
പേസാക്രമണം ഭീഷണി
പാക് ബാറ്റിങ് നിരയേക്കാള്‍ ഇന്ത്യ ഭയക്കേണ്ടത് അവരുടേ പേസാക്രമണത്തെയാണ്. അതിനെ അതിജീവിക്കാനായെങ്കില്‍ മാത്രമേ വിജയം പ്രതീക്ഷിക്കേണ്ടതുള്ളൂ. കഴിഞ്ഞ ഏഷ്യാ കപ്പില്‍ രണ്ടു തവണ ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നിരുന്നു. ഇരുടീമുകളും ഓരോ ജയം വീതം പങ്കിടുകയായിരുന്നു. ലോകകപ്പില്‍ പാകിസ്താനുമായുള്ള ത്രില്ലറിനു മുമ്പ് ചില പ്രശ്‌നങ്ങള്‍ക്കു ഇന്ത്യക്കു പരിഹാരം കണ്ടെത്തിയേ തീരൂ. ഇല്ലെങ്കില്‍ വീണ്ടുമൊരു പരാജയമായിരിക്കും ടീമിനു നേരിടുക. ഈ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ചഹലിനെ കളിപ്പിക്കണോ?
സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള പ്രകടനം ഇന്ത്യക്കു ഒട്ടും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഉജ്ജ്വല പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് ഫോം താഴേക്കു പോവുകയായിരുന്നു. ഏഷ്യാ കപ്പിലടക്കം അതിനു ശേഷം ഇന്ത്യക്കു വേണ്ടി കളിച്ച മല്‍സരങ്ങളിലെല്ലാം ചഹല്‍ നിരാശപ്പെടുത്തി.

ചഹലോ, അശ്വിനോ?
പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ചഹലിനെ കളിപ്പിക്കണോ, വേണ്ടയോ എന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ചോദ്യം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. പക്ഷെ നിലവിലെ ഫോമില്‍ ചഹലിനെ ഈ ദൗത്യം ഏല്‍പ്പിക്കുന്നത് തിരിച്ചടിയായേക്കും. ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ലോകകപ്പ് ടീമിലെ മറ്റു സ്പിന്നര്‍മാര്‍. ഇവരില്‍ ഓള്‍റൗണ്ടര്‍ കൂടിയായ അക്ഷറിന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്. പിന്നെ മല്‍സരം ചഹലും അക്ഷറും തമ്മിലായിരിക്കും. അനുഭവസമ്പത്തും മികച്ച ഇക്കോണമി റേറ്റുമെല്ലാം അശ്വിനു പ്ലസ് പോയിന്റാണെങ്കില്‍ ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ ചഹലിന് ഇംപാക്ടുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മധ്യനിരയിലെ ഇടംകൈയന്‍?
മോശം ഫോമിലുള്ള ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെ ഇന്ത്യ പാകിസ്താനെതിരായ മല്‍സരത്തില്‍ ഇറക്കാന്‍ സാധ്യത കുറവാണ്. പകരം ഫിനിഷര്‍ കൂടിയായ ദിനേശ് കാര്‍ത്തിക്കിനു വിക്കറ്റ് കീപ്പിങിന്റെ ചുമതല കൂടി നല്‍കിയേക്കും. പക്ഷെ അങ്ങനെ വന്നാല്‍ ഇന്ത്യന്‍ മുന്‍നിരയിലോ, മധ്യനിരയിലോ ഒരു ഇടംകൈയന്‍ ബാറ്റര്‍ ഇല്ലാതെ വരും.

ഏഷ്യാ കപ്പില്‍ പാളി
ലെഗ് സ്പിന്‍, ഇടംകൈയന്‍ സ്പിന്‍ ബൗളര്‍മാരെ നേരിടുമ്പോള്‍ ഒരു ഇടംകൈയന്‍ ബാറ്ററുണ്ടെങ്കില്‍ അതു ടീമിനു കൂടുതല്‍ ഗുണം ചെയ്യും. ഇതേ തുടര്‍ന്നു കഴിഞ്ഞ ഏഷ്യാ കപ്പില്‍ പാക് സ്പിന്നര്‍മാരായ ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവരുയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ റിഷഭിനെ ഇന്ത്യ ഇറക്കിയിരുന്നു. പക്ഷെ ഈ നീക്കം പരാജയമായി മാറി. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന കളിയിലും റിഷഭിനെ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ മറ്റൊരു ഇടംകൈയനായ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ മുന്നിലേക്കു പ്രൊമോട്ട് ചെയ്യണമോയെന്നു ഇന്ത്യ ആലോചിക്കുന്നുണ്ട്. പക്ഷെ മധ്യനിരയില്‍ അക്ഷറിനെ ബാറ്റിങില്‍ എത്രത്തോളം ആശ്രയിക്കാന്‍ സാധിക്കുമെന്നതും ചോദ്യമാണ്.

ഡെത്ത് ഓവര്‍ ബൗളിങ്?
ഇന്ത്യയെ സംബന്ധിച്ച് പാകിസ്താനെതിരായ പോരാട്ടത്തില്‍ മാത്രമല്ല ടി20 ലോകകപ്പിലുടനീളം കുഴക്കുന്നത് ഡെത്ത് ഓവറില്‍ ബൗളര്‍മാരുടെ പ്രകടനമാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തോടെ ഇന്ത്യന്‍ ബൗളിങിന്റെ മുനയൊടിഞ്ഞു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഡെത്ത് ഓവര്‍ ബൗളിങ് എങ്ങനെ പരിഹരിക്കുമെന്നു ടീം മാനേജ്‌മെന്റിനു ഇപ്പോഴും വലിയ ധാരണയില്ല. നിലവില്‍ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ് ഡെത്ത് ഓവറുകളില്‍ നന്നായി ബൗള്‍ ചെയ്യുന്ന ഏക താരം. പക്ഷെ അദ്ദേഹത്തിനൊപ്പം ആര് ഓവറുകള്‍ പങ്കിടും?.

ഹര്‍ഷല്‍ മോശം ഫോമില്‍
പരിക്കില്‍ നിന്നും മുക്തനായി മടങ്ങിയെത്തിയ ശേഷം ഹര്‍ഷല്‍ പട്ടേല്‍ ഡെത്ത് ഓവറുകളില്‍ ദുരന്തമായി മാറിയിരിക്കുകയാണ്. കളിച്ച മല്‍സരങ്ങളിലെല്ലാം റണ്‍സ് വാരിക്കോരി നല്‍കിയിരുന്നു. റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതില്‍ പരാജയമായി മാറിയെന്നതു മാത്രമല്ല വിക്കറ്റുകളെടുക്കുന്നതിലും ഹര്‍ഷല്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍ പവര്‍പ്ലേയില്‍ ന്യൂബോള്‍ കൊണ്ട് നന്നായി ബൗള്‍ ചെയ്യുന്നുണ്ടെങ്കിലും ഡെത്ത് ഓവറുകളില്‍ തല്ല് വാങ്ങിക്കൂട്ടുകയാണ്. അതുകൊണ്ടു തന്നെ അര്‍ഷ്ദീപിനൊപ്പം ആരെക്കൊണ്ട് ബൗള്‍ ചെയ്യിക്കുമെന്നതിനു ഇന്ത്യക്കു ഉത്തരം കണ്ടെത്തിയേ തീരൂ.


Click it and Unblock the Notifications












