ബൗളറെ നിലത്തുനിര്‍ത്തില്ല, സൂര്യയുടെ ജൂനിയര്‍ ഇവിടെയുണ്ട്! 19കാരനെ വാഴ്ത്തി എബിഡി

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും 360 ഡിഗ്രി പ്ലെയറുമായ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ചിരിക്കുകയാണ് മിസ്റ്റര്‍ 360 പ്ലെയറെന്നു ലോകം വാഴ്ത്തുന്ന സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. എബിഡിയോടാണ് സൂര്യയെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. 2021ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം തന്റെ 360 ഡിഗ്രി ബാറ്റിങിലൂടെയാണ് ക്രിക്കറ്റ് പ്രേമികളെ കൈയിലെടുത്തത്. നിലവില്‍ ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയാണ് സൂര്യ.
കഴിഞ്ഞ വര്‍ഷം ടി20യില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തെ റാങ്കിങില്‍ തലപ്പത്തേക്കുയര്‍ത്തിയത്. 2022ല്‍ ടി20യില്‍ താരം വാരിക്കൂട്ടിയത് 1100നു മുകളില്‍ റണ്‍സായിരുന്നു. രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെട്ടിരുന്നു. ഇതോടെയാണ് ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായി സൂര്യ മാറിയത്. ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടി20 താരമായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമായിരുന്നു.
സൂര്യയെ എബിഡിയുമായി ലോകം താരതമ്യം ചെയ്യവെ സൂര്യക്കു ഒരു പിന്‍ഗാമിയുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. നാട്ടുകാരന്‍ കൂടിയായ യുവതാരം ഡെവാള്‍ഡ് ബ്രെവിസാണിത്. ഡിവില്ലിയേഴ്‌സുമായുള്ള ബാറ്റിങിലെ സാമ്യത്തിന്റെ പേരില്‍ ബേബി എബിയെന്നാണ് അദ്ദേഹത്തെ ക്രിക്കറ്റ് പ്രേമികള്‍ വിളിക്കുന്നത്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വരവറിയിച്ച ബ്രെവിസ് ഐപിഎല്ലിലൂടെയും ആരാധകര്‍ക്കു പ്രിയങ്കരനാണ്. നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് അദ്ദേഹം.

രണ്ടു പേരും അഗ്രസീവ്
സൂര്യകുമാര്‍ യാദവും ഡെവാള്‍ഡ് ബ്രെവിസും തമ്മില്‍ ചില സാമ്യങ്ങളുണ്ട്. കളിയെ സമാനമായ രീതിയില്‍ സമീപിക്കുന്നവരാണ് ഇരുവരും. ഇരുവരും വളരെ അഗ്രസീവായി ബാറ്റ് ചെയ്യുന്നവരാണ്. ബൗളര്‍മാരെ അങ്ങോട്ടു കയറി ആക്രമിക്കുന്നവരാണ് സൂര്യയും ബ്രെവിസും. ബൗളറെ നിലയുറപ്പിക്കാന്‍ ഇരുവരും അനുവദിക്കില്ല.
ഡെവാള്‍ഡ് ഇപ്പോഴും വളരെ ചെറുപ്പമാണ്. അവനു ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. സൂര്യയാവട്ടെ പരിചയസമ്പത്തുള്ള ക്രിക്കറ്ററാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനങ്ങള്‍ നടത്തിയ അദ്ദേഹം ഏറെ ദൂരം മുന്നോട്ടു പോയ്ക്കഴിഞ്ഞു. സൂര്യയും ബ്രെവിസും തന്നെ വളരെയധികം ആവേശം കൊള്ളിക്കുന്നവരാണെന്നും എബി ഡിവില്ലിയേഴ്‌സ് തന്റെ ബ്ലോഗില്‍ കുറിച്ചു.
Also Read: IND vs AUS: 50 വര്‍ഷത്തിനിടെ ഈ നേട്ടം ധോണിയടക്കം 2 പേര്‍ മാത്രം, ഇപ്പോള്‍ രോഹിത്തും!

ഈ വര്‍ഷവും മികച്ച ഫോമില്‍
സൂര്യകുമാര്‍ യാദവും ഡെവാള്‍ഡ് ബ്രെവിസും ഈ വര്‍ഷം മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയും സൂര്യ ഈ വര്‍ഷം ഇതിനകം സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു.
ബ്രെവിസാവട്ടെ അടുത്തിടെ സമാപിച്ച പ്രഥമ സൗത്താഫ്രിക്ക 20 (SA20) ലീഗില്‍ എംഐ കേപ് ടൗണിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. 10 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 235 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. വരാനിരിക്കുന്ന ഐപിഎല്ലില്‍ സൂര്യയെയും ബ്രെവിസിനെയും മുംബൈ ഇന്ത്യന്‍സിനൊപ്പം ഒരുമിച്ച് കാണാമെന്നതിന്റെ ത്രില്ലിലാണ് ക്രിക്കറ്റ് പ്രേമികള്‍.

ബ്രെവിസ് മുംബൈയിലെത്തിയത് കഴിഞ്ഞ വര്‍ഷം
കഴിഞ്ഞ ഐപിഎല്‍ സീസണിലാണ് ഡെവാള്‍ഡ് ബ്രെവിസ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായത്. മെഗാ ലേലത്തില്‍ മൂന്നു കോടി രൂപയ്ക്കു താരത്തെ മുംബൈ സ്വന്തമാക്കുകയായിരുന്നു.
ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ബ്രെവിസിന്റെ താരമൂല്യം ഉയര്‍ത്തിയത്.ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനായത് അദ്ദേഹമായിരുന്നു. ആറു ഇന്നിങ്‌സുകളില്‍ നിന്നും ബ്രെവിസ് വാരിക്കൂട്ടിയത് 506 റണ്‍സായിരുന്നു.
മുംബൈയ്ക്കു വേണ്ടി കഴിഞ്ഞ സീസണില്‍ ഏഴു മല്‍സരങ്ങളിലാണ് താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 162 റണ്‍സെടുത്ത ബ്രെവിസ് ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. പുതിയ സീസണില്‍ താരത്തില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനമാണ് ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈ പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications