T20 World Cup 2024: ലോകകപ്പില്‍ ഇഷ്ട താരമാര്? രോഹിത്തോ റസലോ അല്ല; വെളിപ്പെടുത്തി ബോള്‍ട്ട്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് പിന്നാലെ ടി20 ലോകകപ്പ് വരികയാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്ന് കഴിഞ്ഞു. എല്ലാ ടീമുകളും ഇതിനോടകം ലോകകപ്പ് ടീമുകളേയും പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി തന്ത്രങ്ങള്‍ മെനഞ്ഞ് ലോകകപ്പില്‍ കിരീടത്തിലേക്കെത്താനുള്ള വഴികള്‍ ആലോചിക്കാനുള്ള സമയമാണ്.
ഇത്തവണത്തെ ടി20 ലോകകപ്പോടെ പല സൂപ്പര്‍ താരങ്ങളും പടിയിറങ്ങാനൊരുങ്ങുകയാണ്. അതുകൊണ്ടുതന്നെ ആരാധകരെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പിന് പ്രാധാന്യമേറെയാണ്. ടി20 ലോകകപ്പിന്റെ ബ്രാന്റ് അംബാസഡറായി തിരഞ്ഞെടുത്തിരിക്കുന്നത് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെയാണ്. ലോകത്തിലെ അതിവേഗ ഓട്ടക്കാരനായ ബോള്‍ട്ട് ക്രിക്കറ്റിന്റേയും ഫുട്‌ബോളിന്റേയും വലിയ ആരാധകര്‍ കൂടിയാണ്.
ടി20 ലോകകപ്പിലെ ബ്രാന്റ് അംബാസഡറാകുന്നതില്‍ അഭിമാനമാണെന്ന് പറഞ്ഞ ബോള്‍ട്ട് ലോകകപ്പിലെ തന്റെ ഇഷ്ട താരമാരാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ്. അത് വെസ്റ്റ് ഇന്‍ഡീസ് താരമല്ലെന്നും ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയാണെന്നുമാണ് ബോള്‍ട്ട് പറയുന്നത്. 'എന്റെ ഇഷ്ട താരങ്ങളിലൊരാള്‍ വസിം അക്രമായിരുന്നു. സ്വിങ്ങിങ് യോര്‍ക്കറുകളെറിയുന്ന അക്രത്തിന്റെ ബൗളിങ് വളരെ ഇഷ്ടമായിരുന്നു. കോര്‍ട്ട്‌നി വാല്‍ഷ്, ആംബ്രോസ് എന്നിവരെല്ലാം എന്നെ ആവേശത്തിലാക്കിയ ക്രിക്കറ്റ് താരങ്ങളാണ്.
അവരെല്ലാം തങ്ങളുടെ കാലത്ത് ആധിപത്യം കാട്ടിയ കളിക്കാരാണ്. എന്നാല്‍ എന്റെ പിതാവിനെപ്പോലെ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ കടുത്ത ആരാധകനാണ് ഞാന്‍. ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറെ വളരെ ഇഷ്ടമാണ്. എന്റെ ഓര്‍മയില്‍ സച്ചിനും ലാറയും നിറഞ്ഞുനില്‍ക്കുന്നു. ഇപ്പോഴത്തെ താരങ്ങളില്‍ വിരാട് കോലിയോടാണ് കൂടുതല്‍ ഇഷ്ടം. എന്റെ പിതാവ് നേരത്തേയും ഇപ്പോഴും വലിയ ക്രിക്കറ്റ് ആരാധകനാണ്. അതുകൊണ്ടുതന്നെ ഇതേ വികാരം എനിക്കുമുണ്ട്.

ലോകകപ്പിന്റെ അംബാസഡറാവുകയെന്നത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. ക്രിക്കറ്റ് താരമാകണമെന്ന ആഗ്രഹം നടക്കാത്തതിനാല്‍ ലോകകപ്പിലെ അംബാസഡറാവാനുള്ള അവസരം സന്തോഷത്തോടെയാണ് സ്വീകരിച്ചത്' ഉസൈന്‍ ബോള്‍ട്ട് പറഞ്ഞു. ഇത്തവണ വിരാട് കോലിയുടെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഐപിഎല്ലില്‍ ആര്‍സിബിക്കായി ഗംഭീര ഫോമിലാണ് കോലി കളിക്കുന്നത്. ഇതേ ഫോം ലോകകപ്പിലും ആവര്‍ത്തിക്കാന്‍ കോലിക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ കപ്പിലേക്കെത്തുക ഇന്ത്യക്ക് എളുപ്പമാവില്ല. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, വിരാട് കോലി എന്നിവരെല്ലാമുണ്ട്. എന്നാല്‍ രോഹിത്തിനേയും കോലിയേയും മാറ്റിനിര്‍ത്തിയാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ച് അനുഭവസമ്പത്തുള്ളവര്‍ കുറവാണ്. അമേരിക്കയില്‍ കളിച്ച് പരിചയസമ്പത്തുള്ള ആരും തന്നെ ഇല്ലെന്ന് പറയാം.
ഇത് ഇന്ത്യയെ പിന്നോട്ടടിച്ചേക്കും. വെസ്റ്റ് ഇന്‍ഡീസ് ഇത്തവണ ശക്തമായ താരങ്ങളുടെ നിരയാണ്. 2023ലെ ഏകദിന ലോകകപ്പില്‍ യോഗ്യത നേടാനാവാതെ പോയ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പില്‍ കിരീടം നേടി പ്രതികാരം വീട്ടുമോയെന്നതാണ് കണ്ടറിയേണ്ടത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെല്ലാം ഇത്തവണ ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള ടീമുകളാണ്. സ്ലോ പിച്ചാണ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമുള്ളത്. അതുകൊണ്ടുതന്നെ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്.
ടി20 ലോകകപ്പോടെ വിരാട് കോലി ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. അതുകൊണ്ടുതന്നെ കോലി ആരാധകര്‍ക്ക് ഇത്തവണത്തെ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഈ ലോകകപ്പോടെ രോഹിത് ശര്‍മയും കളി നിര്‍ത്താനാണ് സാധ്യത കൂടുതല്‍. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് രണ്ട് സൂപ്പര്‍ താരങ്ങളുടെ പടിയിറക്കത്തിന് ഇത്തവണത്തെ ലോകകപ്പ് സാക്ഷിയായേക്കും. ഇക്കാരണത്താല്‍ത്തന്നെ കിരീട നേട്ടം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications