ലണ്ടന്‍: ട്രാക്കിനോട് വിട ചൊല്ലിയെങ്കിലും ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് തന്റെ കായിക ജീവിതം അവസാനിച്ചിട്ടില്ല. അത്ലറ്റിക്സ് മതിയാക്കിയ താരം ഫുട്ബോളിലും ഒരുകൈ നോക്കാനൊരുങ്ങുകയാണ്. തന്റെ പ്രിയ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടിയാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനും ഒളിംപിക് ജേതാവുമായ ബോള്‍ട്ട് ബൂട്ടണിയുക. മാഞ്ചസ്റ്ററിന്റെ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്ഡിലാവും ഈ സ്വപ്ന അരങ്ങേറ്റം.
ട്രാക്കില്‍ തീപ്പൊരി പ്രകടനങ്ങള്‍ നടത്തുമ്പോഴും ഫുട്ബോളിനോടുള്ള പ്രേമം ബോള്‍ട്ട് നേരത്തേ തന്നെ പ്രകടിപ്പിച്ചതാണ്. തന്റെ ഇഷ്ട ടീം മാഞ്ചസ്റ്ററാണെന്നും താരം നേരത്തേ പറഞ്ഞിരുന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്ററിനായി കളിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ മോഹമെന്നും ബോള്‍ട്ട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാവാന്‍ പോവുന്നത്.
സ്പാനിഷ് ഗ്ലാമര്‍ ടീം ബാഴ്സലോണയ്ക്കെതിരേയാണ് ബോള്‍ട്ട് മാഞ്ചസ്റ്ററിനു വേണ്ടി കളത്തിലിറങ്ങുക. അടുത്ത മാസം രണ്ടിന് മാഞ്ചസ്റ്ററിന്റെയും ബാഴ്സയുടെയും ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന ചാരിറ്റി മല്‍സരത്തിലാണ് ബോള്‍ട്ട് കളിക്കുന്നത്. എന്നാല്‍ ലണ്ടനില്‍ സമാപിച്ച ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനിടെയേറ്റ പരിക്ക് ബോള്‍ട്ടിനെ ഭയപ്പെടുത്തുന്നുണ്ട്. 4-100 മീ റിലേ ഫൈനലിനിടെ കാലിലെ പേശീവലിവ് മൂലം ബോള്‍ട്ടിന് മല്‍സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഈ പരിക്കില്‍ നിന്നും മുക്തനായാല്‍ മാത്രമേ മാഞ്ചസ്റ്റര്‍ ജഴ്സിയില്‍ കളിക്കുകയെന്ന ബോള്‍ട്ടിന്റെ മോഹം പൂവണിയുകയുള്ളൂ.