
പാകിസ്താനെങ്കില്‍ തോല്‍ക്കും
വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കിയ മല്‍സരമായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ 12 മാച്ചെന്നു കമ്രാന്‍ അക്മല്‍ നിരീക്ഷിച്ചു. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുണ്ടായതു കൊണ്ടു മാത്രമാണ് മല്‍സരം അവസാനം വരെ പോയത്. ലോകത്തിലെ മറ്റൊരു ബാറ്റര്‍ക്കും ഇതു കഴിയില്ല.
ഒരു ക്രിക്കറ്ററെന്ന നിലയില്‍ സത്യസന്ധമായി പറയുകയാണെങ്കില്‍ പാകിസ്താനെക്കൊണ്ട് ഈ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയില്ല. ഇന്ത്യക്കു പകരം പാകിസ്താനാണ് അന്നു റണ്‍ചേസ് നടത്തിയിരുന്നതെങ്കില്‍ 30-40 റണ്‍സിനെങ്കിലും പരാജയപ്പെടുമായിരുന്നുവെന്നു അക്മല്‍ തുറന്നുപറഞ്ഞു.

കോലിയുടെ ബാറ്റിങ് മിസ്സാക്കരുത്
വിരാട് കോലിയുടെ ബാറ്റിങ് ആരും മിസ്സാക്കരുതെന്നാണ് എനിക്കു പറയാനുള്ളത്. പാകിസ്താനുമായുള്ള കഴിച്ച മാച്ചില്‍ കോലിയുടെ ബാറ്റിങ്് നിങ്ങള്‍ വീണ്ടും വീണ്ടും കാണണം. ബാറ്റിങ് പഠിക്കുന്നവരും ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരുമെല്ലാം ഇതു നിരന്തരം കാണണമെന്നാണ് തന്റെ അഭിപ്രായം. അന്താരാഷ്ട്ര താരമോ, ജൂനിയര്‍ താരമോ, അക്കാദമിയിലെ താരമോ ആരുമാവട്ടെ എല്ലാവരും തീര്‍ച്ചയായും കണ്ടു പഠിക്കേണ്ട ബാറ്റിങാണ് കോലി കാഴ്ചവച്ചതെന്നും കമ്രാന്‍ അക്മല്‍ വ്യക്തമാക്കി.
Also Read: T20 World Cup 2022: രോഹിത്തിനും രാഹുലിനും പിഴയ്ക്കുന്നതെവിടെ? അക്തര്‍ പറയുന്നു

മറക്കാന്‍ കഴിയാത്ത മല്‍സരം
ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മല്‍സരങ്ങളിലൊന്നാണ് ഇതെന്നു കമ്രാന്‍ അക്മല്‍ പറയുന്നു. കളിയിലെ ഓരോ ബോളുകളും ഷോട്ടുകളും എന്റെ മനസ്സില്‍ എക്കാലവുമുണ്ടാവും. ഷാന്‍ മസൂദും ഇഫ്തിഖാര്‍ അഹമ്മദും പാകിസ്താനുവേണ്ടി മികച്ച ഇന്നിങ്‌സുകള്‍ കളിച്ചെങ്കിലും വിരാട് കോലിയുടേത് പോലെ അവസാനം വരെ കൊണ്ടുപോവാന്‍ സാധിച്ചില്ല. കോലി പുറത്താവാതെ നിന്ന് 82 റണ്‍സ് നേടി.
പാക് ബാറ്റര്‍മാര്‍ക്കും അതിനു കഴിയുമായിരുന്നു. പക്ഷെ സാധിച്ചില്ല. എങ്കിലും മികച്ച പ്രകടനമാണ് പാക് ബാറ്റിങ് നിര കാഴ്ചവച്ചതെന്നു പറയാം. കാരണം ഫോമിലുള്ള ബാബറിനെയും റിസ്വാനെയും തുടക്കത്തില്‍ നഷ്ടമായി. എന്നിട്ടും ഇഫ്തിഖാര്‍, മസൂദ് എന്നിവരുടെ ഫിഫ്റ്റികള്‍ ടീമിനെ മികച്ച ടോട്ടലിലെത്തിച്ചുവെന്നും അക്മല്‍ വിലയിരുത്തി.

ആ ഷോട്ട് കളിക്കാന്‍ ആര്‍ക്കുമാവില്ല
പാക് സ്പീഡ് സ്റ്റാര്‍ ഹാരിസ് റൗഫിനെതിരേ 19ാം ഓവറില്‍ വിരാട് കോലി നേടിയ സിക്‌സറിനെ കമ്രാന്‍ അക്മല്‍ പ്രശംസിച്ചു. 19ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ റൗഫിന്റെ തലയ്ക്കു മുകളിലൂടെ കോലി നേടിയ സിക്‌സര്‍ അവിശ്വസനീയമായിരുന്നു. ആധുനിക ക്രിക്കറ്റിലെ മറ്റൊരു ബാറ്റര്‍ക്കും റൗഫിനെതിരേ അത്തരമൊരു ഷോട്ട് പായിക്കാന്‍ സാധിക്കില്ലെന്നും അക്മല്‍ നിരീക്ഷിച്ചു.
Also Read: കോലി മാത്രമല്ല, ടി20 ലോകകപ്പില്‍ 'ക്രേസി' ഫിനിഷിങ് വേറെയുമുണ്ട്!, അറിയാം

കോലിയെ കണ്ടുപഠിക്കണം
സമ്മര്‍ദ്ദഘട്ടങ്ങളില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നും എത്തരം ഷോട്ടുകളാണ് കളിക്കേണ്ടതെന്നും ഒരു താരത്തിനു പഠിക്കണമെങ്കില്‍ വിരാട് കോലിയുടെ ഇന്നിങ്‌സ് കണ്ടാല്‍ മതിയെന്നു കമ്രാന്‍ അക്മല്‍ പറയുന്നു.
സ്‌ട്രൈക്ക് എങ്ങനെ റൊട്ടേറ്റ് ചെയ്യണം, ഇന്നിങ്‌സ് എങ്ങനെ മുന്നോട്ടു കൊണ്ടുപോവണം, പവര്‍ ഹിറ്റിങില്‍ എന്തു ടെക്‌നിക്ക് ഉപയോഗിക്കണം, മികച്ച ബൗളിങിനെതിരേ എങ്ങനെ റണ്ണെടുക്കണം തുടങ്ങി എല്ലാത്തിനുമുള്ള ഉത്തരമാണ് കോലിയുടെ ബാറ്റിങ്. എന്റെ അഭിപ്രായത്തില്‍ ഈ കളിയില്‍ കോലിയുടെ ബാറ്റിങിന്റെ വീഡിയോ നമ്മുടെ അണ്ടര്‍ 19, അണ്ടര്‍ 16 തലത്തിലുള്ള താരങ്ങള്‍ക്കെല്ലാം കാണിച്ചുകൊടുക്കണം. സമ്മര്‍ദ്ദത്തെ എങ്ങെയാണ് കോലി അതിജീവിച്ചതെന്നും മല്‍സരം ഫിനിഷ് ചെയ്തതെന്നുമെല്ലാം അവര്‍ കണ്ടുപഠിക്കണമെന്നും അക്മല്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications
