മോസ്‌കോ: വിപ്ലവങ്ങളുടെ സ്മരണകളുറങ്ങുന്ന റഷ്യന്‍ മണ്ണില്‍ കാല്‍പന്തുകളിയുടെ വന്‍ പൂരത്തിന് കൊടിയേറി. മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച 80,000ത്തോളം വരുന്ന കാണികളെയും ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ പ്രേമികളെയും ആവേശത്തിലാറാടിച്ചാണ് ലോകകപ്പിന് വിസില്‍ മുഴങ്ങിയത്. കാണികളെ കൈയിലെടുക്കുന്ന ദൃശ്യവിസ്മയങ്ങളും സംഗീതപ്രകടനങ്ങളും കൊണ്ട് ശരിക്കുമൊരു വിരുന്നായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍.

ലോക പ്രശസ്ത പോപ് ഗായകന്‍ ബോബി വില്ല്യംസിന്റെ പാട്ടോടു കൂടിയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലെ ഗ്രൗണ്ടില്‍ തീര്‍ത്ത കൂറ്റന്‍ പന്തിന്റെ മാതൃകയിലുള്ള രൂപത്തിനുള്ളില്‍ നിന്നാണ് വില്ല്യംസ് പാടിത്തിമിര്‍ത്തത്. പിന്നീട് വില്ല്യംസിന് കൂട്ടായി റഷ്യയുടെ തന്നെ പ്രശസ്ത ഗായിക എയ്ഡ ഗ്യാരിഫുള്ളും എത്തിയതോടെ ചടങ്ങിന്റെ ഗ്ലാമര്‍ വര്‍ധിച്ചു. തൊട്ടുപിന്നാലെ ലോകകപ്പില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങുടെ പതാകകളുമായി കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളുമായി കലാകാരന്‍മാര്‍ ഗ്രൗണ്ടില്‍ അണിനിരന്നു. വില്ല്യംസിന്റെയും എയ്ഡയും സംഗീത വിരുന്ന് കഴിഞ്ഞതിനു പിന്നാലെ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയും ലോകകപ്പിന്റെ ഭാഗ്യമുദ്രയായ സാബിവാക്കയും പന്തുമായി ഗ്രൗണ്ടിലെത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ് ലോകകപ്പ് ഉദ്ഘാടനം ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നീട് ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയും ചടങ്ങില്‍ സംസാരിച്ചു.

വിശ്വ വിജയിയെ അറിയാന്‍ ഇനി ജൂലൈ 15 വരെ കാത്തിരിക്കണം. റഷ്യയിലെ 11 നഗരങ്ങളിലെ 12 വേദികളിലായി 32 രാജ്യങ്ങളാണ് ലോകചാംപ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് സ്വപ്‌നം കണ്ട് പോര്‍ക്കളത്തിലിറങ്ങുന്നത്. ആതിഥേയരായ റഷ്യ നേരിട്ടു ലോകകപ്പിനു ചടിക്കറ്റെടുത്തപ്പോള്‍ മറ്റുള്ള 31 ടീമുകളും യോഗ്യതാ പരീക്ഷയില്‍ പാസായി വന്നവരാണ്. ഇത്തവണത്തെ ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന 32 ടീമുകളില്‍ 20പേരും കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലുമുണ്ടായിരുന്നു. 12 രാജ്യങ്ങളാണ് പുതുതായി വിശ്വമാമാങ്കത്തിന്റെ വന്‍ വേദിയിലെത്തുന്നത്.
കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ സ്‌റ്റേഡിയമായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഡിയം കൂടിയാണ് ഉദ്ഘാടനച്ചടങ്ങിനു വേദിയായ ലുഷ്‌നിക്കി സ്റ്റേഡിയം. 1956ല്‍ നിര്‍മിക്കപ്പെട്ട സ്റ്റേഡിയത്തിന്റെ പഴയ പേര് ലെനിന്‍ സെന്‍ട്രല്‍ സ്റ്റേഡിയം എന്നായിരുന്നു. ലോകകപ്പിനു മുന്നോടിയായി 2013ലാണ് സ്‌റ്റേഡിയം പുതുക്കിപ്പണിതത്. തുടര്‍ന്നു സ്റ്റേഡിയത്തിന്റെ പേരും മാറ്റുകയായിരുന്നു.