മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാറില്ല, ജിമ്മി പറഞ്ഞത് അറിഞ്ഞപ്പോള്‍ അസ്വസ്ഥനായി! മനസ്സ് തുറന്ന് ബുംറ
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് കളിയാവേശം കൊണ്ടു മാത്രമല്ല പല നാടകീയ സംഭവങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുടീമുകളിലെയും കളിക്കാര്‍ തമ്മിലുള്ള വാക് പോര് മല്‍സരം കൂടുതല്‍ ചൂടേറിയതാക്കി മാറ്റിയിരുന്നു. ഇംഗ്ലണ്ട് ഇന്നിങ്‌സിനിടെ വാലറ്റക്കാരനായ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെതിരേ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഒരോവറായിരുന്നു സംഭവങ്ങള്‍ക്കു തുടക്കമിട്ടത്. ഒന്നിലേറെ തവണ ബുംറ ബൗണ്‍സറുകള്‍ എറിയുകയും ആന്‍ഡേഴ്‌സന്റെ ദേഹത്തു കൊള്ളുകയും ചെയ്തിരുന്നു.
കുപിതനായ ആന്‍ഡേഴ്‌സന്‍ ബുംറയോടു ഇതേക്കുറിച്ച് മോശമായി സംസാരിക്കുകയുമായിരുന്നു.
ഇതാണ് ബുംറയെയും ഇന്ത്യയുടെ മറ്റു താരങ്ങളെയും പ്രകോപിപ്പിക്കുയും വാശി വര്‍ധിപ്പിക്കുകയും ചെയ്തത്. മല്‍സരത്തിലുടനീളം ഇന്ത്യന്‍ താരങ്ങള്‍ ഇതു പുറത്തെടുക്കുകയും ചെയ്തു. ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ പല തവണ വാഗ്വാദവും തുടര്‍ന്ന് പല ദിവസങ്ങളിലും കണ്ടിരുന്നു. ഈ സംഭവത്തെക്കുറിച്ചും അന്നു ആന്‍ഡേഴ്‌സന്‍ പറഞ്ഞ കാര്യത്തെക്കുറിച്ചുമെല്ലാം ദിനേശ് കാര്‍ത്തികുമായുള്ള അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് ബുംറ.

മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാറില്ല
വിശദാംശങ്ങളിലേക്കു കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കളിക്കാനിറങ്ങുമ്പോള്‍ മനപ്പൂര്‍വ്വം ആരെയെങ്കിലും പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ല. ഏതെങ്കിലുമൊരു ബാറ്റ്‌സ്മാനെ ലക്ഷ്യമിട്ട് കളിക്കാറുമില്ല. ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ സാധാരണയായി പരീക്ഷിക്കാറുള്ള ഒരു തന്ത്രം മാത്രമാണ് ബൗണ്‍സറുകള്‍. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പോവുമ്പോള്‍ പതിവായി സംഭവിക്കുന്നതാണിതെന്നും ആന്‍ഡേഴ്‌സനെതിരേ ബൗണ്‍സറുകള്‍ പരീക്ഷിച്ചതിനെക്കുറിച്ച് ബുംറ വ്യക്തമാക്കി.

ആന്‍ഡേഴ്‌സന്‍ പറഞ്ഞത് കേട്ടില്ല
ലോര്‍ഡ്‌സ് ടെസ്റ്റില്‍ അന്നത്തെ കളി പൂര്‍ത്തിയായപ്പോള്‍ ചില വാക്കുകള്‍ പരസ്പരം പറയുകയുണ്ടായി, ഞങ്ങള്‍ അതില്‍ സന്തുഷ്ടരുമായിരുന്നില്ല. ആന്‍ഡേഴ്‌സന്‍ എന്തായിരുന്നു പറഞ്ഞതെന്നു അപ്പോള്‍ ഞാന്‍ കേട്ടിരുന്നില്ല. കാരണം ഞാന്‍ അപ്പോള്‍ വളരെയധികം ക്ഷീണിതനായിരുന്നു (ചിരിക്കുന്നു).
പക്ഷെ എന്റെ ടീമംഗങ്ങള്‍ ജിമ്മിയുടെ വാക്കുകള്‍ കേട്ടിരുന്നു. സാധാരണയായി ഞാന്‍ ആരോടും ഏറ്റുമുട്ടാന്‍ പോവാറില്ല, മറ്റുള്ളവരുടെ വാക്കുകള്‍ അസ്വസ്ഥതയുണ്ടാക്കാറുമില്ല. പക്ഷെ ജിമ്മി പറഞ്ഞതിനെക്കുറിച്ച് ടീമംഗങ്ങള്‍ എന്നോടു പറഞ്ഞപ്പോള്‍ താന്‍ വളരെയധികം അസ്വസ്ഥനായതായി ബുംറ വെളിപ്പെടുത്തി.

എല്ലാവരും ഏറ്റുമുട്ടലിനു തയ്യാര്‍
ആന്‍ഡേഴ്‌സന്റെ വാക്കുകള്‍ ടീമിലെ എല്ലാവരെയും പ്രകോപിപ്പിക്കുകയും ആവേശം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് ടീമിനെതിരേ കൂടുതല്‍ വീറോടെ പൊരുതാനാണ് എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചത്. പരിധി വിടാതെ നോക്കാനും ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. അതോടൊപ്പം ജയമാണ് ടീമിന്റെ അന്തിമ ലക്ഷ്യമെന്ന കാര്യം മറക്കാതെ നോക്കുകയെന്നതും പ്രധാനമായിരുന്നു. കളിക്കളത്തിലെ തീപ്പൊരി ടീമിനു മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ ഉപയോഗിക്കാനും അതിലൂടെ മികച്ചൊരു ഫലം നേടിയെടുക്കാനുമായിരുന്നു ഞങ്ങള്‍ പരിശ്രമിച്ചത്. അതു സാധിക്കുകയും ചെയ്തതായി ബുംറ കൂട്ടിച്ചേര്‍ത്തു.

ഷമി- ബുംറ കൂട്ടുകെട്ട്
ലോര്‍ഡ്‌സ് ടെസ്റ്റില്‍ നാലാം ദിനം അവസാനിക്കുന്നതു വരെ ഇംഗ്ലണ്ടിനായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ അഞ്ചാമത്തെയും അവസാനത്തെയും ദിനം ബാറ്റിങിലും ബൗളിങിലും ഇന്ത്യ പുറത്തെടുത്ത അസാധാരാണ പോരാട്ടവീര്യം ഇംഗ്ലണ്ടിന്റെ കഥ കഴിക്കുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ എട്ടു വിക്കറ്റിന് 209 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. 182 റണ്‍സിന്റെ ലീഡ് മാത്രമേ അപ്പോള്‍ ഇന്ത്യക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ ക്രീസില്‍ ഒരുമിച്ച മുഹമ്മദ് ഷമി- ജസ്പ്രീത് ബുംറ തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു. 89 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്.
ഇത് 272 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാനും ഇന്ത്യയെ സഹായിച്ചു. പക്ഷെ ബൗളിങില്‍ ഇംഗ്ലണ്ടിനു മേല്‍ ഇന്ത്യ ആക്രമിച്ചു കയറുന്നതാണ് കണ്ടത്. വെറും 120 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔഔട്ടാവുകയും ചെയ്തു. മുഹമ്മദ് സിറാജ് നാലു വിക്കറ്റുകളെടുത്തപ്പോള്‍ മൂന്നു വിക്കറ്റുകളുമായി ബുംറ മികച്ച പിന്തുണ നല്‍കി. 151 റണ്‍സിന്റെ വമ്പന്‍ വിജയവും ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications