കാര്‍ത്തികിനെ പിന്തുണച്ചു! എന്നെ മൈന്റ് ചെയ്തില്ല- ബിസിസിഐക്കെതിരേ മുരളി വിജയ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഒരു കാലത്ത് തിളങ്ങിയ താരമാണ് ഓപ്പണര്‍ മുരളി വിജയ്. തമിഴ്‌നാട്ടുകാരനായ വിജയ് ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായി തിളങ്ങിയ മുരളിക്ക് പിന്നീട് ടീമിലെ സ്ഥാനം നഷ്ടമായി.
സ്ഥിരതയില്ലാതെയായതും ഫോം നഷ്ടപ്പെട്ടതും മുരളിയുടെ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയെന്ന് പറയാം. ഇന്ത്യ ദിനേഷ് കാര്‍ത്തികിനടക്കം തിരിച്ചുവരവിന് അവസരം നല്‍കിയിട്ടും മുരളിക്ക് അവസരം നല്‍കിയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും മുരളിക്ക് തിരിച്ചുവരവിനുള്ള അവസരം ലഭിച്ചില്ല.
ഐപിഎല്ലിലും തഴയപ്പെട്ടതോടെ മുരളിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി പൂര്‍ണ്ണമായും അടഞ്ഞുവെന്ന് പറയാം. ഇപ്പോഴിതാ അഞ്ച് വര്‍ഷത്തോളം തന്നെ മൈന്റ് ചെയ്യാതെ ബിസിസി ഐ കരിയര്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുരളി വിജയ്.

30 വയസായാല്‍ കിളവനെപ്പോലെ കാണുന്നു
താരങ്ങള്‍ 30 പിന്നിട്ടാല്‍ 80 വയസ് കഴിഞ്ഞവരെപ്പോലെയാണ് ബിസിസി ഐ താരങ്ങളെ കാണുന്നത്. മാധ്യമങ്ങളും 30 പിന്നിട്ട താരങ്ങളെ കിളവന്മാരായാണ് കാണുന്നത്. എന്നാല്‍ 30ാം വയസിലൊക്കെയാണ് താരങ്ങള്‍ കരിയറിന്റെ ഏറ്റവും മികച്ച ഫോമിലെത്തുന്നതെന്നാണ് ഞാന്‍ കരുതുന്നത്.
ഇപ്പോഴും നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവസരമില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പുറത്ത് ഞാന്‍ അവസരം തേടുന്നു. വ്യക്തിയെന്ന നിലയില്‍ പറഞ്ഞാല്‍ തന്റെ കൈയിലുള്ളത് മാത്രമാണ് കാഴ്ചവെക്കാന്‍ സാധിക്കുക.
നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യം അതാണ്. മറ്റുള്ള കാര്യങ്ങളൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ല. സംഭവിച്ചതെല്ലാം സംഭവിച്ച് കഴിഞ്ഞതാണ്- മുരളി വിജയ് പറഞ്ഞു.
Also Read: അക്രത്തെ നേരിടാന്‍ പേടി! സച്ചിന്‍ തന്നെ ഉപദേശത്തോടെ മാറി-വെളിപ്പെടുത്തി സെവാഗ്

വിവാദങ്ങള്‍ വേട്ടയാടി
കരിയറിന്റെ തുടക്ക കാലത്ത് വിജയ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ താരമാണ്. ഏത് ഫോര്‍മാറ്റിനനുസരിച്ചും ശൈലി മാറ്റി കളിക്കാന്‍ കഴിവുള്ള താരമായിരുന്നു അദ്ദേഹം. എന്നാല്‍ സ്ഥിരത നഷ്ടപ്പെട്ടതും വിവാദങ്ങളില്‍ ഉള്‍പ്പെട്ടതും തിരിച്ചടിയായി.
കോവിഡ് സമയത്ത് വാക്‌സിനേഷന്‍ എടുക്കാന്‍ തയ്യാറാവാതിരുന്നതും ആഭ്യന്തര ക്രിക്കറ്റില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്നതും തിരിച്ചടിയായി. ഇടവേള വന്നതോടെ മുരളിയെ ആര്‍ക്കും വേണ്ടതായി. ഓരോ ഐപിഎല്‍ സീസണിലൂടെയും മികവ് കാട്ടി നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവന്നു.
വെടിക്കെട്ട് താരങ്ങള്‍ ഉയര്‍ന്നുവന്നതോടെ മുരളി ചിത്രത്തിലേ ഇല്ലാതായി. ഐപിഎല്ലിലും ആര്‍ക്കും വേണ്ടതെ വന്നതോടെ കരിയര്‍ തീര്‍ന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ തിളങ്ങിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. നിലവില്‍ 38കാരനായ മുരളിക്ക് ഇനിയൊരു തിരിച്ചുവരവും സാധ്യമല്ല.

കാര്‍ത്തികിനെപ്പോലെ മടങ്ങിയെത്താനാവില്ല
കരിയര്‍ അവസാനിച്ചുവെന്ന് തോന്നിച്ചിടത്തുനിന്നാണ് ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. വിക്കറ്റ് കീപ്പറായും ഫിനിഷറായും തിളങ്ങിയ കാര്‍ത്തിക് ഇന്ത്യക്കായി ലോകകപ്പും കളിച്ചു. എന്നാല്‍ ഇത്തരമൊരു തിരിച്ചുവരവ് മുരളിക്ക് പ്രതീക്ഷിക്കാനാവില്ല.
കാരണം ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍മാരുടെ ബഹളമാണ്. ആരെ തഴയുമെന്ന ആശയക്കുഴപ്പത്തിലാണ് സെലക്ടര്‍മാര്‍. ഈ സാഹചര്യത്തില്‍ ഇനി മുരളിക്ക് തിരിച്ചുവരികയെന്നത് കേവലം സ്വപ്‌നം മാത്രമാണ്. 2015ലാണ് അദ്ദേഹം ഇന്ത്യക്കായി അവസാനമായി കളിച്ചത്. 2020ലാണ് അവസാന ഐപിഎല്‍ കളിച്ചത്.
Also Read: വീരുവിന്റെ വീരഗാഥ, ഈ അഞ്ച് റെക്കോഡുകള്‍ ആരും തകര്‍ക്കില്ല! അറിയാം

മുരളിയുടെ കരിയറിലൂടെ
2008ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ മുരളി വിജയ് 61 ടെസ്്റ്റില്‍ നിന്ന് 12 സെഞ്ച്വറി ഉള്‍പ്പെടെ 3982 റണ്‍സും 17 ഏകദിനത്തില്‍ നിന്ന് 339 റണ്‍സും 9 ടി20യില്‍ നിന്ന് 169 റണ്‍സും നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കൊപ്പം പരിമിത ഓവറില്‍ വലിയൊരു മികവ് കാട്ടാന്‍ മുരളിക്ക് സാധിച്ചില്ല.
എന്നാല്‍ ഐപിഎല്ലില്‍ 106 മത്സരത്തില്‍ നിന്ന് 2619 റണ്‍സാണ് മുരളിക്കുള്ളത്. 2 സെഞ്ച്വറിയും 13 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. സമ്മര്‍ദ്ദം നിറഞ്ഞ മത്സരങ്ങളില്‍ തിളങ്ങാന്‍ മുരളിക്കായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ ഈ മികവ് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ കാട്ടാന്‍ മുരളിക്ക് സാധിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications