'വൈഭവിനെ ബെഞ്ചിൽ ഇരുത്തിയത് തെറ്റ്..'; അയർലൻഡിനെതിരെ താരത്തെ ഇറക്കാഞ്ഞതിൽ രവി ശാസ്ത്രി
യുവതാരം വൈഭവ് സൂര്യവംശിയെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്ത തീരുമാനത്തെ ചോദ്യം ചെയ്‌ത് മുൻ താരവും പരിശീലകനുമായ രവി ശാസ്ത്രി. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടിയിട്ടും 15-കാരനായ താരം ഇതുവരെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിട്ടില്ല. ഐപിഎല്ലിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ വൈഭവ്, അയർലൻഡിനെതിരായ എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും പുറത്തിരിക്കുകയായിരുന്നു.
ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 മത്സരത്തിന്റെ തത്സമയ സംപ്രേഷണത്തിനിടെ സംസാരിച്ച ശാസ്ത്രി, അയർലൻഡിലെ മന്ദഗതിയിലുള്ള പിച്ചിലും ചെറിയ ഗ്രൗണ്ടിലും വൈഭവിന് അവസരം നൽകേണ്ടിയിരുന്നുവെന്ന് പറഞ്ഞു. മികച്ച ബൗളർമാർക്കെതിരെയും താരം തന്റെ കഴിവ് ഇതിനകം തെളിയിച്ചിട്ടുണ്ടെന്നും ഇനി കൂടുതൽ കാലം ബെഞ്ചിലിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'അവൻ അയർലൻഡിൽ കളിക്കേണ്ടതായിരുന്നു. അവിടത്തെ പിച്ച് മന്ദഗതിയിലുള്ളതും ഗ്രൗണ്ട് ചെറുതുമായതിനാൽ പന്ത് സ്‌റ്റാൻഡിലേക്കടിക്കുമായിരുന്നു. ഐപിഎല്ലിൽ അവൻ ആരെയൊക്കെ നേരിട്ടിട്ടില്ല? ലോകോത്തര പേസർമാർക്കെതിരെയും മികവ് തെളിയിച്ച താരത്തെ ബെഞ്ചിലിരുത്തി സമയം കളയുകയാണ്' രവി ശാസ്ത്രി പറഞ്ഞു.
കൂടാതെ വൈഭവിന്റെ ഭയമില്ലാത്ത സമീപനവും ആക്രമണാത്മക ബാറ്റിംഗും ഇന്ത്യൻ ടീമിന് വലിയ കരുത്താകുമെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ രണ്ടോ മൂന്നോ ഓവർ മികച്ച രീതിയിൽ കളിച്ചാൽ മധ്യനിരയ്ക്ക് വലിയ അടിത്തറ ഒരുക്കാൻ താരത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
'അവനെ ടീമിൽ കളിപ്പിക്കണം. അവൻ ഒരു എക്‌സ്-ഫാക്‌ടർ താരമാണ്. വെറും 15 വയസാണ്, യാതൊരു സമ്മർദവുമില്ലാതെ സ്വതന്ത്രമായി കളിക്കുന്ന കുട്ടിയാണ്. അവന് ഭയമില്ല. ഇന്നിംഗ്‌സിന്റെ ആദ്യം മികച്ച തുടക്കം നൽകിയാൽ മധ്യനിരയ്ക്ക് അത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും. അതിനാൽ എത്രയും വേഗം അവന് ടീമിൽ സ്ഥാനം കണ്ടെത്തണം' രവി ശാസ്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഇന്നലെ ഇംഗ്ലണ്ടിനെതിരായി നടന്ന ആദ്യ ടി20യിലും വൈഭവിന് അവസരം ലഭിച്ചില്ല. മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിൽ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ യുവതാരത്തിന് ഏറെ കാത്തിരുന്ന അന്താരാഷ്ട്ര അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോ എന്നതാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന കാര്യം.
എന്നാൽ ആരെയാവും വൈഭവിനെ ഉൾപ്പെടുത്തുമ്പോൾ ടീമിൽ നിന്ന് പുറത്താക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ മൂന്ന് കളികളിലും പരാജയപ്പെട്ട സഞ്ജു സാംസൺ ആയിരിക്കുമോ പുറത്താവുക എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. കൂടാതെ മോശം സ്ട്രൈക്ക് റേറ്റോടെ കളിക്കുന്ന തിലക് വർമ്മയുടെ സ്ഥാനവും ടീമിൽ ചോദ്യചിഹ്നമായി മാറിയിട്ടുണ്ട്.
എന്നാൽ ലോകകപ്പ് ഇക്കുറി ഇന്ത്യയിൽ എത്താൻ കാരണമായ സഞ്ജുവിനെ അപ്പാടെ ഒഴിവാക്കാൻ ടീം മാനേജ്‌മന്റ് തയ്യാറാവില്ലെന്നാണ് കരുതുന്നത്. എങ്കിലും ഇംഗ്ലണ്ട് പരമ്പരയിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നിലെങ്കിലും വൈഭവിന് അവസരം കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തിൽ പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാട് നിർണായകമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications