IND vs AUS: കിങ് കോലി, സച്ചിന്റെ ലോക റെക്കോഡ് പഴങ്കഥയാക്കി! എന്താണെന്നറിയാം

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം നേടിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും മൂന്ന് ദിവസത്തിനുള്ളില്‍ ഓസ്‌ട്രേലിയക്കെതിരേ ജയിച്ച് തട്ടകത്തിലെ കരുത്ത് ഇന്ത്യ തെളിയിച്ചിരിക്കുകയാണ്.
എത്രയൊക്കെ മുന്നൊരുക്കം നടത്തിയാലും തങ്ങളുടെ സ്പിന്നര്‍മാര്‍ കീഴ്‌പ്പെടുത്തുക പ്രയാസമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ബാറ്റിങ് നിര ഇപ്പോഴും ശരാശരിയില്‍ മാത്രം നില്‍ക്കുകയാണെങ്കിലും ബൗളര്‍മാര്‍ ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുന്നു.
ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലി വലിയൊരു പ്രകടനമല്ല ബാറ്റിങ്ങില്‍ കാഴ്ചവെച്ചത്. ടെസ്റ്റില്‍ മൂന്ന് വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലുമില്ല. ഡല്‍ഹി ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 44 റണ്‍സ് നേടിയ കോലി രണ്ടാം ഇന്നിങ്‌സില്‍ 20 റണ്‍സെടുത്താണ് പുറത്തായത്.
ബാറ്റിങ്ങില്‍ പഴയ പ്രധാപമില്ലെങ്കിലും വമ്പന്‍ റെക്കോഡ് സ്വന്തമാക്കിയാണ് കോലി മടങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 25000 റണ്‍സെന്ന നേട്ടമാണ് കോലി സ്വന്തം പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്.

സച്ചിനെ പിന്നിലാക്കി
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്നിലാക്കിയാണ് കോലി ഈ നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. 549 ഇന്നിങ്‌സാണ് ഈ നേട്ടത്തിലേക്കെത്താന്‍ കോലിക്ക് വേണ്ടിവന്നത്. 53.64 ശരാശരിയിലാണ് കോലിയുടെ പ്രകടനം.
സച്ചിന്‍ 577 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് 588 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയപ്പോള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസ് 594 ഇന്നിങ്‌സിലൂടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.
Also Read: IND vs AUS: രണ്ട് തവണ ഡെക്ക്! 100ാം ടെസ്റ്റില്‍ നാണംകെട്ട് പുജാര- ട്രോളുമായി ആരാധകര്‍

റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്ത്
അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ വിരാട് കോലി നിലവില്‍ ആറാം സ്ഥാനത്താണ്. 34357 റണ്‍സുമായി സച്ചിന്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ്. 28016 റണ്‍സാണ് സംഗക്കാരക്കുള്ളത്.
റിക്കി പോണ്ടിങ് (27483), മഹേല ജയവര്‍ധന (25957), ജാക്‌സ് കാലിസ് (25534) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്. ഇതേ ഫോമില്‍ കോലി തുടര്‍ന്നാല്‍ ഇവരില്‍ പലരേയും കോലി മറികടക്കുമെന്നുറപ്പ്. ഇതില്‍ സച്ചിന്റെ റെക്കോഡ് എത്തിപ്പിടിക്കുക കോലിയെ സംബന്ധിച്ച് കടുപ്പമാവും.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ റണ്‍സുള്ള താരങ്ങളില്‍ കോലി എട്ടാം സ്ഥാനത്താണ്. 1682 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (3262), റിക്കി പോണ്ടിങ് (2555), വിവിഎസ് ലക്ഷ്മണ്‍ (2434), രാഹുല്‍ ദ്രാവിഡ് (2143), മൈക്കല്‍ ക്ലാര്‍ക്ക് (2049), ചേതേശ്വര്‍ പുജാര (1893) എന്നിവരാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്.
ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ഈ റെക്കോഡില്‍ മുന്നോട്ട് പോകാന്‍ കോലിക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയേണ്ടതാണ്. പരിമിത ഓവറില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിച്ച കോലിക്ക് ടെസ്റ്റിലേക്ക് മിന്നും തിരിച്ചുവരവ് സാധ്യമാകുമോയെന്നതും കാത്തിരുന്ന് കാണണം.
Also Read: IND vs AUS: ഇനിയെങ്കിലും പുറത്താക്കൂ! ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് രാഹുല്‍- രൂക്ഷ വിമര്‍ശനം

ടെസ്റ്റില്‍ കോലി സ്റ്റംപൗട്ടായി
ഡല്‍ഹി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ വിരാട് കോലി സ്റ്റംപിങ്ങിലൂടെയാണ് പുറത്തായത്. ടോഡ് മര്‍ഫിയുടെ പന്തില്‍ കയറി കളിച്ച കോലിക്ക് പിഴച്ചു. അലക്‌സ് ക്യാരി സ്റ്റംപിങ്ങിലൂടെ മടക്ക ടിക്കറ്റും നല്‍കി. ഇതാദ്യമായാണ് ടെസ്റ്റില്‍ കോലി സ്റ്റംപിങ്ങിലൂടെ പുറത്താവുന്നത്.
മത്സരത്തില്‍ ചേതേശ്വര്‍ പുജാരയുമായുണ്ടായ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് രോഹിത് ശര്‍മ റണ്ണൗട്ടായിരുന്നു. 20 പന്തില്‍ 31 റണ്‍സുമായി മികച്ച ഫോമില്‍ നില്‍ക്കവെയാണ് രോഹിത് റണ്ണൗട്ടാവുന്നത്. ടെസ്റ്റില്‍ രോഹിത് റണ്ണൗട്ടാവുന്നതും ഇതാദ്യമായാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications