For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍

ഇന്ത്യയുടെ ഏകദിന ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും ടീമില്‍ ഇടം നേടാനാവാതെ പോയിട്ടുണ്ടെന്ന് വ്യക്തമാവും

1

ലോകകപ്പ് കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. 15 അംഗ ടീമില്‍ ഇടം നേടുകയും പ്ലേയിങ് 11 ഉള്‍പ്പെടുകയും ചെയ്ത് ലോകകപ്പില്‍ കളിക്കാന്‍ പ്രതിഭക്കൊപ്പം ഭാഗ്യവും നന്നായി വേണം. ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ടീമിനുള്ളില്‍ അവസരം ലഭിക്കുക കൂടുതല്‍ ദുഷ്‌കരമാവുമെന്ന് പറയാം.

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം ശക്തമായതിനാല്‍ താരക്ഷാമമില്ല. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും ടീമില്‍ ഇടം നേടാനാവാതെ പോയിട്ടുണ്ടെന്ന് വ്യക്തമാവും. ഇത്തരത്തില്‍ പ്രശസ്തരായവരും എന്നാല്‍ ഒരു ഏകദിന ലോകകപ്പ് പോലും കളിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോവുകയും ചെയ്ത ഇന്ത്യയുടെ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ഇഷാന്ത് ശര്‍മ. ഇന്ത്യന്‍ ടീമിലേക്ക് വന്ന സമയത്ത് റിക്കി പോണ്ടിങ്ങടക്കം ഒട്ടുമിക്ക പ്രമുഖരേയും വിറപ്പിക്കുന്ന ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ ഇഷാന്തിനായിരുന്നു. ഉയരക്കൂടുതലിനെ മുതലാക്കി പന്തെറിഞ്ഞ ഇഷാന്ത് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചെങ്കിലും ഒരു ഏകദിന ലോകകപ്പില്‍ പോലും ഇടം നേടിയില്ല. 2015ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും പരിക്കാണ് വില്ലനായി മാറിയത്. ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഇഷാന്തിന് അവസരം.

ഇന്ത്യ അവനെ തള്ളിപ്പറയരുത്!, ഇന്ത്യയുടെ ടി20 നായകനാവും, യുവതാരത്തെ പിന്തുണച്ച് ആകാശ്

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യയുടെ ഇടം കൈയന്‍ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ഇര്‍ഫാന്‍ പഠാന്‍. ടി20 ലോകകപ്പില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും ഏകദിന ലോകകപ്പിലേക്ക് ഇര്‍ഫാന് ഇതുവരെ വിളിയെത്തിയിട്ടില്ല. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഇര്‍ഫാനായിരുന്നു. ടെസ്റ്റില്‍ ഹാട്രിക്കടക്കം നേടിയിട്ടുള്ള ഇര്‍ഫാന്റെ പേരില്‍ 173 ഏകദിന വിക്കറ്റുകളുണ്ട്. ബാറ്റുകൊണ്ടും ടീമിന് ഉപകാരിയായ ഇര്‍ഫാന് പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നശിപ്പിച്ച് കളഞ്ഞ കരിയറാണ് അമ്പാട്ടി റായിഡുവിന്റേത്. 2019ലെ ഏകദിന ലോകകപ്പിന് മുമ്പ് നാലാം നമ്പറില്‍ ഇന്ത്യ നിരവധി അവസരങ്ങള്‍ റായിഡുവിന് നല്‍കിയിരുന്നു. ഈ അവസരങ്ങളെല്ലാം മുതലാക്കാനും റായിഡുവിന് സാധിച്ചു. എന്നാല്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ റായിഡുവിന് പകരം വിജയ് ശങ്കറെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ റായിഡു വിരമിക്കുകയും ചെയ്തു. 2015ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ റായിഡു ഉള്‍പ്പെട്ടെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഏകദിനത്തില്‍ 47 ശരാശരിയുണ്ടായിട്ടും റായിഡുവിന് ഇന്ത്യ ഒരു ഏകദിന ലോകകപ്പില്‍ പോലും കളിക്കാന്‍ അവസരം നല്‍കിയില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണ്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ് എന്നിവരുടെയെല്ലാം പേരിനോട് ചേര്‍ത്തുവായിക്കുന്ന പേരാണ് വിവിഎസ് ലക്ഷ്മണ്‍. ഇന്ത്യയുടെ ഇതിഹാസമായിത്തന്നെ ലക്ഷ്മണെ വിശേഷിപ്പിക്കാം. എന്നാല്‍ ഇതുവരെ ഒരു ഏകദിന ലോകകപ്പ് കളിക്കാന്‍ ലക്ഷ്മണ് ഭാഗ്യം ഉണ്ടായില്ല. 2003ല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ലക്ഷ്മണ് ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും സെലക്ടര്‍മാര്‍ ലക്ഷ്മണെക്കാള്‍ മുന്‍തൂക്കം ദിനേശ് മോംഗിയക്ക് നല്‍കുകയായിരുന്നു. ഇതിന് ശേഷം ഏകദിനത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് ടെസ്റ്റിലേക്ക് അദ്ദേഹം കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു.

2022 ടി20 ലോകകപ്പിനായി കാത്തുനിന്നില്ല, അതിന് മുമ്പ് വിരമിച്ചു!, അഞ്ച് വമ്പന്‍ താരങ്ങളിതാ

പാര്‍ഥിവ് പട്ടേല്‍

പാര്‍ഥിവ് പട്ടേല്‍

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് പാര്‍ഥിവ് പട്ടേല്‍. 16ാം വയസില്‍ പേരുകേട്ട ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. 2003ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പാര്‍ഥിവ് പട്ടേലിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പാര്‍ഥിവിന് ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയില്ല. അധികം വൈകാതെ ദിനേഷ് കാര്‍ത്തിക്, എംഎസ് ധോണി എന്നിവര്‍ എത്തിയതോടെ പാര്‍ഥിവിന്റെ ടീമിലെ സ്ഥാനം നഷ്ടമായി. ഒരു ലോകകപ്പ് മത്സരം പോലും കളിക്കാനുള്ള ഭാഗ്യം താരത്തിന് കരിയറിലുണ്ടായില്ല.

Story first published: Saturday, September 17, 2022, 7:35 [IST]
Other articles published on Sep 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+