
ഗംഭീരമായി തുടങ്ങി ഇന്ത്യ
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തീരുമാനം തെറ്റിയില്ല. ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. പതിവ് പോലെ വെടിക്കെട്ട് ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയ ഷഫാലി 29 പന്തില്‍ 24 റണ്‍സുമായി ആദ്യം പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 62 റണ്‍സുണ്ടായിരുന്നു.
ഒരുവശത്ത് സ്മൃതി മന്ദാന അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയത് ഇന്ത്യക്ക് കരുത്തായി. 155ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കത്തിക്കയറിയ സ്മൃതി സ്വപ്‌ന തുല്യമായ തുടക്കമാണ് ഇന്ത്യക്ക് നേടിക്കൊടുത്തത്. ഇന്ത്യയുടെ ടീം സ്‌കോറിന്റെ പകുതിയിലധികവും സ്മൃതിയാണ് നേടിയത്.
Also Read: IND vs AUS: ടെസ്റ്റ് ടീമില്‍ മാറ്റമില്ല, രാഹുല്‍ തുടരും! ഏകദിനത്തില്‍ സഞ്ജുവിന് സീറ്റില്ല

ഇന്ത്യയുടെ നട്ടെല്ലായി സ്മൃതി
ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്‌വുമണ്‍സെല്ലാം പരാജയമായി മാറിയപ്പോള്‍ ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് സ്മൃതി മന്ദാനയുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ്. 56 പന്തില്‍ 87 റണ്‍സാണ് സ്മൃതി നേടിയത്. 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 155.35 സ്‌ട്രൈക്കറേറ്റിലാണ് സ്മൃതി തകര്‍ത്തുകളിച്ചത്.
സ്മൃതിയുടെ ബാറ്റിങ് പ്രകടനമില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 120നുള്ളില്‍ ഒതുങ്ങിയേക്കുമായിരുന്നു. നിര്‍ണ്ണായക സമയത്ത് മികച്ച ബാറ്റിങ് പ്രകടനത്തോടെ ഇന്ത്യയെ സ്മൃതി രക്ഷിച്ചു. പരിക്കിന് ശേഷം മടങ്ങിയെത്തിയ സ്മൃതി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.

മികച്ച തുടക്കം മുതലാക്കാനായില്ല
എന്നാല്‍ ലഭിച്ച മികച്ച തുടക്കത്തെ മുതലാക്കുന്നതില്‍ ഇന്ത്യയുടെ മധ്യനിര പരാജയപ്പെട്ടു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (20 പന്തില്‍ 13) മെല്ലപ്പോക്ക് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. റിച്ച ഘോഷ് ഡക്കായപ്പോള്‍ ജെമീമ റോഡ്രിഗസിന് (12 പന്തില്‍ 19) വലിയ സ്‌കോര്‍ നേടാനായില്ല.
ദീപ്തി ശര്‍മ ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്. പൂജ വസ്ത്രാക്കര്‍ (2) പുറത്താവാതെ നിന്നു. പ്രതീക്ഷക്കൊത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്ന് തന്നെ പറയാം. അയര്‍ലന്‍ഡിനായി ലൗറ ഡിലാനി മൂന്നും ഓര്‍ല ഒര്‍വ പ്രന്റര്‍ഗാസ്റ്റി രണ്ടും എര്‍ലിന്‍ കെല്ലി ഒരു വിക്കറ്റും വീഴ്ത്തി.
Also Read: IND vs AUS: കിങ് കോലി, സച്ചിന്റെ ലോക റെക്കോഡ് പഴങ്കഥയാക്കി! എന്താണെന്നറിയാം

ബൗളിങ്ങിലും ഇന്ത്യ മിന്നിച്ച് തുടങ്ങി
ബൗളിങ്ങിലും ഇന്ത്യയുടെ തുടക്കം തകര്‍പ്പനായിരുന്നു. ആദ്യ പന്തില്‍ത്തന്നെ അയര്‍ലന്‍ഡ് ഓപ്പണര്‍ ആമി ഹണ്ടര്‍ റണ്ണൗട്ടായി. ജെമീമ റോഡ്രിഗസ്-റിച്ചാ ഘോഷ് കൂട്ടുകെട്ടാണ് ഹണ്ടറിനെ മടക്കിയത്. ഒര്‍വ പ്രന്റര്‍ഗാസ്റ്റിനെയും (0) ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ രേണുക സിങ് പുറത്താക്കി.
ആദ്യ ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും രണ്ട് അയര്‍ലന്‍ഡ് താരങ്ങള്‍ മടക്കടിക്കറ്റ് വാങ്ങിയിരുന്നു. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട അയര്‍ലന്‍ഡിന് ഗാബി ലെവിസ്-ക്യാപ്റ്റന്‍ ലൗറ ഡെലാനി കൂട്ടുകെട്ട് അടിത്തറ പാകി.

മഴ കളി മുടക്കി
ഇന്ത്യയുടെ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 8.2 ഓവറില്‍ 2 വിക്കറ്റിന് 54 റണ്‍സെന്ന നിലയില്‍ നില്‍ക്കവെ മഴ വില്ലനായെത്തി. മത്സരം തുടരാനാവാത്ത വിധം മഴ പെയ്തതോടെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിന്റെ ജയം ഇന്ത്യക്കൊപ്പം. ഇതോടെ സെമിയിലേക്കും ഇന്ത്യ മുന്നേറി. ഗാബി ലെവിസ് (25 പന്തില്‍ 32*) ലൗറ ഡിലാനി (20 പന്തില്‍ 17*) അയര്‍ലന്‍ഡിനായി പുറത്താവാതെ നിന്നു.


Click it and Unblock the Notifications
