാനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications