2013ന് ശേഷം കപ്പില്ല! ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് എവിടെ പിഴക്കുന്നു? അറിയാം

മുംബൈ: ലോക ക്രിക്കറ്റിലെ വമ്പന്മാരുടെ നിരയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. എല്ലാ കാലത്തും സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമായിരുന്നു ഇന്ത്യന്‍ ടീം. എന്നാല്‍ സമീപകാലത്തെ ഐസിസി ടൂര്‍ണമെന്റുകളിലെ പ്രകടനം നോക്കുമ്പോള്‍ ഇന്ത്യ പിന്നോട്ട് പോവുന്നതായാണ് കാണാനാവുന്നത്.
2013ന് ശേഷം ഒരു ഐസിസി ട്രോഫി പോലും ഇന്ത്യയുടെ അലമാരയിലില്ല. എംഎസ് ധോണി നായകനായിരിക്കെ ഇന്ത്യ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് സമീപകാലത്തായി എടുത്തു പറയാവുന്ന വലിയ കിരീടം. ധോണി പടിയിറങ്ങി വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ നായകരായിട്ടും ഇന്ത്യക്ക് കപ്പില്ല.
സെമിയിലും ഫൈനലിലുമെല്ലാം എത്തുമ്പോഴും കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. ഐസിസി ടൂര്‍ണമെന്റുകളിലേക്ക് വരുമ്പോള്‍ എവിടെയാണ് ഇന്ത്യക്ക് പിഴക്കുന്നത്? ഇന്ത്യ പിന്നോട്ട് പോവാനുള്ള കാരണങ്ങള്‍ പരിശോധിക്കാം.

ടീം സെലക്ഷനിലെ പാളിച്ച
ഇന്ത്യയുടെ സമീപകാലത്തെ ഐസിസി ട്രോഫികളിലെ മോശം പ്രകടനത്തിന്റെ കാരണം ടീം സെലക്ഷനിലെ പാളിച്ചയാണെന്ന് പറയാം. പല പ്രതിഭകളെയും മനപ്പൂര്‍വ്വം തഴഞ്ഞുകൊണ്ടുള്ള ടീം തിരഞ്ഞെടുപ്പ് ഇന്ത്യയെ ബാധിക്കുന്നുണ്ടെന്ന് തന്നെ പറയാം.
ഉദാഹരണമായി 2019ലെ ഏകദിന ലോകകപ്പ് തന്നെയെടുക്കാം. ഇന്ത്യ ലോകകപ്പ് മുന്നില്‍ക്കണ്ട് വളര്‍ത്തിക്കൊണ്ടുവന്ന അമ്പാട്ടി റായിഡുവിനെ അപ്രതീക്ഷിതമായി തഴഞ്ഞാണ് വിജയ് ശങ്കറിന് അവസരം നല്‍കിയത്. ഈ തീരുമാനം അമ്പേ പാളിപ്പോവുകയും ചെയ്തു.
ഇത്തരത്തില്‍ ടീം സെലക്ഷനിലെ പല തെറ്റായ തീരുമാനങ്ങളും ഇന്ത്യക്ക് തിരിച്ചടിയായി മാറിയെന്ന് കണക്കുകള്‍ നോക്കിയാല്‍ വ്യക്തം. ഇന്ത്യ വരാനിരിക്കുന്ന ലോകകപ്പിനായി മികച്ച ടീമിനെ നേരത്തെ തിരഞ്ഞെടുത്ത് അവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുകയും ചെയ്യേണ്ടതായുണ്ട്.
Also Read: IPL 2023: ഇവര്‍ക്ക് ബിസിസിഐ കൂച്ചുവിലങ്ങിടും! എല്ലാ മത്സരവും കളിക്കാനാവില്ല-അഞ്ച് പേര്‍

ചില താരങ്ങളെ മാത്രം ആശ്രയിക്കുന്നു
ഏറെ നാളുകളായി ഇന്ത്യന്‍ ടീമിനെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ചില താരങ്ങളെ മാത്രം ആശ്രയിക്കുന്നുവെന്നത്. നിലവിലെ ടീമിലേക്ക് നോക്കിയാല്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരിലേക്ക് പലപ്പോഴും ഇന്ത്യ ചുരുങ്ങുന്നു.
ഇരുവരും മാച്ച് വിന്നിങ് പ്രകടനം നടത്താനാവാത്ത പക്ഷം ഇന്ത്യ തോല്‍ക്കുമെന്ന അവസ്ഥയാണ് ഐസിസി ടൂര്‍ണമെന്റുകളിലുള്ളത്. ഇത് മാറേണ്ടതായുണ്ട്. സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ സ്ഥിരതകാട്ടി ഉയര്‍ന്നുവരേണ്ടതായുണ്ട്.
ഇന്ത്യയുടെ ടോപ് അഞ്ചില്‍ കൂടുതല്‍ മാച്ച് വിന്നര്‍മാരെ വളര്‍ത്തിയെടുക്കേണ്ടതായുണ്ട്. അനുഭവസമ്പത്തിനൊപ്പം സമീപകാലത്തെ ഫോം വിലയിരുത്തി താരങ്ങളെ പരിഗണിക്കാനും ശ്രദ്ധിക്കേണ്ടതായുണ്ട്.

പദ്ധതികളിലെ പെട്ടെന്നുള്ള മാറ്റം
ഇന്ത്യന്‍ ടീം പിന്നോട്ട് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പദ്ധതികളിലെ പെട്ടെന്നുള്ള മാറ്റമാണ്. താരങ്ങളെ സ്ഥിരമായി കളിപ്പിക്കുന്ന ബാറ്റിങ് പൊസിഷനില്‍ നിന്ന് മാറ്റി പരീക്ഷിക്കുന്നതും ബൗളിങ് കൂട്ടുകെട്ട് പൊളിക്കുന്നതുമെല്ലാം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നു.
ഇന്ത്യയുടെ അനാവശ്യ പരീക്ഷണങ്ങള്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ പാടില്ലെന്നതാണ് മുന്‍ കണക്കുകള്‍ നോക്കുമ്പോള്‍ വ്യക്തമാവുന്നത്. ഇന്ത്യ കൃത്യമായ പദ്ധതികളില്‍ ഉറച്ചുനിന്ന് മുന്നോട്ട് പോവുകയും ഭാഗ്യ പരീക്ഷണത്തിന് മുതിരാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യം.
Also Read: യോയോ ടെസ്റ്റ് വരുന്നു, ഇന്ത്യയുടെ ആരൊക്കെ പരാജയപ്പെടും? ഈ താരങ്ങള്‍ പേടിക്കണം

ഓള്‍റൗണ്ടര്‍മാര്‍ കൂടുതല്‍ വേണം
ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ടീമില്‍ നിഴലിച്ച് നില്‍ക്കുന്ന പ്രശ്‌നങ്ങളിലൊന്ന് മാച്ച് വിന്നര്‍മാരായ ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. ഹര്‍ദിക് പാണ്ഡ്യയെന്ന ഒറ്റ പേരിലേക്ക് ഇന്ത്യ ഒതുങ്ങിപ്പോവുന്നു.
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ പന്തെറിയാന്‍ തയ്യാറുള്ള ആരുമില്ലാത്ത സാഹചര്യത്തില്‍ നിലവിലെ ഓള്‍റൗണ്ടര്‍മാരുടെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ ഇടപെടേണ്ടതായുണ്ട്. വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരുടെയെല്ലാം ബാറ്റിങ് മെച്ചപ്പെടുത്താന്‍ ഇടപെടല്‍ വേണം.
സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്കിനെത്തുടര്‍ന്ന് ഐസിസി ടൂര്‍ണമെന്റ് നഷ്ടമാവുന്ന സാഹചര്യവും ഒഴിവാക്കണം. താരങ്ങള്‍ക്ക് ആവിശ്യത്തിന് വിശ്രമം നല്‍കി ഫിറ്റ്‌നസ് ശ്രദ്ധിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications