ഐലീഗ്: കാല്‍പ്പന്തിന്റെ തുടിപ്പറിയുന്ന 'ഗോകുലം', ഹാട്രിക് അടിക്കുമോ മലബാറിയന്‍സ്?

കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബെന്ന വിശേഷണം കുറച്ചുനാള്‍ മുമ്പുവരെ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന് പേരില്‍ അവസാനിക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴത് ഗോകുലം കേരള എഫ്‌സിയെന്ന ക്ലബ്ബിലേക്ക് കൂടി വ്യാപിച്ചിരിക്കുന്നു. മലപ്പുറത്തിന്റെ മണ്ണിലും കോഴിക്കോടിന്റെ മണ്ണിലും കാല്‍പ്പന്ത് തട്ടി ആരാധക മനസിലേക്ക് പതിയെ ചേക്കേറിയവരാണ് ഗോകുലം.
അച്ചടക്കത്തോടെ കളിച്ച് ഓരോ കടമ്പകളും ജാഗ്രതയോടെ പിന്നിട്ട അവര്‍ ഇന്ന് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശമായി മാറിയിരിക്കുകയാണ്. മലബാറികളെന്ന പേരിന്റെ പെരുമയില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ കേരളത്തിന്റെ അടയാളപ്പെടുത്തലായി ഗോകുലം കേരള മാറുന്നു. അവസാന രണ്ട് സീസണുകളിലും ഐലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം ഇത്തവണ ഹാട്രിക് കിരീടമാണ് സ്വന്തമാക്കിയത്.

ഇത്തവണയും ശക്തമായ ടീം
ബിനോ ജോര്‍ജെന്ന് പരിശീലകന് കീഴിലാണ് ഗോകുലം കേരളയുടെ വളര്‍ച്ച. ഗോകുലത്തെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയതിന് പിന്നില്‍ ബിനോ ജോര്‍ജിന്റെ പങ്ക് വളരെ വലുതാണ്. നിലവില്‍ റിച്ചാഡ് ടോവയുടെ കീഴിലാണ് ഗോകുലം പരിശീലിക്കുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തന്‍ ക്ലബ്ബായ മുഹമ്മദന്‍സാണ് ഗോകുലത്തിന്റെ എതിരാളി. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ എവര്‍ട്ടര്‍ ഗുല്‍മാരസിന്റെ അഭാവം ടീമിലുണ്ട്. പരിക്കാണ് താരത്തിന് ആദ്യ മത്സരം നഷ്ടമാക്കുന്നത്. 11 ഹോം മത്സരങ്ങളില്‍ ആറെണ്ണവും മഞ്ചേരിയില്‍ നടക്കുമ്പോള്‍ അഞ്ചെണ്ണമാണ് കോഴിക്കോട് നടക്കുന്നത്.
Also Read : 2024ലെ ടി20 ലോകകപ്പില്‍ കപ്പടിക്കണോ? ഇന്ത്യ എവിടെ മെച്ചപ്പെടണം? അഞ്ച് മാറ്റങ്ങളിതാ

ഗോകുലത്തിന്റെ വരവ്
ഗോകുലം ഗോപാലന്റെ ഉടമസ്ഥയിലുള്ള ഗോകുലം ഗ്രൂപ്പ് 2017 ജനുവരിയിലാണ് കേരളത്തില്‍ നിന്ന് ഗോകുലം കേരള എഫ്‌സിയെന്ന ടീമിനെ അവതരിപ്പിക്കുന്നത്. എഫ്‌സി കൊച്ചിന്‍, വിവ കേരള തുടങ്ങിയ ഇന്ത്യയിലെ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന ടീമുകള്‍ക്കൊപ്പം പ്രതീക്ഷക്കൊത്ത് വളരാന്‍ സാധിച്ചില്ല. സാമ്പത്തിക പ്രശ്‌നം തന്നെ കാരണം. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഗോകുലത്തിന്റെ വളര്‍ച്ച. 8000 കോടിയോളം ആസ്തിയുള്ള ഗോകുലം ഗ്രൂപ്പിന്റെ പിന്തുണയാണ് ഗോകുലത്തിന്റെ വളര്‍ച്ചയുടെ ശക്തി.

കേരളത്തിന്റെ ഫുട്‌ബോള്‍ നിലവാരം മെച്ചപ്പെടണം
ഫുട്‌ബോളിന്റെ വേരോട്ടം ആരാധക മനസുകളില്‍ ആവോളം ഉണ്ടെങ്കിലും കേരളത്തിലെ ഫുട്‌ബോളിന്റെ വളര്‍ച്ചയുടെ ഗ്രാഫ് താഴോട്ടാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് ക്ലബ്ബിന്റെ വരവ് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും കേരളത്തിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് വലിയ കാര്യമുണ്ടായതായി പറയാനാവില്ല. ബ്ലാസ്റ്റേഴ്‌സിലൂടെ വളര്‍ന്ന മലയാളി താരങ്ങള്‍ പിന്നീട് ടീമുമായി തെറ്റി പിരിഞ്ഞതാണ് ചരിത്രം.
ഐഎം വിജയന്‍, ജോപോള്‍ അഞ്ചേരി, സിവി പാപ്പച്ചന്‍, യു ഷറഫലി, വിപി സത്യന്‍ തുടങ്ങിയ നിരവധി പ്രതിഭകള്‍ കേരളത്തിലെ ഫുട്‌ബോളില്‍ നിന്ന് ശ്രദ്ധ പിടിച്ചുപറ്റി വളര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ കേരളത്തില്‍ നിന്ന് അഞ്ച് താരങ്ങള്‍ കളിക്കുന്ന നിലവാരത്തിലേക്ക് കേരളത്തിലെ ഫുട്‌ബോള്‍ മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നിലവാരം നഷ്ടപ്പെട്ട് പോയിരിക്കുന്നുവെന്ന് തന്നെ പറയാം.

വനിതാ ടീമിന്റെ കടന്നുവരവ്
കേരളത്തിന്റെ ഉറങ്ങിക്കിടന്ന ഫുട്‌ബോള്‍ ആവേശത്തെ വിളിച്ചുണര്‍ത്തുന്നതില്‍ ഗോകുലം കേരള എഫ്‌സി വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ടീമിന്റെ മുന്‍ പരിശീലകനായ ബിനോ ജോര്‍ജ് പറയുന്നത്. ഗോകുലത്തിന്റെ രൂപീകരണവും ഐ ലീഗിലേക്കുള്ള കടന്നുവരവും കൃത്യസമയത്തായിരുന്നു. ഗോകുലത്തിന്റെ വളര്‍ച്ച കണ്ട് കേരളത്തില്‍ നിന്ന് കൂടുതല്‍ ക്ലബ്ബുകളുണ്ടാവും. ഗോകുലം വനിതാ ടീമും ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. വനിതാ ലീഗില്‍ ഗോകുലം ഫൈനല്‍ കളിക്കുന്ന നിലവാരത്തിലേക്കെത്തിയിരിക്കുന്നുവെന്നും ബിനോ ജോര്‍ജ് പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയില്‍
ഇന്ത്യയിലെ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണെന്നാണ് ഗോകുലം കേരള എഫ്‌സിയുടെ ഉടമയായ വിസി പ്രവീണ്‍ പറയുന്നത്. എഎഫ്‌സി വനിതാ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഗോകുലം ഉസ്ബക്കിസ്ഥാനില്‍ എത്തിയെങ്കിലും എഐഎഫ്എഫിന് ഫിഫ വിലക്കേര്‍പ്പെടുത്തിയതോടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായില്ല. ഇത് വലിയ സാമ്പത്തിക നഷ്ടം ഗോകുലത്തിന് വരുത്തിവെച്ചെന്നാണ് ടീം ഉടമയായ പ്രവീണ്‍ പറയുന്നത്. ഈ സീസണിലെ ഐലീഗിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചത് ടൂര്‍ണമെന്റിന്റെ 11 ദിവസം മാത്രം മുമ്പാണെന്നും ഇത് പല ടീമുകളെയും ബാധിച്ചിട്ടുണ്ടെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications