FIFA World Cup 2022: അര്‍ജന്റീന 'കോമാളികളുടെ' ടീം, കപ്പടിക്കില്ല-ഗ്ലെന്‍ ഹോഡിലിന്റെ പ്രവചനം

ലണ്ടന്‍: ഖത്തര്‍ ലോകകപ്പിന്റെ പോരാട്ട ചൂടിന് ഇന്ന് കിക്കോഫ്. ഖത്തറിന്റെ മണല്‍പ്പരപ്പിലെ ചൂടിന് മുകളിലാവും ഇനിയുള്ള നാളുകളിലെ ആവേശച്ചൂട്. കപ്പടിക്കാന്‍ 32 രാജ്യങ്ങള്‍ കണക്കുകൂട്ടി ഇറങ്ങുമ്പോള്‍ ഇഷ്ട ടീമിനായി ആര്‍പ്പുവിളിക്കാന്‍ വലിയൊരു ആരാധക സംഘവും ഗ്യാലറിയിലുണ്ടാവും. കണക്കുകളിലും പ്രവചനങ്ങളിലുമെല്ലാം അര്‍ജന്റീന, ബ്രസീല്‍ എന്നിവര്‍ക്കാണ് മുന്‍തൂക്കം. ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവരൊന്നും നിസാരക്കാരല്ല.
സീനിയര്‍ താരങ്ങളില്‍ പലരുടേയും അവസാന ലോകകപ്പായി ഇത്തവണത്തെ ലോകകപ്പ് മാറിയേക്കും. നെയ്മര്‍, മെസി, റൊണാള്‍ഡോ, സുവാരസ് എന്നിവരുടെയെല്ലാം അവസാന ലോകകപ്പ് പോരാട്ടത്തിനാണ് ഖത്തര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ലയണല്‍ മെസിക്ക് കീഴില്‍ അര്‍ജന്റീന വിശ്വകിരീടം നേടി മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അര്‍ജന്റീന കപ്പടിക്കില്ലെന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും പരിശീലകനുമായ ഗ്ലെന്‍ ഹോഡില്‍.

ഇംഗ്ലണ്ടിനാണ് കിരീട സാധ്യത
മറ്റാരെക്കാളും കിരീട സാധ്യത ഇംഗ്ലണ്ടിനാണുള്ളതെന്നാണ് ഹോഡില്‍ പറയുന്നത്. അര്‍ജന്റീനയെക്കാള്‍ കിരീട സാധ്യത ബ്രസീലിനും ഫ്രാന്‍സിനുമാണ്. അര്‍ജന്റീന ഒരു തമാശ ടീമാണ്. എന്നാല്‍ അവരോട് അനാദരവില്ല. ഒറ്റമെന്‍ഡിയെപ്പോലെയും ലോ സെല്‍സോയെപ്പോലെയുമുള്ള മികച്ച താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. എന്നാല്‍ കിരീടം നേടാന്‍ സാധ്യത കുറവാണ്- ഗ്ലെന്‍ ഹോഡില്‍ പറഞ്ഞു.
Also Read: FIFA World Cup 2022: ബ്രസീലിന് കപ്പടിക്കാന്‍ എളുപ്പമല്ല! കരുത്ത് തന്നെ തലവേദന, അറിയാം

അര്‍ജന്റീന നിസാരക്കാരല്ല
കണക്കുകളില്‍ ഇത്തവണ വലിയ കിരീട സാധ്യതയാണ് അര്‍ജന്റീനക്കുള്ളത്. ലയണല്‍ മെസിയെന്ന ഇതിഹാസം കളിക്കുന്ന ടീമെന്നതിലുപരിയായി കെട്ടുറപ്പുള്ള നിര ഇപ്പോള്‍ അവര്‍ക്കുണ്ട്. ഏഞ്ചല്‍ ഡി മരിയ ഉള്‍പ്പെടെ അനുഭവസമ്പന്നനരായ താരങ്ങളും മികച്ച യുവതാരങ്ങളും ഉള്‍പ്പെടുന്ന അര്‍ജന്റീന തോല്‍വി അറിയാതെ 35 മത്സരങ്ങള്‍ കളിച്ചാണ് ഖത്തറിലേക്കെത്തുന്നത്. ഗംഭീര നിരയുടെ പിന്‍ബലമുള്ള അര്‍ജന്റീന കപ്പടിക്കാന്‍ സാധ്യതയുള്ളവരിലെ പ്രധാനിയാണ്.

മെസി മികച്ച ഫോമില്‍
ലയണല്‍ മെസിയെന്ന സൂപ്പര്‍ താരത്തിലൂന്നിയാണ് അര്‍ജന്റീനയുടെ കുതിപ്പ്. കോപ്പാ അമേരിക്കയില്‍ അര്‍ജന്റീനയെ കപ്പിലേക്കെത്തിച്ച മികവാണ് മെസിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പിഎസ്ജിക്കായി ഗംഭീര പ്രകടനം നടത്തുന്ന മെസിക്ക് ഖത്തറിലും ഈ മികവ് കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മെസിയുടെ കരിയറിലെ അവസാന ലോകകപ്പായി ഖത്തര്‍ മാറുമെന്നതില്‍ എന്ത് വിലകൊടുത്തും കപ്പിലേക്കെത്താനാവും ടീം ശ്രമിക്കുക. മെസിയെപ്പോലൊരു ഇതിഹാസം കപ്പില്ലാതെ കരിയര്‍ അവസാനിച്ചാല്‍ അത് വലിയ നിരാശയായി മാറും.

മെസിയുടെ ഫേവറേറ്റുകള്‍ ഇവര്‍
അര്‍ജന്റീന കപ്പിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മെസി മറ്റുള്ള ടീമുകളെ നിസാരക്കാരായി കാണുന്നില്ല. ബ്രസീല്‍, ഫ്രാന്‍സ് എന്നിവരാണ് കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കുന്നവരായി മെസി അഭിപ്രായപ്പെട്ടത്. ബ്രസീലില്‍ നെയ്മര്‍ ഉള്‍പ്പെടെ ശക്തരായ താരങ്ങള്‍ നിരവധിയുണ്ടെന്നും മെസി അഭിപ്രായപ്പെട്ടു. മെസിയും നെയ്മറും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. ബാഴ്‌സലോണയില്‍ ഒരുമിച്ച് കളിച്ചവരാണ് ഇരുവരും. പിഎസ്ജിയിലേക്ക് മെസിയെത്തിയതിന് പിന്നിലും നെയ്മറിന്റെ ഇടപെടലാണ്.
Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

പരിക്ക് അര്‍ജന്റീനക്ക് വലിയ തലവേദനയില്ല
മിക്ക സൂപ്പര്‍ ടീമുകളെയും ഇത്തവണ പ്രയാസപ്പെടുത്തുന്നത് പരിക്കാണ്. ടീമിലെ പല സൂപ്പര്‍ താരങ്ങളും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ അര്‍ജന്റീനയെ പരിക്ക് കാര്യമായി ബാധിച്ചിട്ടില്ലെന്ന് പറയാം. പരിക്കേറ്റ നിക്കോ ഗോണ്‍സാലസിന് പകരം ഏഞ്ചല്‍ കോറിയയും ടുക്കു കോറിയക്ക് പകരം തിയാഗോ അല്‍മാഡയും അര്‍ജന്റീന ടീമിലേക്കെത്തിയിട്ടുണ്ട്. ലയണല്‍ സ്‌കലോണി എന്ന പരിശീലകന്‍ ടീമിനെ നന്നായി മുന്നോട്ട് കൊണ്ടുപോകുന്നു. ടീമിന് നല്ല ഒത്തിക്കമുണ്ട്. ഇത് ഖത്തറിലും തുടരാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications