FIFA World Cup 2022: റാങ്കിലല്ല കാര്യം, രണ്ടാം സ്ഥാനക്കാരുടെ 'അന്നം മുടക്കി' 22ാം റാങ്കുകാര്‍!
ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ അട്ടിമറികള്‍ തുടര്‍ക്കഥയാവുകയാണ്. അര്‍ജന്റീന, ജര്‍മനി എന്നിവര്‍ക്കു പിന്നാലെ ലോക രണ്ടാംനമ്പര്‍ ടീം ബെല്‍ജിയത്തിനും ഷോക്ക് ലഭിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എഫിലെ ത്രില്ലിങ് മാച്ചില്‍ റാങ്കിങില്‍ 22ാമതുള്ള ആഫ്രിക്കന്‍ ടീം മൊറോക്കോയാണ് ബെല്‍ജിയത്തിന്റെ കഥ കഴിച്ചത്. രണ്ടാംപകുതിയില്‍ നേടിയ രണ്ടു ഗോളുകളില്‍ മൊറോക്കോ ഗംഭീര വിജയം കൊയ്യുകയായിരുന്നു. പകരക്കാരായി വന്ന അബ്ദുല്‍ഹമീദ് സാബിരി (73), സക്കരിയ അബൂഖ്‌ലാല്‍ (90+2) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍.
ഫ്രീകിക്കില്‍ നിന്നും സാബിരി നേടിയ ഗോളാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. ഇഞ്ചുറിടൈമില്‍ സക്കരിയയുടെ ഗോള്‍ ബെല്‍ജിയത്തെ തീര്‍ക്കുകയും ചെയ്തു. നേരത്തേ ആദ്യ മാച്ചില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ സമനിലയില്‍ കുരുക്കി മൊറോക്കോ കരുത്തു കാണിച്ചിരുന്നു. അന്നു നിര്‍ത്തിയ ഇടത്തു നിന്നാണ് ബെല്‍ജിയത്തിനെതിരേ മൊറോക്കോ തുടങ്ങിയത്. അതേസമയം, ഗ്രൂപ്പ് ഇയില്‍ ജപ്പാനെതിരേ കോസ്റ്ററിക്ക ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം പിടിച്ചെടുത്തു. തൊട്ടുമുമ്പത്തെ കളിയില്‍ ജര്‍മനിയെ അട്ടിമറിച്ചെത്തിയ ജപ്പാന്‍ കോസ്റ്ററിക്കയ്‌ക്കെതിരേ ആധിപത്യം പുലര്‍ത്തിയെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല.

മാറ്റങ്ങളോടെ ബെല്‍ജിയം
കാനഡയ്‌ക്കെതിരായ ആദ്യ കളിയില്‍ 1-0ന്റെ നിറംമങ്ങിയ വിജയം സ്വന്തമാക്കിയ ബെല്‍ജിയം ടീമില്‍ മൂന്നു മാറ്റങ്ങളാണ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് വരുത്തിയത്. മ്യുനിയര്‍, ഒനാന, തോര്‍ഗന്‍ ഹസാര്‍ഡ് എന്നിവര്‍ പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു. എന്നാല്‍ മൊറോക്കോയാവട്ടെ ക്രൊയേഷ്യയെ പിടിച്ചുകെട്ടിയ അതേ ഇലവനില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

ബെല്‍ജിയത്തിനു മേല്‍ക്കൈ
ആദ്യത്തെ 20 മിനിറ്റുകിളില്‍ ബെല്‍ജിയമായിരുന്നു മല്‍സരത്തില്‍ മേധാവിത്വം പുലര്‍ത്തിയത്. കൂടുതല്‍ സമയം ബോള്‍ കൈവശം വച്ചുള്ള ശൈലിയായിരുന്നു അവര്‍ സ്വീകരിച്ചത്. മൊറോക്കോ പരുക്കന്‍ അടവുകള്‍ പലപ്പോഴും സ്വീകരിച്ചതോടെ ബെല്‍ജിയത്തിനു ഫ്രീകിക്കുകളും കോര്‍ണറുകളുമെല്ലാം ഇടയ്ക്കിടെ ലഭിച്ചുകൊണ്ടിരുന്നു. പക്ഷെ സെറ്റ് പീസുകള്‍ ഒന്നു പോലും ഗോളാക്കി മാറ്റാന്‍ ബെല്‍ജിയത്തിനായില്ല.

മൊറോക്കോയ്ക്ക് അവസരം
ആദ്യത്തെ അര മണിക്കൂറില്‍ ഇരുടീമുകളുടെ ഭാഗത്തു നിന്നും ഗോള്‍കീപ്പറെ പരീക്ഷിക്കന്ന ഷോട്ടുകളൊന്നും കണ്ടില്ല. 35ാംമിനിറ്റില്‍ മൊറോക്കോ ആദ്യ ഷോട്ട് പരീക്ഷിച്ചു. ഹക്കീമി ലോങ്‌റേഞ്ചറായിരുന്നു ഗോളിലേക്കു തൊടുത്തത്. പക്ഷെ ലക്ഷ്യം കാണാതെ പുറത്തുപോയി.
ഇഞ്ചുറിടാമില്‍ സിയെക്കിലൂടെ മൊറോക്കോ ബെല്‍ജിയത്തിന്റെ വലയില്‍ പന്തെത്തിച്ചിരുന്നു. കിടിലനൊരു ഫ്രീകിക്കിലൂടെയായിരുന്നു ഇത്. പക്ഷെ റഫറി ഇതു ഓഫ് സൈഡ് വിളിച്ചത് മൊറോക്കോയെ നിരാശരാക്കി.

മുന്നിലെത്തി മൊറോക്കോ
രണ്ടാം പകുതിയില്‍ പോരാട്ടം പൊടിപാറി. ഇരുടീമുകളും അഗ്രസീവ് ഫുട്‌ബോളായിരുന്നു കാഴ്ചവച്ചത്. മൊറോക്കോയായിരുന്നു ഗോള്‍ നേടുമെന്ന പ്രതീതി നല്‍കിയ ടീം. 73ാം മിനിറ്റില്‍ മൊറോക്കോ അര്‍ഹിച്ച ലീഡും കരസ്ഥമാക്കി. ഫ്രീകിക്കില്‍ നിന്നായിരുന്നു ഇത്. ഇടതു വിങില്‍, ബോക്‌സിന് തൊട്ടരികില്‍ നിന്നും സാബിരിയുടെ ഫ്രീകിക്ക് ഗോള്‍കീപ്പര്‍ കോട്വയെ കബളിപ്പിച്ച് വലയില്‍ വീഴുകയായിരുന്നു. ഗോള്‍കീപ്പറുടെ പിഴവ് തന്നെയായിരുന്നു ഇതിനു പിന്നില്‍. താഴ്ന്നുവന്ന ഫ്രീകിക്ക് മനസ്സിലാക്കുന്നതില്‍ കോട്വ പരാജയമായതോടെ വലകുലുങ്ങുകയായിരുന്നു.

രണ്ടാം ഗോള്‍
സമനില ഗോളിനായി പകരക്കാരെ ഇറക്കി ബെല്‍ജിയം കിണഞ്ഞു പരിശ്രമിക്കവെയാണ് ഇഞ്ചുറിടൈമില്‍ മൊറോക്കോ അടുത്ത 'ബോംബ് പൊട്ടിച്ചത്'. അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ബോക്‌സിനകത്തു നിന്നും നിന്നും സിയെക്ക് നല്‍കിയ ക്രോസ് ഫസ്റ്റ് പോസ്റ്റിന് അരികില്‍ നിന്ന് അബൂഖ്‌ലാല്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയുടെ മേല്‍ക്കൂരയിലേക്കു അടിച്ചുകയറ്റിയപ്പോള്‍ കോട്വ വീണ്ടും നിസ്സഹായനായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications