തിരുവനന്തപുരം: ആഗോള ക്രിക്കറ്റ് വേദികളുടെ ഭൂപടത്തില്‍ ഇനി തിരുവനന്തപുരത്തിനും സ്ഥാനം. ആസ്‌ത്രേലിയക്കും ന്യൂസിലാന്‍ഡിനും പിറകെ ഇന്ത്യയില്‍ തിരുവനന്തപുരത്താണ് ലോകത്തെ മൂന്നാമത്തെ ഡ്രോപ് ഇന്‍ പിച്ച് ഉണ്ടാക്കുന്നതെന്നു കേട്ടാല്‍ നെറ്റിചുളിക്കേണ്ട. കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പിച്ച് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനുമായി ഇതിനകം കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഇതിന്റെ പ്രഖ്യാപനം കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു.
ഏകദേശം പത്തു കോടിയോളം രൂപ ചെലവാക്കിയാണ് പിച്ച് ഒരുക്കുന്നത്. ഒരു കൊല്ലം കൊണ്ട് പണി പൂര്‍ത്തിയാകും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്(ആസ്‌ത്രേലിയ), ഏദന്‍ പാര്‍ക്ക്(ന്യൂസിലാന്‍ഡ്) എന്നിവിടങ്ങളില്‍ മാത്രമാണ് ഈ സൗകര്യം ഇപ്പോഴുള്ളത്. ടെക്‌നോപാര്‍ക്ക് ക്യാംപസിനു സമീപമാണ് ഈ ആധുനിക സ്‌പോര്‍ട്‌സ് കോംപ്ലക്‌സുള്ളത്. ഏകദേശം 375 കോടി രൂപ ചെലവാക്കി നിര്‍മിച്ച സ്റ്റേഡിയത്തിന് 50000ഓളം ആളുകളെ ഉള്‍കൊള്ളാനാകും. അന്താരാഷ്ട്രഫുട്‌ബോള്‍ അസോസിയേഷനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും ഗ്രീന്‍ഫീല്‍ഡിനെ വേദിയായി അംഗീകരിച്ചിട്ടുണ്ട്.
എന്താണ് ഡ്രോപ് ഇന്‍ പിച്ചുകള്‍?
മത്സരത്തിനു ശേഷം ഇളക്കിമാറ്റാന്‍ കഴിയുന്ന പിച്ചുകളെയാണ് ഡ്രോപ് ഇന്‍ പിച്ച് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ചുരുക്കത്തില്‍ പിച്ചുകള്‍ കൊണ്ടു വന്ന് മത്സരം നടത്തുക. ഫുട്‌ബോളിനും ക്രിക്കറ്റിനുമായി സ്‌റ്റേഡിയത്തെ ഉപയോഗപ്പെടുത്താന്‍ ഇതോടെ സാധിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു അന്താരാഷ്ട്രക്രിക്കറ്റ് മത്സരം ഈ സ്‌റ്റേഡിയത്തില്‍ കൊണ്ടു വരികയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ലക്ഷ്യം.