
പ്രഥമ ലോകകപ്പിലെ ജേതാക്കള്‍
2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലെ ജേതാക്കളായ ടീം ഇന്ത്യ വീണ്ടുമൊരു കിരീടം മോഹിച്ചാണ് ഇത്തവണയിറങ്ങുന്നത്. രണ്ടാം ലോകകപ്പിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് പുതിയ നായകന്‍ രോഹിത് ശര്‍മ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ടൂര്‍ണമെന്റില്‍ റണ്‍വേട്ട നടത്തിയ ചില ഇന്ത്യന്‍ ബാറ്റര്‍മാരെ നമുക്ക് കാണാന്‍ സാധിക്കും. ഇന്ത്യക്കായി ടി20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത മൂന്നു പേര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

യുവരാജ് സിങ്
മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 2007ലെ കന്നി ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തില്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറിലെ ആറു ബോളുകളും സിക്‌സറിലേക്കു പറത്തി യുവി കുറിച്ച ലോക റെക്കോര്‍ഡ് ഇപ്പോഴും ആരാധകര്‍ മറന്നിട്ടില്ല.

2016ല്‍ അവസാന ലോകകപ്പ്
പ്രഥമ ലോകകപ്പിനു ശേഷം അഞ്ചു ടൂര്‍ണമെന്റികളില്‍ കൂടി അദ്ദേഹം ടീമിന്റെ ഭാഗമായിട്ടുണ്ട്. 2016ലായിരുന്നു യുവിയെ അവസാനമായി ടി20 ലോകകപ്പില്‍ കണ്ടത്. ഇന്ത്യക്കു വേണ്ടി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ് അദ്ദേഹം. 23.72 ശരാശരിയില്‍ 128.91 സ്‌ട്രൈക്ക് റേറ്റോടെ 593 റണ്‍സാണ് യുവിയുടെ അക്കൗണ്ടിലുള്ളത്. 33 സിക്‌സറുകള്‍ ഇതിലുള്‍പ്പെടും. ഇന്ത്യക്കായി ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ചതും അദ്ദേഹം തന്നെയാണ്.

വിരാട് കോലി
മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയാണ് ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ താരം. രണ്ടു തവണ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള ഒരേയൊരു താരം കൂടിയാണ് കോലി. 2014, 16 ലോകകപ്പുകളിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. 2007ലെ പ്രഥമ ലോകകപ്പില്‍ കോലി ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലായിരുന്നു.

അരങ്ങേറ്റം 2012ല്‍
2012ലെ ടൂര്‍ണമെന്റിലൂടെയാണ് വിരാട് കോലി അരങ്ങേറിയത്. അതിനുശേഷം ഇതുവരെ നടന്ന ലോകകപ്പുകളിലെല്ലാം കളിക്കുകയും ചെയ്തു. പാകിസ്താനെതിരേ ഗംഭീര റെക്കോര്‍ഡാണ് കോലിയുടേത്. ഇതുവരെ കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും അദ്ദേഹം ഫിഫ്റ്റിയടിച്ചിട്ടുണ്ട്. ലോകകപ്പില്‍ കോലിയുടെ ഇതുവരെയുള്ള സമ്പാദ്യം 845 റണ്‍സാണ്. 76.81 എന്ന തകര്‍പ്പന്‍ ശരാശരിയിലാണിത്. ലോകകപ്പിലെ ഓള്‍ടൈം റണ്‍സ്‌കോറര്‍മാരില്‍ അഞ്ചാം സ്ഥാനത്തും അദ്ദേഹമുണ്ട്.
Also Read: T20 World Cup: സച്ചിനെയും ദാദയെയും 'വിലക്കിയ' ദ്രാവിഡ്! ഉപദേശകനായി ധോണിയുടെ ഫീസെത്ര?

രോഹിത് ശര്‍മ
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓള്‍ടൈം റണ്‍സ്‌കോററെന്ന റെക്കോര്‍ഡ് നിലവിലെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയ്ക്കു അവകാശപ്പെട്ടതാണ്. 2007ലെ പ്രഥമ ലോകകപ്പ് മുതല്‍ ഇതുവരെ നടന്ന ഏഴു എഡിഷനുകളിലും കളിക്കാന്‍ ഭാഗ്യമുണ്ടായ താരം കൂടിയാണ് ഹിറ്റ്മാന്‍. ഇംഗ്ലണ്ടിനെതിരേ 2007ലെ ടി20 ലോകകപ്പ് മല്‍സരത്തിലൂടെയാണ് അദ്ദേഹം അരങ്ങേറിയത്. സൗത്താഫ്രിക്കയുമായുള്ള നിര്‍ണായക മല്‍സരത്തില്‍ ഫിഫ്റ്റിയോടെ അദ്ദേഹം തിളങ്ങുകയും ചെയ്തു.

847 റണ്‍സ്
ലോകകപ്പില്‍ 847 റണ്‍സുമായിട്ടാണ് ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് തലപ്പത്തു നില്‍ക്കുന്നത്. വിരാട് കോലിക്കു മേല്‍ വെറും രണ്ടു റണ്‍സിന്റെ ലീഡ് മാത്രമേ അദ്ദേഹത്തിനുള്ളൂ. 38.50 ശരാശരിയില്‍ 131.52 സ്‌ട്രൈക്ക് റേറ്റിലാണ് ലോകകപ്പില്‍ രോഹിത് സ്‌കോര്‍ ചെയ്തത്. എട്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. 2010ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ നേടിയ 79 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.


Click it and Unblock the Notifications