ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഈ സീസണിലെ എഫ്‌സി ഗോവയുടെ അപരാജിത കുതിപ്പ് അവസാനിച്ചു. സ്വന്തം കാണികള്‍ക്കു മുന്നില്‍ ജംഷഡ്പൂര്‍ എഫ്‌സിയാണ് ഏകപക്ഷീയമായ ഒരു ഗോളിനു ഗോവയെ വീഴ്ത്തിയത്. 17ാം മിനിറ്റില്‍ സ്പാനിഷ് താരം സെര്‍ജിയോ കാസ്‌റ്റെലാണ് ജംഷഡ്പൂരിന്റെ വിജയ ഗോളിന് അവകാശിയായത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാനുള്ള സുവര്‍ണാവസരമാണ് ഇതോടെ ഗോവ പാഴാക്കിയത്. മറുഭാഗത്ത് 10 പോയിന്റുമായി ജംഷഡ്പൂര്‍ ലീഗില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു.

ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഇരുടീമുകളും അറ്റാക്കിങ് ഫുട്‌ബോളാണ് കാഴ്ചവച്ചത്. എന്നാല്‍ ഗോള്‍ നേടാന്‍ ഭാഗ്യമുണ്ടായത് ജംഷഡ്പൂരിനാണ്. സമനില ഗോളിനായി ഗോവയ്ക്കു പല അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നു പോലും മുതലാക്കാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ റഫറിയുടെ പിഴവ് കാരണം പന്ത് ഗോള്‍ ലൈന്‍ കടന്നിട്ടും ഗോള്‍ അനുവദിക്കാതിരുന്നത് ഗോവയ്ക്കു തിരിച്ചടിയായി മാറി.
സുബ്രതയുടെ ഡബിള്‍ സേവ്
ഏഴാം മിനിറ്റില്‍ ജംഷഡ്പൂര്‍ ഗോളി സുബ്രതാ പാലിന്റെ ഡബിള്‍ സേവ് ഗോവയെ ലീഡ് നേടുന്നതില്‍ നിന്നു തടയുകയായിരുന്നു. വലതു വിങില്‍ നിന്നും എഡു ബേഡിയ നല്‍കിയ പാസ് പിടിച്ചെടുത്ത് ബോക്‌സിനകത്ത് വച്ച് ജാക്കിച്ചാന്ദ് തൊടുത്ത കരുത്തുറ്റ ഷോട്ട് ഗോളി സുബ്രത ബ്ലോക്ക് ചെയ്തു. റീബൗണ്ട ചെയ്ത പന്ത് ഗോവന്‍ താരം ലെന്നി വീണ്ടും വലയിലേക്കു തൊടുത്തെങ്കിലും ദുര്‍ബലമായ ഷോട്ട് ഗോളി അനായാസാം കൈയ്ക്കുള്ളിലാക്കി.
ജംഷഡ്പൂര്‍ മൂന്നില്‍
17ാം മിനിറ്റില്‍ കാസ്റ്റെല്‍ മാര്‍ട്ടിനെസിലൂടെ ജംഷഡ്പൂര്‍ അക്കൗണ്ട് തുറന്നു. വലതു വിങില്‍ നിന്നും മന്ദറിന്റെ തലയ്ക്കു മുകിലൂടെ ഫറൂഖ് ചൗധരി ലോബ് ചെയ്തു ബോക്‌സിനകത്തേക്കു നല്‍കിയ പന്ത് നെഞ്ചു കൊണ്ടു തടുത്തിട്ട കാസ്റ്റെല്‍ തന്നെ ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ച ഡിഫന്‍ഡറെ സമര്‍ഥമായി വെട്ടിയൊഴിഞ്ഞ ശേഷം ഇടം കാല്‍ ഷോട്ടിലൂടെ വല കുലുക്കിയപ്പോള്‍ ഗോവന്‍ ഗോള്‍കീപ്പര്‍ കാഴ്ചക്കാരനായിരുന്നു.
ഗോവന്‍ ഗോളിയുടെ തകര്‍പ്പന്‍ സേവ്
41ാം മിനിറ്റില്‍ ജിതേന്ദ്രയിലൂടെ ജംഷഡ്പൂര്‍ ലീഡുയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ ഗോളി നവാസിന്റെ കണ്ണഞ്ചിപ്പിക്കുന്ന സേവ് ഗോവയെ രക്ഷിച്ചു. ജിതേന്ദ്രയുടെ തകര്‍പ്പന്‍ ലോങ് റേഞ്ച് ക്രോസ് ബാറിന് തൊട്ടുമുകളില്‍ വച്ച് താഴേക്കിറങ്ങിയെങ്കിലും ഗോളി നവാസ് വായുവില്‍ പറന്നുയര്‍ന്ന് പന്ത് പുറത്തേക്കു കുത്തിയകറ്റി.
റഫറിയുടെ പിഴവ്
43ാം മിനിറ്റില്‍ റഫറിയുടെ പിഴവ് ഗോവയ്ക്കു അര്‍ഹിച്ച സമനില ഗോള്‍ നിഷേധിച്ചു. ജാക്കിച്ചാന്ദിന്റെ ക്രോസില്‍ നിന്നും എഡു ബേഡിയയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ഗോള്‍ലൈന്‍ കടന്ന ശേഷമാണ് ഗോളി സുബ്രതാ കാല്‍ കൊണ്ട് ക്ലിയര്‍ ചെയ്തത്. എന്നാല്‍ ഇതു ശ്രദ്ധയില്‍ പെടാത്തതിനാല്‍ റഫറി ഗോവയ്ക്കു ഗോള്‍ അനുവദിച്ചില്ല.
അവസരങ്ങള്‍ നഷ്ടപ്പെടുത്തി ഗോവ
രണ്ടാം പകുതിയില്‍ സമനില ഗോളിനു വേണ്ടി ഗോവ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജംഷഡ്പൂരിന്റെ ശക്തമായ പ്രതിരോധ മതില്‍ തകര്‍ക്കാനായില്ല. ടീമിനെ ഒപ്പമെത്തിക്കാന്‍ ലഭിച്ച മൂന്നു അവസരങ്ങളാണ് ജാക്കിച്ചാന്ദ് സിങ് നഷ്ടമാക്കിയത്.
72ാം മിനിറ്റില്‍ അഹമ്മദ് ജാഹു രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു കളം വിട്ടതോടെ ഗോവയുടെ അംഗബലം പത്തായി കുറഞ്ഞു. ഇതോടെ സമനില ഗോളിനായുള്ള ഗോവയുടെ പ്രതീക്ഷകള്‍ മങ്ങുകയും ചെയ്തു.