സഞ്ജുവിനെ ആര്‍ക്കും വേണ്ട, സാലിയെ വിടാതെ കൊച്ചി; കെസിഎല്ലില്‍ നിന്ന് സഞ്ജു പുറത്തേക്ക്?
കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസണിനെ ഒഴിവാക്കി തൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ഇതിലാണ് സഞ്ജുവിന്റെ പേരില്ലാത്തത്. ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ കഴിഞ്ഞ സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ പ്രതിനിധീകരിച്ചായിരുന്നു കളിച്ചിരുന്നത്.
സഞ്ജുവിനെ ലേലത്തിന് മുന്നോടിയായി ഒരു ഫ്രാഞ്ചൈസിയും നിലനിര്‍ത്തിയില്ല എന്നത് ശ്രദ്ധേയമായി. ദേശീയ ടീമിലെ അംഗമായതിനാല്‍ താരത്തിന്റെ ലഭ്യതയെക്കുറിച്ച് അനിശ്ചിതത്വങ്ങള്‍ ഉണ്ടായേക്കാമെങ്കിലും, കെസിഎല്ലിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരിലൊരാളായ സഞ്ജുവിനെ ഒഴിവാക്കിയത് ശ്രദ്ധേയമാണ്. അതേസമയം സഞ്ജുവിന്റെ കെസിഎല്‍ യാത്ര അവസാനിച്ചു എന്ന് ഇതിന് അര്‍ത്ഥമില്ല.

എന്നിരുന്നാലും കെസിഎല്ലില്‍ ഇനി സഞ്ജു ഉണ്ടാകുമോ എന്ന സംശയം എല്ലാവരിലും ഇതുവഴി ഉടലെടുത്തിട്ടുണ്ട്. ഇന്ത്യന്‍ താരം റിഷഭ് പന്തിനെ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ നിന്ന് സമാനമായാണ് ഒഴിവാക്കിയത്. അവസാന സീസണില്‍ 'പുരാനി ദില്ലി 6' ടീം റിഷഭ് പന്തിനെ ഒഴിവാക്കിയിരുന്നു. പിന്നീട് ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്ക് കാരണം അദ്ദേഹം ലേലത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.
ഇത്തവണ കെസിഎല്‍ ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് നടക്കുന്നത്. ഈ കാലയളവില്‍ ഇന്ത്യക്ക് ടി20 അന്താരാഷ്ട്ര മത്സരങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ മാത്രമുള്ള സഞ്ജുവിന് ഈ സമയത്ത് കളിക്കാന്‍ സാധിക്കേണ്ടതാണ്. സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നിലെ പ്രധാന കാരണം സാമ്പത്തികമായേക്കാം എന്നാണ് വിവരം.
കഴിഞ്ഞ സീസണില്‍ 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ സ്വന്തമാക്കിയത്. ലേലത്തിനായി അനുവദിച്ച ആകെ തുകയായ 50 ലക്ഷം രൂപയുടെ പകുതിയിലധികമാണിത്. അദ്ദേഹത്തെ ഒഴിവാക്കുന്നതിലൂടെ, കൊച്ചി ടീമിന് തങ്ങളുടെ ബജറ്റിന്റെ 50 ശതമാനത്തിലധികം തുക തിരികെ ലഭിക്കുകയും അതുവഴി ടീമിനെ പുനഃസംഘടിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും. പുതിയ സീസണിന് മുന്നോടിയായി ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖ താരം കേരളത്തിന്റെ മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ്.
അതേസമയം കഴിഞ്ഞ സീസണില്‍ വിജയം നേടിത്തന്ന കോര്‍ ടീമിനെ നിരവധി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിട്ടുണ്ട്. 2025 ലെ കെസിഎല്ലില്‍ 437 റണ്‍സ് നേടി ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ സ്‌കോററായ അഹമ്മദ് ഇമ്രാനെ തൃശൂര്‍ ടൈറ്റന്‍സ് നിലനിര്‍ത്തി. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, അഖില്‍ സ്‌കറിയ എന്നിവരെ നിലനിര്‍ത്തി.
ലീഗിലെ പ്രീമിയര്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി അഖില്‍ സ്‌കറിയ തുടരുന്നു. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിന്റെ സഹോദരനും ക്യാപ്റ്റനുമായ സാലി സാംസണെ നിലനിര്‍ത്തി. അതേസമയം കെസിഎല്ലില്‍ കളിക്കാന്‍ സഞ്ജു താല്‍പര്യം പ്രകടിപ്പിച്ചാല്‍ അദ്ദേഹത്തിന് ലേലത്തില്‍ പങ്കെടുക്കാനാകും.
അങ്ങനെ വന്നാല്‍ സഞ്ജു ലേലത്തിലെ ഏറ്റവും വലിയ ആകര്‍ഷണമായി മാറാനും ആറ് ഫ്രാഞ്ചൈസികളിലും വീണ്ടും ഒരു ലേല യുദ്ധത്തിന് തുടക്കമിടാനും സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


