ഓസീസ് എല്ലാവരെയും സ്ലെഡ്ജ് ചെയ്യും, പക്ഷെ സച്ചിനെ ചെയ്യില്ല!, കാരണമുണ്ടെന്ന് ബ്രെറ്റ് ലീ

ലോക ക്രിക്കറ്റിലെ ബാറ്റിങ് വിസ്മയമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എതിരാളികള്‍ പോലും ആരാധിക്കുന്ന പ്രതിഭാസമാണ് സച്ചിന്‍. സച്ചിന്റെ ഓരോ ഷോട്ടുകള്‍ക്ക് പോലും പ്രത്യേകം ആരാധകരുണ്ടായിരുന്നുവെന്ന് തന്നെ പറയാം. സച്ചിന്‍ കളിച്ച പിച്ചുകളിലെല്ലാം തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തിയാണ് മടങ്ങിയത്. ലോകത്തെ ഏത് ബൗളറും സച്ചിന്റെ സാങ്കേതിക മികവിന് മുന്നില്‍ തലകുനിക്കാതിരുന്നിട്ടില്ല. പേസ് നിരയിലെയും സ്പിന്‍ നിരയിലേയും ഒട്ടുമിക്ക വമ്പന്മാരും സച്ചിന്റെ ബാറ്റിങ് മികവിനെ പ്രശംസിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ സച്ചിനെ കളത്തില്‍ വിറപ്പിച്ചിട്ടുള്ള ബൗളര്‍മാരിലൊരാളാണ്. സച്ചിനും ലീയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം എന്നും ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. സച്ചിനെതിരേ മികച്ച റെക്കോഡും ബ്രെറ്റ് ലീക്ക് അവകാശപ്പെടാം. ഒരു കാലത്ത് ക്രിക്കറ്റില്‍ എതിരാളികളില്ലാത്ത രാജാക്കന്മാരായിരുന്നു ഓസ്‌ട്രേലിയ. സ്ലെഡ്ജിങ്ങിലൂടെ എതിരാളികളെ മാനസികമായി തകര്‍ക്കാനും അവര്‍ മിടുക്കരായിരുന്നു.

എന്നാല്‍ സച്ചിനെ മാത്രം ഓസീസ് ടീം സ്ലെഡ്ജ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. സച്ചിനെ പ്രകോപിതനാക്കാന്‍ മനപ്പൂര്‍വം ഓസ്‌ട്രേലിയ ശ്രമിച്ചിരുന്നില്ല. ഇപ്പോഴിതാ എല്ലാവരെയും സ്ലെഡ്ജ് ചെയ്യുമെങ്കിലും ഓസ്‌ട്രേലിയ സച്ചിനെ സ്ലെഡ്ജ് ചെയ്യില്ലെന്നും അതിനൊരു കാരണമുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രെറ്റ് ലീ. 'സച്ചിന്‍ കളത്തിന് പുറത്തുള്ളത് എങ്ങനെയോ അതിന് നേരെ വിപരീതമാണ് കളത്തിനുള്ളില്‍. പന്തെറിയാന്‍ പോവുമ്പോള്‍ സച്ചിന്റെ കണ്ണിലേക്ക് നോക്കുക.
കടുവ കണ്ണിലേക്ക് നോക്കുന്ന പോലെയുണ്ടാവും. സച്ചിന് വെല്ലുവിളികള്‍ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ കളിക്കാനിറങ്ങുമ്പോള്‍ ഞങ്ങള്‍ ഒരു കാര്യം പരസ്പരം പറയാറുണ്ട്. സച്ചിന്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ അദ്ദേഹത്തോട് സംസാരിക്കരുത്. കാരണം സ്ലെഡ്ജ് ചെയ്യാന്‍ പോയി സച്ചിന്റെ വരുതിയിലേക്ക് കാര്യങ്ങളെത്തിയാല്‍ അവന്‍ എന്നെന്നേക്കുമായി ബാറ്റ് ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയാം'-ബ്രെറ്റ് ലീ പറഞ്ഞു.
T20 World Cup 2022: റിഷഭ് പന്തില്ല, ഹൂഡക്ക് സീറ്റ്, ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

കളത്തിന് പുറത്ത് വളരെ ശാന്തനായ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കളത്തിനകത്തും അദ്ദേഹം അനാവശ്യമായി ദേഷ്യപ്പെടുന്നത് കാണാന്‍ സാധിക്കില്ല. എന്നാല്‍ തന്നെ വെല്ലുവിളിക്കുന്നവരോട് കളത്തിനകത്ത് ബാറ്റുകൊണ്ട് മറിപടി പറയുന്നതാണ് സച്ചിന്റെ ശീലം. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്തും ഷെയ്ന്‍ വോണുമെല്ലാം സച്ചിനെ വെല്ലുവിളിച്ചതിന്റെ ഭവിഷത്ത് നന്നായി അറിഞ്ഞിട്ടുള്ളവരാണ്.
ബ്രെറ്റ് ലീയും സച്ചിനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ രണ്ട് പേരും വാശിയോടെ പൊരുതാറുണ്ട്. ഒരു തവണ ബ്രെറ്റ് ലീയുടെ ബീമര്‍ സച്ചിന്റെ ഹെല്‍മറ്റിനടിച്ചപ്പോള്‍ ലീ ഉടനെ മാപ്പ് പറയുകയും സച്ചിന്‍ തോളത്ത് തട്ടി ചിരിക്കുകയുമാണ് ചെയ്തത്. ഇത്തരത്തില്‍ കളത്തിനകത്ത് എങ്ങനെ പെരുമാറണമെന്നതിന്റെ ഉത്തമ മാതൃകയാണ് സച്ചിനെന്ന് പറയാം.

കളത്തിനകത്തും പുറത്തും സച്ചിനോട് വലിയ ബഹുമാനം കാത്ത് സൂക്ഷിക്കുന്ന താരമാണ് ബ്രെറ്റ് ലീ. സച്ചിനോടുള്ള തന്റെ സ്‌നേഹത്തെക്കുറിച്ചും ലീ തുറന്ന് പറഞ്ഞു. 'സച്ചിനുമായി കളത്തിന് പുറത്തും ബന്ധം പുലര്‍ത്തുകയെന്നത് എന്നെ സംബന്ധിച്ച് അഭിമാനിക്കാവുന്ന കാര്യമാണ്. ഞങ്ങള്‍ ഒരുമിച്ച ഭക്ഷണം കഴിക്കാന്‍ പോയിട്ടുണ്ട്. എപ്പോഴും താഴ്മയോട് പെരുമാറുന്ന വലിയ മനുഷ്യനാണ് അദ്ദേഹം. സച്ചിനോട് ഏറ്റവും ഇഷ്ടം അദ്ദേഹം കുട്ടികളോട് പെരുമാറുന്ന രീതിയാണ്'-ബ്രെറ്റ് ലീ പറഞ്ഞു.
T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

സച്ചിനും ബ്രെറ്റ് ലീയും 42 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയത്. 2329 റണ്‍സാണ് സച്ചിന്‍ ബ്രെറ്റ് ലീക്ക് നേരെ നേടിയത്. ലീ സച്ചിനെ 14 തവണയും പുറത്താക്കി. ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോഡുള്ള താരമാണ് സച്ചിന്‍. നാല് സെഞ്ച്വറിയും 11 ഫിഫ്റ്റിയും സച്ചിന്‍ ഓസീസിനെതിരേ നേടിയിട്ടുണ്ട്. ബ്രെറ്റ് ലീയുടെ ബൗളിങ് ആക്ഷനെ പ്രേമിക്കാത്ത ക്രിക്കറ്റ് ആരാധകര്‍ കുറവാണെന്ന് പറയാം. സച്ചിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവാണ് ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications