T20 World Cup 2024: അവനെ എല്ലാവരും കരുതിയിരുന്നോ, വലിയ ഭീഷണി; മില്ലര്‍ പറയുന്നു
മുംബൈ: ഐപിഎല്‍ 17ാം സീസണിന് ശേഷം ടി20 ലോകകപ്പ് ആരംഭിക്കാന്‍ പോവുകയാണ്. ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്ന് കഴിഞ്ഞു. കുട്ടി ക്രിക്കറ്റ് പൂരത്തിന് ഇത്തവണ വേദിയാകുന്നത് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ്. പല സീനിയര്‍ താരങ്ങളുടേയും അവസാന ടി20 ലോകകപ്പായി ഇത്തവണത്തെ ലോകകപ്പ് മാറാന്‍ സാധ്യതയുണ്ട്. പല യുവതാരങ്ങളും ടി20 ലോകകപ്പില്‍ വലിയ പ്രകടനം തന്നെ കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്.
ഇപ്പോഴിതാ ഈ സീസണില്‍ എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും വലിയ വെല്ലുവിളിയാവാന്‍ സാധ്യതയുള്ള ബൗളര്‍ ആരാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലര്‍. അത് ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണെന്നാണ് മില്ലര്‍ പറയുന്നത്. ബുംറയുടെ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ എല്ലാവര്‍ക്കും വലിയ ഭീഷണിയാവുമെന്നുറപ്പാണ്. ഈ സീസണില്‍ 13 മത്സരത്തില്‍ നിന്ന് 20 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. നിലവില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് ബുംറയുടെ പേരിലാണ്.
'ഇത്തവണത്തെ ഇന്ത്യന്‍ ടീമില്‍ മികച്ച പല താരങ്ങളേയും കാണാനാവും. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ബൗളര്‍മാരെക്കുറിച്ചാണ് ഞാന്‍ കൂടുതല്‍ ചിന്തിക്കുന്നത്. ബുംറ നിലവില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. നിരവധി വര്‍ഷങ്ങളായി അവന്‍ ലോകോത്തര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഞാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും അവന്‍ വലിയ ഭീഷണിയാണ്. പ്രതിഭാശാലിയാണവന്‍' മില്ലര്‍ പറഞ്ഞു. വളരെ കൃത്യതയോടെ യോര്‍ക്കര്‍ എറിയാന്‍ ബുംറക്ക് അസാധ്യ മികവാണുള്ളത്.
ഇപ്പോഴും ഈ മികവ് സ്ഥിരതയോടെ നിലനിര്‍ത്താന്‍ ബുംറക്ക് സാധിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ് ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ബൗളറെന്ന നിലയില്‍ ബുംറ മിന്നിച്ചു. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള ബുംറ ഏത് പിച്ചിനോടും വേഗത്തില്‍ പൊരുത്തപ്പെടും. അതുകൊണ്ടുതന്നെ ടി20 ലോകകപ്പില്‍ ബുംറയുടെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. ബുംറ ഫ്‌ളോപ്പായാല്‍ ഇന്ത്യയെ അത് കാര്യമായിത്തന്നെ ബാധിക്കും.

ഡേവിഡ് മില്ലര്‍ കളിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ഇത്തവണ പ്ലേ ഓഫിലെത്താന്‍ സാധിച്ചിട്ടില്ല. അരങ്ങേറ്റ സീസണില്‍ കപ്പടിക്കുകയും തൊട്ടടുത്ത സീസണില്‍ റണ്ണറപ്പുകളാവുകയും ചെയ്ത ഗുജറാത്ത് ഇത്തവണ ദുരന്തമായി. ശുബ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തിനൊപ്പം സായ് സുദര്‍ശന്‍ മികച്ച പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവെച്ചത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച മില്ലര്‍ വലിയ ഭാവി സായ് സുദര്‍ശനുണ്ടെന്നും അഭിപ്രായപ്പെട്ടു.
'പ്രതിഭാശാലിയാണവന്‍. വലിയ കരിയര്‍ അവന് മുന്നിലുണ്ട്. അവന്റെ ബാറ്റിങ് പ്രകടനത്തെ ആസ്വദിച്ചാണ് കാണുന്നത്. അവന്റെ ഷോട്ടുകള്‍ മനോഹരമാണ്. പതിയ അടിത്തറ സൃഷ്ടിച്ച് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അവന് സാധിക്കുന്നുണ്ട്. വളരെ പക്വതയോടെ കളിക്കുന്ന യുവതാരമാണവന്‍' മില്ലര്‍ പറഞ്ഞു. നിലയുറപ്പിച്ച് കളിക്കാനും ആക്രമിച്ച് കളിക്കാനും സായ്ക്ക് കഴിവുണ്ട്. ഭാവിയില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരിലൊരാളായി സായ് വളര്‍ന്നുവന്നേക്കും.
ദക്ഷിണാഫ്രിക്കയുടെ ടി20 ലോകകപ്പ് മുന്നൊരുക്കത്തെക്കുറിച്ചും മില്ലര്‍ പ്രതികരിച്ചു. 'ഇത്തവണ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം അനുഭവസമ്പന്നരായ നിരവധി താരങ്ങളുണ്ട്. ഇത്തവണ ഏറ്റവും മികച്ചത് തന്നെ കാഴ്ചവെക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമെന്ന് ഉറപ്പുണ്ട്. എനിക്ക് വ്യക്തിപരമായി ലോകകപ്പ് മത്സരങ്ങള്‍ ഇഷ്ടമാണ്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തണമെന്നാണ് അതിയായി ആഗ്രഹിക്കുന്നത്' മില്ലര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തവണ ഇന്ത്യക്കൊപ്പം മികച്ച താരനിരയുണ്ട്. ബാറ്റിങ്ങിലാണ് ഇന്ത്യ കൂടുതല്‍ ശക്തര്‍. ബൗളിങ് നിര പ്രതീക്ഷക്കൊത്തുയരുമോയെന്നത് കണ്ടറിയണം. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജ്, അര്‍ഷ് ദീപ് സിങ് എന്നിവരാണ് പേസ് നിരയിലുള്ളത്. നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പിനിറങ്ങുന്നത്. കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications