ഒരു തോല്‍വി... ഒരു ഇതിഹാസത്തിന്റെ വിരമിക്കല്‍? മോഡ്രിച്ചും റൊണാള്‍ഡോയും നേര്‍ക്കുനേര്‍
ഫുട്‌ബോള്‍ ആരാധകര്‍ക്ക് നാളത്തെ ദിവസം എക്കാലത്തേക്കും ഓര്‍മയില്‍ വെക്കാനുള്ളതായിരിക്കും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസമോ അതോ ലൂക്ക മോഡ്രിച്ച് എന്ന പടനായകനോ? ആരായിരിക്കും ലോകകപ്പ് എന്ന വിശ്വവേദിയില്‍ നിന്ന് വിരമിക്കുക എന്ന ചോദ്യത്തിന് ഉത്തരമാകുന്ന ദിവസം ഫുട്‌ബോള്‍ പ്രേമികള്‍ മറ്റെന്തിനെ കുറിച്ച് ചിന്തിക്കാനാണ്.
'ഗ്രൂപ്പ് കെ'യില്‍ നിന്ന് പോര്‍ച്ചുഗലും 'ഗ്രൂപ്പ് എല്ലി'ല്‍ നിന്ന് ക്രൊയേഷ്യയും ഒന്നാംസ്ഥാനക്കാരായിട്ടല്ല മുന്നേറിയത്. 5 പോയിന്റുമായി കൊളംബിയക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു പോര്‍ച്ചുഗല്‍. കോംഗോയോട് 1-1 നും കൊളംബിയക്കെതിരെ ഗോള്‍രഹിത സമനിലയും വഴങ്ങിയ ടീം ഉസ്‌ബെസ്‌ക്കിസ്ഥാനെ എതിരില്ലാത്ത 5 ഗോളിന് തോല്‍പിച്ചാണ് നോക്കൗട്ടിലേക്ക് എത്തിയത്.

തുടക്കത്തിലെ മങ്ങലില്‍ നിന്ന് റൊണാള്‍ഡോ തിളക്കം വീണ്ടെടുത്തപ്പോള്‍, ആറ് ലോകകപ്പില്‍ ഗോളടിക്കുന്ന ആദ്യ താരമായപ്പോള്‍ ടീമിന് മാത്രമല്ല ആരാധകര്‍ക്കാകെയും സന്തോഷവും ഉണര്‍വും വന്നു. സിആര്‍ സെവന്‍ എന്ന കുന്തമുനക്ക് വീര്യം കൂട്ടാന്‍ ഒപ്പമുള്ളത് വിറ്റിഞ്ഞോ, യാവോ നെവസ്, റൂബന്‍ ഡയസ്, ബ്രൂണോ ഫെര്‍ണാണ്ടസ്, റാഫെല്‍ ലിയോ തുടങ്ങിയ മിടുക്കന്‍മാരും.
ഗോള്‍വല കാക്കുന്നത് വിശ്വസ്തനായ കോസ്റ്റ. പ്രതിഭാസ്പര്‍ശമുള്ള ടീമിന് തന്ത്രങ്ങളുടെ അധിക കരുത്ത് നല്‍കുന്നുണ്ട് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ്. ഇതുവരെ ആറ് ഗോളാണ് പോര്‍ച്ചുഗല്‍ അടിച്ചത്. വഴങ്ങിയതാകട്ടെ ഒരൊറ്റ ഗോളും. പ്രതിരോധം ശക്തമാണെന്ന് വ്യക്തം. അതേസമയം റൗണ്ട് 32 ല്‍ എത്തുമ്പോള്‍ ക്രൊയേഷ്യക്ക് അങ്ങനെ ഒരു അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല.
അഞ്ച് ഗോള്‍ അടിച്ച ടീം അഞ്ച് ഗോള്‍ വഴങ്ങിയിട്ടുമുണ്ട്. പക്ഷേ അപ്പോഴും ആക്രമണത്തിലുള്ള ഉശിര് കാണാതെ പറ്റില്ല. ഏത് കേമന്‍ ടീം എതിരെ വന്നാലും പോരാടാനുള്ള വീര്യമുണ്ട് ക്രൊയേഷ്യക്ക്. അത് അവരുടെ ഏത് പോരായ്മയും ദൗര്‍ബല്യവും മറികടക്കാന്‍ പോന്നതാണ് താനും. 2018 ല്‍ രണ്ടാംസ്ഥാനക്കാരും 2022 ല്‍ മൂന്നാംസ്ഥാനക്കാരും ആയിരുന്നു ക്രൊയേഷ്യ. അവരുടെ ടീമിന്റെ വിജയത്തിന്റെ നെടുംതൂണായിരുന്നു നായകന്‍ ലൂക്ക മോഡ്രിച്ച്.
ഇക്കുറി അവസാന ലോകകപ്പിന് എത്തിയിട്ടുള്ള വീരനായകന് ഊഷ്മളമായ യാത്രയയപ്പ് നല്‍കണമെന്ന് ടീം ആഗ്രഹിക്കുന്നുണ്ട്. അത് അവരുടെ വീര്യത്തിന്റെ കരുത്ത് കൂട്ടുന്നുമുണ്ട്. ഇത്തവണ ആദ്യ മത്സരത്തില്‍ രണ്ടിന് എതിരെ നാല് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനോട് തോറ്റിട്ടാണ് ക്രൊയേഷ്യയുടെ തുടക്കം. പക്ഷെ പിന്നീട് അവര്‍ ജയിച്ചു കയറി. പനാമയെ എതിരില്ലാത്ത ഒരു ഗോളിനും ഘാനയെ 2-1നും തോല്‍പിച്ച് നോക്കൗട്ട് റൗണ്ടിലെത്തി.
കളിക്കാരുടെ കണക്കില്‍ ക്രൊയേഷ്യ ഒട്ടും പിന്നിലല്ല. മധ്യനിരയില്‍ ലൂക്കക്കൊപ്പം കൊവാസിച്ച് ഉണ്ട്. അത്യുഗ്രന്‍ കോംബോ ആണത്. അവരെ വെട്ടിച്ച് പന്ത് തട്ടിയെടുക്കാന്‍ ചില്ലറ മിടുക്കൊന്നും മതിയാകില്ല. മുന്നേറ്റത്തിന്റെ വേഗമായി ക്രമാറിച്ച് ഇക്കുറിയുമുണ്ട്. ഗോള്‍വലയം കാക്കുന്ന ഡൊമിനിക് ലിവാകോവിച്ച് ആകട്ടെ ഇനിയൊന്നും തെളിയിക്കാന്‍ ബാക്കിയില്ലാത്ത മിടുക്കനും.
പ്രതിരോധത്തിന്റെ കാവലാള്‍ ഗ്വാര്‍ഡിയോള്‍. ഖത്തറില്‍ ഏറ്റവും കയ്യടി വാങ്ങിയ പ്രതിരോധതാരങ്ങളില്‍ ഒരാള്‍. 2017 മുതല്‍ പരിശീലകനായി ടീമിനൊപ്പം തുടരുന്ന സ്ലാറ്റ്‌കോ ഡാലിച്ച് കളിക്കാരും അവരുടെ ശൈലിയും സ്വഭാവവും വരെ കൈവെള്ളയിലെ പോലെ പരിചിതം. അന്താരാഷ്ട്ര വേദികളില്‍ ഇതുവരെ പത്ത് തവണ മുഖാമുഖം വന്നിട്ടുണ്ട് പോര്‍ച്ചുഗലും ക്രൊയേഷ്യയും.
ഏഴ് തവണയും വിജയം പോര്‍ച്ചുഗലിനായിരുന്നു. രണ്ട് തവണ സമനിലയും. പക്ഷേ ലോകകപ്പിലെ പെരുമ കൂടുതല്‍ ക്രൊയേഷ്യക്കാണ്. കണക്കിലെ കളികള്‍ നോക്കുമ്പോള്‍ ഒന്നും പറയുക വയ്യെന്ന് ചുരുക്കം. പോര്‍ച്ചുഗലിന്റെ എക്കാലത്തേയും വലിയ താരങ്ങളില്‍ തലപ്പൊക്കം കൂടുതലുണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ആ നായകന് ലോകകിരീടം കയ്യിലേന്താനുള്ള അവസരം ഓരോ പോര്‍ച്ചുഗലുകാരനും ഓരോ ആരാധകനും ആഗ്രഹിക്കുന്നു.
ക്രൊയേഷ്യയുടെ സ്വപ്നതുല്യമായ ഉയര്‍ത്തെഴുന്നേല്‍പ്പിന് നേതൃത്വം നല്‍കിയത് ലൂക്ക മോഡ്രിച്ച് എന്ന പ്രതിഭയാണ്. രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് ശേഷം കിരീടം തന്നെ വേണ്ടേ വിടവാങ്ങല്‍ മത്സരത്തില്‍ എന്ന് ക്രൊയേഷ്യക്കാരും ചോദിക്കുന്നു. രണ്ട് ടീമുകള്‍ക്കും പ്രത്യേകിച്ചും രണ്ട് നായകന്‍മാര്‍ക്കും തികച്ചും വൈകാരികമാണ് ഈ ലോകകപ്പ്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലരക്ക് നോക്കൗട്ട് റൗണ്ടിലെ ഏറ്റവും തീ പാറുന്ന പോരാട്ടം ഏത് മഹാന്റെ അവസാന ലോകകപ്പ് മത്സരമായിട്ടാകും രേഖപ്പെടുത്തുക? കണക്കുകൂട്ടലുകള്‍ക്കും പ്രവചനങ്ങള്‍ക്കും ആരും നില്‍ക്കുന്നില്ല. എങ്ങനെ സാധിക്കും അത്? കാത്തിരിക്കുക തന്നെ. നെഞ്ചിടിപ്പോടെ...
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


