IPL: എന്തു കൊണ്ട് തന്നെ ബൗള്‍ ചെയ്യിക്കുന്നില്ല? ധോണിയുടെ മറുപടി ഞെട്ടിച്ചു- ചഹര്‍
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് യുവ പേസര്‍ ദീപക് ചഹര്‍. താരത്തിനു ദേശീയ ടീമിലേക്കു വഴി തുറന്നത് എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെയ്ക്കു നടത്തിയ മിന്നുന്ന പ്രകടനങ്ങളായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ചഹറിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞ് വളര്‍ത്തിക്കൊണ്ടു വന്നതില്‍ ധോണി വഹിച്ച പങ്ക് വലുതായിരുന്നു. 2016ല്‍ അന്നു ധോണി കളിച്ച റൈസിങ് പൂനെ ജയന്റ്‌സിലൂടെയായിരുന്നു ചഹറിന്റെ അരങ്ങേറ്റം. പിന്നീട് ധോണി സിഎസ്‌കെയില്‍ തിരിച്ചെത്തിയപ്പോള്‍ ചഹര്‍ അദ്ദേഹത്തിനൊപ്പം തന്നെ തുടരുകയും ചെയ്തു.
പന്ത് ഇരുവശങ്ങളിലേക്കും നന്നായി സ്വിങ് ചെയ്യിക്കാന്‍ മിടുക്കനായ ചഹറിനെക്കൊണ്ട് പലപ്പോഴും ധോണി ഓവറുകള്‍ നേരത്തേ തന്നെ എറിയിക്കാറാണ് ഐപിഎല്ലില്‍ ചെയ്യാറുള്ളത്. ഇതുകാരണം ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തിന് പലപ്പോഴും അവസരം ലഭിക്കാറുമില്ല. ഇതിനെക്കുറിച്ച് ഒരിക്കല്‍ ധോണിയോടു താന്‍ ചോദിച്ചിരുന്നതായും അപ്പോള്‍ ലഭിച്ച മറുപടി അമ്പരപ്പിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ചഹര്‍.

മഹിഭ ഭായിയുടെ മറുപടി
ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്രയുടെ ആകാഷ്‌വാണിയെന്ന ഷോയിലായിരുന്നു ചഹര്‍ മനസ്സ് തുറന്നത്. മഹി ഭായിയോട് ഇതേക്കുറിച്ച് ഒരിക്കല്‍ ചോദിച്ചിരുന്നു. വെറും രണ്ടു വാക്കുകളിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് കേട്ടപ്പോള്‍ അമ്പരന്നിട്ടുണ്ടെന്നും ചഹര്‍ പറയുന്നു.
ബൗളിങ് കോച്ചിനോടായിരുന്നു ആദ്യം ഇതേക്കുറിച്ച് ചോദിച്ചത്. നിങ്ങള്‍ക്കു ഡെത്ത് ഓവറില്‍ അവസരം ലഭിക്കേണ്ടത് തന്നെയാണെന്നായിരുന്നു കോച്ചിന്റെ മറുപടി. ഇതോടെ ഒരുവിധത്തില്‍ ധൈര്യം സംഭരിച്ച് മഹി ഭായിയോടു ചോദിച്ചു. ഞാന്‍ കളിക്കാരെ വളര്‍ത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇതെന്നായിരുന്നു ധോണിയുടെ മറുപടി. മറ്റൊന്നും അദ്ദേഹം പറഞ്ഞില്ലെന്നും ചഹര്‍ വെളിപ്പെടുത്തി.

ധോണിയുടെ പിന്തുണ
എന്തുകൊണ്ടാണ് ധോണിയില്‍ നിന്നും ഇത്രയുമധികം പിന്തുണ ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിനു ചഹറിന്റെ മറുപടി ഇങ്ങനെയായിരുന്നു- കളിയില്‍ എല്ലാ തരത്തിലും ടീമിനെ സഹായിക്കാന്‍ കഴിയുന്നവരെയാണ് ധോണി പിന്തുണയ്ക്കാറുള്ളതെന്നാണ് തനിക്കു തോന്നിയിട്ടുള്ളത്. മൂന്നിലും (ബൗളിങ്, ബാറ്റിങ്, ഫീല്‍ഡിങ്) സംഭാവന ചെയ്യുന്നതു കൊണ്ടായിരിക്കാം അദ്ദേഹം തന്നെ പിന്തുണയ്ക്കുന്നതെന്നാണ് തോന്നുന്നത്. ഒരു ബൗളര്‍ക്കു ചിലപ്പോള്‍ ഒരു മോശം ദിവസമുണ്ടായിരിക്കാം. എന്നാല്‍ മികച്ചൊരു ക്യാച്ചിലൂടെയോ ബൗണ്ടറി, സിക്‌സര്‍ എന്നിവയിലൂടെയോ ടീമിനെ ജയിപ്പിക്കാന്‍ താരത്തിനു കഴിയും.

സിഎസ്‌കെ ടീം
സിഎസ്‌കെ ടീമിന്റെ കാര്യമെടുത്താല്‍ ഇതുപോലെ മൂന്നിലും തിളങ്ങാന്‍ കഴിയുന്ന ഒരുപാട് കളിക്കാര്‍ സിഎസ്‌കെയ്ക്കുണ്ട്. ടി20 ഫോര്‍മാറ്റില്‍ ഒരു താരത്തിനു ടീമിനു വേണ്ടി എന്തും ചെയ്യേണ്ടിവരും.
ഐപിഎല്ലില്‍ ശക്തമായ ബാറ്റിങ് നിരയും ബൗളിങ് നിരയുമുള്ള ടീമുകളുണ്ട്. എങ്കിലും കുറച്ചു താരങ്ങളെ അമിതമായി ആശ്രയിച്ചാണ് അവര്‍ കളിക്കുന്നത്. ഇവരിലൊരാള്‍ മികച്ച പ്രകടനം നടത്തിയാല്‍ ഒറ്റയ്ക്കു തന്നെ ടീമിനെ ഒറ്റയ്ക്കു ജയിപ്പിക്കാനാവും. എന്നാല്‍ ഇവര്‍ തിളങ്ങിയില്ലെങ്കില്‍ ടീമും പതറുമെന്ന് ചഹര്‍ അഭിപ്രായപ്പെട്ടു.
യുഎഇയിലെത്തിയ ശേഷം കൊവിഡ് ബാധിച്ചെങ്കിലും അസുഖം ഭേദമായി സിഎസ്‌കെ ടീമില്‍ തിരിച്ചെത്തിയ ചഹര്‍ ശനിയാഴ്ച മുംബൈയ്‌ക്കെതിരായ ഉദ്ഘാടന മല്‍സരത്തിനു കച്ചമുറുക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications