T20 World Cup 2022: എബിഡിയല്ല, ഇന്ത്യക്കാരനുമല്ല!, പ്രചോദിപ്പിച്ച താരത്തെ വെളിപ്പെടുത്തി സൂര്യ

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ കിരീട പ്രതീക്ഷ നല്‍കി ഇന്ത്യ കുതിക്കുകയാണ്. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെതിരേയും അനായാസ ജയം നേടി സെമി സീറ്റ് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ ഇന്ത്യ സെമി ഉറപ്പിക്കും. ഗ്രൂപ്പ് ചാമ്പ്യന്മാരായിത്തന്നെ സെമിയിലെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
ഇത്തവണ ഇന്ത്യക്കൊപ്പം ഗംഭീര പ്രകടനമാണ് സൂര്യകുമാര്‍ യാദവ് കാഴ്ചവെക്കുന്നത്. തുടക്കം മുതല്‍ ആക്രമിക്കുന്ന സൂര്യ എബി ഡിവില്ലിയേഴ്‌സിന് ശേഷം മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കുന്ന താരമായി മാറിയിരിക്കുന്നു. ഇന്ന് ബൗളര്‍മാര്‍ ഏറ്റവും അധികം പേടിക്കുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ഇപ്പോഴിതാ തന്റെ റോള്‍ മോഡലിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.

സ്റ്റീവ് വോയുടെ ആരാധകന്‍
മുന്‍ ഓസീസ് നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് വോയുടെ കടുത്ത ആരാധകനാണ് താനെന്നാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്. അദ്ദേഹത്തിന്റെ ബാറ്റിങ്ങാണ് ക്രിക്കറ്റ് താരമാവാന്‍ പ്രചോദനമായതെന്നും സൂര്യ പറഞ്ഞു. ' 1994-95കളിലെ സ്റ്റീവ് വോയുടെ ബാറ്റിങ് വളരെയധികം പ്രചോദിപ്പിച്ചു. വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍മാര്‍ക്കെതിരേ സ്റ്റീവ് വോയുടെ പ്രകടനം കണ്ട് നോക്കിനിന്നിട്ടുണ്ട്. ബാറ്റിലേക്കെത്തുന്ന പന്തുകളില്‍ എങ്ങനെയാണ് അദ്ദേഹം പ്രതികരിക്കുന്നതെന്ന് ശ്രദ്ധയോടെ വീക്ഷിച്ചിട്ടുണ്ട്. ആ വീഡിയോകളില്‍ നിന്ന് ഞാന്‍ മനസിലാക്കിയത് ഒരു കാര്യമാണ്. പ്രതിരോധത്തിന്റെ ഏറ്റവും മനോഹരമായ രൂപം ആക്രമണമാണ്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്'- സൂര്യകുമാര്‍ പറഞ്ഞു.
Also Read : T20 World Cup 2022: ഇന്ത്യ-പാക് ഫൈനല്‍ വരുമോ?, കപ്പ് ആരടിക്കും?, പ്രവചിച്ച് അസ്ഹര്‍

മുംബൈയിലെത്തിയത് വഴിത്തിരിവായി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഫിനിഷര്‍ റോളിലായിരുന്നു സൂര്യകുമാറിന് അവസരം. അതുകൊണ്ട് തന്നെ വളരെയധികം പന്തുകള്‍ നേരിടാനുള്ള അവസരം സൂര്യകുമാറിന് ലഭിച്ചില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയതോടെ ടോപ് ഓഡറില്‍ സൂര്യക്ക് നിരവധി അവസരം ലഭിച്ചു. ഇത് താരത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും ഇന്ത്യന്‍ ടീമിലേക്കടക്കം വളരാന്‍ സഹായിക്കുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിലെ പ്രകടനമാണ് സൂര്യയുടെ കരിയറില്‍ വഴിത്തിരിവായത്.

ബാറ്റിങ് മെച്ചപ്പെടുത്തിയ തന്ത്രം
'എല്ലാ ഫോര്‍മാറ്റിലെയും മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ യുട്യൂബ് ചാനലിലൂടെ കണ്ടിരുന്നു. കാരണം ഒരു സാഹചര്യത്തില്‍ ബാറ്റ്‌സ്മാന്‍ എങ്ങനെ കളിക്കണമെന്ന് മനസിലാക്കാന്‍ അത് വേണമായിരുന്നു. ബാറ്റിങ്ങിനിറങ്ങിയാല്‍ എന്തൊക്കെ ചെയ്യാനാവുമെന്നതിനെക്കുറിച്ച് ആലോചിച്ചു. ബാറ്റ്‌സ്മാനെന്ന നിലയില്‍ എങ്ങനെ മെച്ചപ്പെടാം എന്നതിനെക്കുറിച്ചും ചിന്തിച്ചു. 2010-11 സമയത്താണ് ഇത്തരം ചിന്ത കൂടിയത്. കൃത്യമായി പറഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ ശേഷം. ഇപ്പോഴും അത് തുടരുന്നു'-സൂര്യകുമാര്‍ പറഞ്ഞു
Also Read : T20 World Cup 2022: അടുത്ത സഹീറാവാന്‍ അവനാവും!, വലിയ സാമ്യത, താരതമ്യവുമായി കുംബ്ലെ

ഇന്ത്യയുടെ വജ്രായുധം
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വജ്രായുധമാണ് സൂര്യകുമാര്‍ യാദവ്. ഏത് മൈതാനത്തും തിളങ്ങാന്‍ കഴിവുള്ള താരത്തിന് ആക്രമിച്ച് തുടങ്ങാന്‍ നിരവധി പന്തുകള്‍ നേരിടേണ്ട ആവിശ്യമില്ല. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ സൂര്യക്കാവും. കോപ്പീബുക്ക് ശൈലികളുടെ പൊളിച്ചെഴുത്താണ് സൂര്യകുമാറിന്റെ ബാറ്റിങ്. സമീപകാലത്തായി മിന്നും ഫോമിലാണ് അദ്ദേഹം.
ഫീല്‍ഡിങ് നിയന്ത്രണമില്ലാത്ത മധ്യ ഓവറുകളില്‍ നന്നായി റണ്‍സുയര്‍ത്തുമെന്നതാണ് സൂര്യകുമാറിന്റെ സവിശേഷത. ലോകകപ്പില്‍ പാകിസ്താനെതിരേ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന സൂര്യ നെതര്‍ലന്‍ഡ്‌സിനെതിരേ വെടിക്കെട്ട് ഫിഫ്റ്റി നേടിയിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീടത്തിലേക്കുള്ള യാത്രയില്‍ നിര്‍ണ്ണായക റോളുള്ള താരമാണ് സൂര്യകുമാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications