ബ്യൂഐസ് ഐറിസ്: ലോകകപ്പ് സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറെടുക്കുന്ന ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീം അര്‍ജന്റീനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ പരിക്കിനെ തുടര്‍ന്നു ലോകകപ്പില്‍ നിന്നും പിന്‍മാറി. വലതു കാല്‍മുട്ടിലെ ജോയിന്റില്‍ പരിക്കുള്ളതായും അതിനാല്‍ താരം ലോകകപ്പില്‍ നിന്നും പിന്‍മാറുകയാണെന്നും അര്‍ജന്റീന ടീം ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഏറെ അനുഭവസമ്പത്തുള്ള റൊമേറോയുടെ അഭാവം ലോകകപ്പില്‍ അര്‍ജന്റീനയ്ക്കു കനത്ത തിരിച്ചടിയാവുമെന്നുറപ്പാണ്.

ഏറെക്കാലമായി അര്‍ജന്റീനയുടെ ഫസ്റ്റ് ചോയ്‌സ് ഗോള്‍കീപ്പര്‍ റൊമേറോയായിരുന്നു. മാര്‍ച്ചില്‍ സ്‌പെയിനിനോട് അര്‍ജന്റീന 6-1ന്റെ വന്‍ തോല്‍വിയേറ്റുവാങ്ങിയ മല്‍സരത്തിനിടെയാണ് 31 കാരനായ ഗോള്‍കീപ്പര്‍ക്കു പരിക്കേല്‍ക്കുന്നത്. ഈ പരിക്കില്‍ നിന്നും മോചിതനായി വരുന്നതിനിടെയാണ് ഇപ്പോള്‍ നടക്കുന്ന അര്‍ജന്റീനയുടെ ദേശീയ ക്യാംപില്‍ വച്ച് റൊമേറോയ്ക്കു വീണ്ടും പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ താരത്തിന്റെ ലോകകപ്പ് പ്രതീക്ഷ അവസാനിക്കുകയായിരുന്നു.
റൊമേറോയെക്കൂടാതെ ചെല്‍സിയുടെ വെറ്ററന്‍ ഗോളി വില്ലി കബാല്ലെറോ, റിവര്‍പ്ലേറ്റിന്റെ ഫ്രാങ്കോ അര്‍മാനി എന്നിവരായിരുന്നു റഷ്യന്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിലെ മറ്റു ഗോള്‍കീപ്പര്‍മാര്‍. റൊമേറോയുടെ പകരക്കാനായി നേരത്തേ സാധ്യതാ ലിസ്റ്റില്‍ ഉണ്ടായിരുന്ന നഹ്വല്‍ ഗുസ്മാനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പായിട്ടുണ്ട്.