T20 World Cup 2022: കിവികള്‍ക്കു പാക് ടീമിനെ ഭയം! ചിറകരിയും, അക്തറുടെ മുന്നറിയിപ്പ്
ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസലാന്‍ഡിനെതിരേ പാകിസ്താന്‍ വിജയം കൊയ്യുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് പാക് ടീം സെമിയിലേക്കു മുന്നേറിയത്. ആദ്യ രണ്ടു കളികളിലും തോറ്റപ്പോള്‍ അവര്‍ പുറത്തായെന്നു എല്ലാവരും ഉറപ്പിച്ചിരുന്നു.
പക്ഷെ പിന്നീട് സംഭവിച്ചത് അദ്ഭുതങ്ങളായിരുന്നു. തുടരെ മൂന്നു കളികളില്‍ പാക് ടീം വിജയം കൊയ്തപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നെതര്‍ലാന്‍ഡ്‌സിന്റെ അട്ടിമറി വിജയം അവരുടെ സെമി സ്വപ്‌നം യാഥാര്‍ഥ്യമാവുകയും ചെയ്തു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സെമി ഫൈനല്‍ പോരാട്ടങ്ങളെക്കുറിച്ച് അക്തര്‍ വിശകലനം നടത്തിയത്.

ന്യൂസിലാന്‍ഡിനു ഭയം
ന്യൂസിലാന്‍ഡ് ടീമിനു പാകിസ്താനെ ഭയമാണെന്നും മികച്ച റെക്കോര്‍ഡാണ് അവര്‍ക്കെതിരേ തങ്ങളുടേതെന്നും ഷുഐബ് അക്തര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരേ ജയിക്കുന്നവരും ന്യൂസിലാന്‍ഡിനോടു തോല്‍ക്കുന്നവരുമാണ്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ പാകിസ്താന്റെ ട്രാക്ക് റെക്കോര്‍ഡ് നോക്കിയാല്‍ അവര്‍ ഞങ്ങള്‍ക്കെതിരേ പരിഭ്രമിക്കുന്നതായി കാണാം. പാക് ടീമിനെതിരേ ന്യൂസിലാന്‍ഡിന്റെ റെക്കോര്‍ഡ് മോശമാണ്. ഞങ്ങളോടു അവര്‍ ഒരുപാട് പരാജയപ്പെട്ടിട്ടുമുണ്ട്. ഇത്തവണ സെമി ഫൈനലില്‍ എന്തു സംഭവിക്കുമെന്നു നമുക്കു കാത്തിരുന്നു കാണാമെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് പറഞ്ഞു.

ഓപ്പണിങ് മെച്ചപ്പെടണം
പാകിസ്താന്‍ ടീമിന്റെ ഓപ്പണര്‍മാര്‍ ഈ ലോകകപ്പില്‍ ഇനിയും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയിട്ടില്ലെന്നും സമ്മര്‍ദ്ദത്തോടെയാണ് അവര്‍ കളിക്കുന്നതെന്നും ഷുഐബ് അക്തര്‍ വിലയിരുത്തി. ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തേ തീരൂ. ബോള്‍ ബൗണ്‍സ് ചെയ്യുന്നത് ഇരുവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ഷാര്‍ജ, ദുബായ് എന്നീവിടങ്ങളിലെ പിച്ചുകള്‍ പോലെയല്ല ഇവിടുത്തേത്. ബോള്‍ വളരെയധികം ബൗണ്‍സ് ചെയ്യും. പലപ്പോഴും ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച് ബാബറും റിസ്വാവും കുഴപ്പത്തിലാവുകയുംചെയ്യുന്നതായി അക്തര്‍ വിലയിരുത്തി.

ടീം മാനേജ്‌മെന്റിനു അഭിനന്ദനം
നേരത്തേ പാകിസ്താന്‍ ടീം മാനേജ്‌മെന്റിനെയും കോച്ചിങ് സംഘത്തെയുമെല്ലാം രൂക്ഷമായി വിമര്‍ശിച്ച ഷുഐബ് അക്തര്‍ ഇപ്പോള്‍ തന്റെ നിലപാട് മാറ്റിയിരിക്കുകയാണ്. മാത്യു ഹെയ്ഡന്‍, സഖ്‌ലെയ്ന്‍ മുഷ്താഖ്, മുഹമ്മദ് യൂസുഫ് തുടങ്ങി കോച്ചിങ് സംഘത്തിലുള്ളവരോടെല്ലാം നന്ദി അറിയിക്കുകയാണ്. നിങ്ങള്‍ അദ്ഭുതങ്ങള്‍ തന്നെ കാണിച്ചിരിക്കുകയാണ്.
സമ്മര്‍ദ്ദങ്ങളെ അതിജീവീച്ച് ടീമിനെ തിരികെ കൊണ്ടു വരാന്‍ ടീം മാനേജ്‌മെന്റിനു കഴിഞ്ഞു. വിമര്‍ശനങ്ങളുണ്ടാവുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. മാനേജ്‌മെന്റ് മികവിലേക്കുയരുകയും ശക്തമായി തിരിച്ചുവരികയും ചെയ്യുമെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

ഷഹീന്‍ ഇപ്പോഴും ഫിറ്റല്ല
പാകിസ്താന്‍ പേസ് ബൗളിങിലെ കുന്തമുനയായ ഷഹീന്‍ ഷാ അഫ്രീഡി ഇപ്പോഴും പൂര്‍ണമായി ഫിറ്റായിട്ടല്ല കാണപ്പെടുന്നതെന്നു ഷുഐബ് അക്തര്‍ അഭിപ്രായപ്പെട്ടു. യഥാര്‍ഥ ഷഹീനെ ടൂര്‍ണമെന്റില്‍ ഇനിയും കാണാനായിട്ടില്ല. എനിക്കു ഇതു മനസ്സിലാവും. പരിക്ക് ഭേദമായി ടീമിലേക്കു മടങ്ങിയെത്തിയാല്‍ ഒരു ഫാസ്റ്റ് ബൗളര്‍ക്കു ഒരിക്കലും തന്റെ പൂര്‍വ്വസ്ഥിതിയിലേക്കു പെട്ടെന്നു മടങ്ങിയെത്താന്‍ കഴിയില്ല.
പക്ഷെ ഷഹീന്‍ ഈ ടൂര്‍ണമെന്റില്‍ വിക്കറ്റുകളെടുക്കുന്നുണ്ട് എന്നത് നല്ല കാര്യമാണ്. ഇതു അവന്റെ ആത്മവിശ്വാസമുയര്‍ത്തും. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഷഹീന്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും അക്തര്‍ വ്യക്തമാക്കി.
Also Read: സ്‌ട്രൈക്ക് റേറ്റ് 400! 20ാം ഓവറില്‍ സൂര്യയെ തടയാനോ? ഞെട്ടിക്കുന്ന പ്രകടനം

ഇന്ത്യ-പാക് ഫൈനല്‍
സെമി ഫൈനലിനു ശേഷം ഒരു വിമാനത്തില്‍ ഇന്ത്യയും മറ്റൊരു വിമാനത്തില്‍ പാകിസ്താനും നാട്ടിലേക്കു തിരികെ വരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനലാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. ഇതു കാണാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ഇന്ത്യ- പാക് ഫൈനല്‍ വരികയാണെങ്കില്‍ അതു ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും ഐസിസിക്കും കൂടുതല്‍ സന്തോഷം നല്‍കുമെന്നും ഷുഐബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ മെല്‍ബണില്‍ സൂപ്പര്‍ 12ല്‍ ഇരുടീമുകളും മുഖാമുഖം വന്നിരുന്നു. അന്നു തോല്‍വിയുടെ വക്കില്‍ നിന്നാണ് ഇന്ത്യ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. വിരാട് കോലിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം അവസാന ബോളില്‍ ഇന്ത്യക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications