മികച്ച റെക്കോഡുള്ള സൂപ്പര്‍ താരങ്ങള്‍! പക്ഷെ ലോകകപ്പ് കളിച്ചിട്ടില്ല- അഞ്ച് പേരിതാ

മുംബൈ: ലോകകപ്പ് കളിക്കുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും സ്വപ്‌നമാണ്. എന്നാല്‍ അത്ര എളുപ്പത്തില്‍ നേടാവുന്ന നേട്ടമല്ലിതെന്ന് പറയാം. ഏറ്റവും മികച്ച താരങ്ങള്‍ക്ക് ലോകകപ്പിലേക്ക് വിളിയെത്തുമ്പോള്‍ പലപ്പോഴും ശരാശരി പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കേണ്ടി വരും.
എന്നാല്‍ ചില സമയത്തെങ്കിലും നിര്‍ഭാഗ്യവശാല്‍ തഴയപ്പെടുന്ന താരങ്ങളുമുണ്ട്. ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇതിഹാസങ്ങളെന്ന് വാഴ്ത്തപ്പെട്ട ഒട്ടുമിക്ക പ്രമുഖര്‍ക്കും കളിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും ലോകകപ്പ് കളിക്കാന്‍ അര്‍ഹതപ്പെട്ടിട്ടും അവസരം ലഭിക്കാതെ തഴയപ്പെട്ടവരുമുണ്ട്.
ലോകകപ്പ് കളിക്കാന്‍ ഇവര്‍ എന്തുകൊണ്ടും അര്‍ഹതപ്പെട്ടിരുന്നുവെന്ന് തോന്നിപ്പിക്കുന്ന ചിലരും തഴയപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ഭാഗമാവാന്‍ സാധിക്കാതെ പോയ പ്രതിഭാശാലികളായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

അലെസ്റ്റര്‍ കുക്ക്
ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് അലെസ്റ്റര്‍ കുക്ക്. ടെസ്റ്റ് ക്രിക്കറ്റിലാണ് കുക്ക് കൂടുതല്‍ തിളങ്ങിയത്. 2006ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ താരം 161 ടെസ്റ്റും 92 ഏകദിനവും 42 ടി20യും കളിച്ചിട്ടുണ്ട്. 2018വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ന്ന കുക്കിന് ഒരു ലോകകപ്പ് പോലും കളിക്കാനായില്ലെന്നതാണ് കൗതുകം.
3204 റണ്‍സാണ് കുക്കിന്റെ ഏകദിനത്തിലെ റണ്‍സ്. 36.4 ശരാശരിയും അദ്ദേഹത്തിനുണ്ട്. 2014വരെ ഏകദിനം കളിച്ചെങ്കിലും 2007ലെ ലോകകപ്പിലും 2011ലെ ലോകകപ്പിലുമൊന്നും അദ്ദേഹം ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായില്ലെന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്.
Also Read: സ്മൃതി മന്ദാനയുടെ ആസ്തി അറിയാമോ? കാര്‍ കളക്ഷന്‍, പ്രണയം- എല്ലാം അറിയാം

വിവിഎസ് ലക്ഷ്മണ്‍
ഇന്ത്യയുടെ ഫാബുലസ് ഫോറില്‍ പേര് ചേര്‍ത്ത താരങ്ങളിലൊരാളാണ് വിവിഎസ് ലക്ഷ്മണ്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരോടൊപ്പമെല്ലാം പേര് ചേര്‍ക്കപ്പെട്ട ലക്ഷ്മണ്‍ ടെസ്റ്റിലാണ് കൂടുതല്‍ തിളങ്ങിയത്. 1996-2012വരെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ ഒരു തവണ പോലും ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിച്ചില്ല.
2003ല്‍ ഇന്ത്യന്‍ ടീമില്‍ ലക്ഷ്മണ്‍ എത്തുമെന്ന് കരുതിയെങ്കിലും ദിനേഷ് മോംഗിയക്കാണ് അവസരം ലഭിച്ചത്. ഏകദിനത്തില്‍ ശരാശരിയാണ് ലക്ഷ്മണിന്റെ പ്രകടനം. 86 മത്സരത്തില്‍ നിന്ന് 30.7 ശരാശരിയില്‍ 6 സെഞ്ച്വറിയുള്‍പ്പെടെ 2338 റണ്‍സാണ് ലക്ഷ്മണ്‍ നേടിയത്. ഒരു ലോകകപ്പിലെങ്കിലും അദ്ദേഹം സ്ഥാനം അര്‍ഹിച്ചിരുന്നു.

ജസ്റ്റിന്‍ ലാംഗര്‍
ഓസ്‌ട്രേലിയയുടെ ജസ്റ്റിന്‍ ലാംഗറും ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയ സൂപ്പര്‍ താരങ്ങളിലൊരാളാണ്. താരസമ്പന്നമായ ഓസീസ് ടീമില്‍ ഏകദിനത്തില്‍ ലാംഗര്‍ക്ക് അധികം അവസരം ലഭിച്ചില്ലെന്നതാണ് വസ്തുത. 105 ടെസ്റ്റും 8 ഏകദിനവുമാണ് ലാംഗര്‍ ഓസീസിനായി കളിച്ചത്.
ടെസ്റ്റില്‍ 45.27 ശരാശരിയില്‍ 7696 റണ്‍സാണ് ലാംഗറുടെ പേരിലുള്ളത്. 23 സെഞ്ച്വറിയും 30 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. ഏകദിനത്തില്‍ വലിയ കരിയര്‍ ലഭിക്കാതെ പോയ ലാംഗര്‍ 2018-2022 ഓസ്‌ട്രേലിയയുടെ പരിശീലക റോളിലും തിളങ്ങി.

ചേതേശ്വര്‍ പുജാര
ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റാണ് ചേതേശ്വര്‍ പുജാര. രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യ വാഴ്ത്തിയ പുജാരക്ക് ഏകദിനത്തില്‍ വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല. എന്നാല്‍ ഏകദിനത്തിലും മികച്ച കരിയര്‍ അര്‍ഹിച്ച താരമാണ് പുജാര.
അഞ്ച് ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യ താരത്തിന് അവസരം നല്‍കിയത്. നേടിയത് 51 റണ്‍സും. ഒരു തവണ പോലും ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ പുജാരക്ക് സാധിച്ചിട്ടില്ല. കൂടുതല്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഏകദിനത്തിലും മികവ് കാട്ടാന്‍ പുജാരക്ക് സാധിക്കുമായിരുന്നു.
Also Read: WPL 2023: ലേലത്തില്‍ കസറി ആര്‍സിബി, സൂപ്പര്‍ താരനിര- മുംബൈയും ശക്തര്‍! എല്ലാമറിയാം

അമ്പാട്ടി റായിഡു
ഇന്ത്യ ഏറ്റവും മോഹിപ്പിച്ച ശേഷം ലോകകപ്പില്‍ നിന്ന് തഴഞ്ഞ താരമാണ് അമ്പാട്ടി റായിഡു. ഇന്ത്യ നാലാം നമ്പറില്‍ വളര്‍ത്തിക്കൊണ്ടുവന്ന റായിഡു 2019ലെ ഏകദിന ലോകകപ്പ് കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
എന്നാല്‍ അവസാന നിമിഷം റായിഡു തഴയപ്പെടുകയും ആ സ്ഥാനത്തേക്ക് ത്രീഡി പ്ലയര്‍ വിശേഷണത്തോടെ വിജയ് ശങ്കര്‍ എത്തുകയും ചെയ്തു. ഇതിന് പിന്നാലെ റായിഡു വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യക്കായി 55 ഏകദിനത്തില്‍ നിന്ന് 1694 റണ്‍സാണ് റായിഡുവിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications