
അടുത്ത ഞായറാഴ്ച
അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന പാകിസ്താനുമായുള്ള പോരാട്ടത്തിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ലോകകപ്പിനു മുന്നോടിയായി 16 ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ സംസാരിക്കവെയാണ് പ്ലെയിങ് ഇലവനെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്.

അവസാന മിനിറ്റിലെ തീരുമാനങ്ങള്‍
അവസാന മിനിറ്റിലെ തീരുമാനങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ടീം സെലക്ഷനെക്കുറിച്ച് ഞങ്ങളുടെ താരങ്ങളെ നേരത്തേ തന്നെ അറിയിക്കാനാണ് ആഗ്രഹിക്കുന്നത്. അതു അവരെ നേരത്തേ തന്നെ തയ്യാറാവാന്‍ സഹായിക്കുകയും ചെയ്യും. പാകിസ്താനെതിരായ മല്‍സരത്തിലെ ഇലവനെക്കുറിച്ച് ഞാന്‍ ഇതിനകം തീരുമാനിച്ചുകഴിഞ്ഞു. താരങ്ങളെ ഇതേക്കുറിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും രോഹിത് ശര്‍മ വ്യക്തമാക്കി.
Also Read: T20 World Cup: സച്ചിനെയും ദാദയെയും 'വിലക്കിയ' ദ്രാവിഡ്! ഉപദേശകനായി ധോണിയുടെ ഫീസെത്ര?

ഷമിയെ കണ്ടിട്ടില്ല
മുഹമ്മദ് ഷമിയെ ഞാന്‍ ഇവിടെയെത്തിയ ശേഷം ഇനിയും കണ്ടിട്ടില്ല. പക്ഷെ അദ്ദേഹത്തെക്കുറിച്ച് ഞാന്‍ നല്ല കാര്യങ്ങളാണ് കേള്‍ക്കുന്നത്. ബ്രിസ്ബണില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന പരിശീലനത്തില്‍ ഷമിയെ നിരീക്ഷിക്കുമെന്നും രോഹിത് ശര്‍മ പറഞ്ഞു.
പാകിസ്താനെതിരായ പോരാട്ടത്തില്‍ മുഹമ്മദ് ഷമി ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണെന്നാണ് രോഹിത്തിന്റെ ഈ വാക്കുകള്‍ നല്‍കുന്ന സൂചന.

മല്‍സരത്തിന്‍റെ പ്രാധാന്യമറിയാം
ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷെ അതേക്കുറിച്ച് എല്ലായ്‌പ്പോഴും പറയുന്നതില്‍ അര്‍ഥമില്ല. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഞങ്ങള്‍ ഏറ്റുമുട്ടിയപ്പോഴും കുടുംബങ്ങളെക്കുറിച്ചും കാറുകളെക്കുറിച്ചുമെല്ലാമാണ് പരസ്പരം സംസാരിച്ചത്.
ടീമുകള്‍ ഇപ്പേള്‍ നിര്‍ഭയരായി മാറിയിരിക്കുകയാണ്. ഞങ്ങളും അതേ സമീപനം തന്നെയാണ് സ്വീകരിക്കാന്‍ പോവുന്നത്. 140 റണ്‍സെന്നത് മുമ്പ് വിന്നിങ് ടോട്ടലായിരുന്നു. പക്ഷെ ഇപ്പോള്‍ ടീമുകള്‍ 14-15 ഓവറുകളില്‍ തന്നെ ഈ സ്‌കോറിലെത്താനാണ് ലക്ഷ്യമിടുന്നതെന്നും രോഹിത് ശര്‍മ വിശദമാക്കി.
Also Read: T20 World Cup 2022: റിഷഭിനെക്കൊണ്ട് 'മതിയായി', പാകിസ്താനെതിരേ പുറത്തിരിക്കും!

ബുംറയെ മിസ്സ് ചെയ്യും
പരിക്കു കാരണം ലോകകപ്പ് നഷ്ടമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ താന്‍ മിസ്സ് ചെയ്യുമെന്നു രോഹിത് ശര്‍മ സമ്മതിച്ചു. പരിക്കുകളില്‍ നിങ്ങള്‍ക്കു നിരാശ പ്രകടിപ്പിക്കാന്‍ കഴിയില്ല. പകരം എന്തു ചെയ്യാന്‍ കഴിയുമെന്ന് മുന്നോട്ട് നോക്കുകയാണ് വേണ്ടത്. ഞങ്ങള്‍ ടീമിലെ മറ്റു കളിക്കാരെ നന്നായി പിന്തുണയ്ക്കുന്നുണ്ട്. അവര്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനായാണ് ഞങ്ങള്‍ ഇവിടേക്ക് നേരത്തെ വരാന്‍ ആഗ്രഹിച്ചത്.
പാകിസ്താനെതിരായ മല്‍സരമാവുമ്പോഴേക്കും ഞങ്ങള്‍ സജ്ജരായിക്കഴിഞ്ഞിരിക്കും. നിങ്ങള്‍ കളിക്കുമെന്ന് ഒരു താരത്തോടു അവസാന മിനിറ്റില്‍ പറയുന്നതിനോടു തനിക്കു വിശ്വാസമില്ലെന്നും രോഹിത് പറഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് , മുഹമ്മദ് ഷമി.
സ്റ്റാന്‍ഡ്‌ബൈ കളിക്കാര്‍: മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, രവി ബിഷ്നോയ്, ഷര്‍ദുല്‍ ടാക്കൂര്‍.


Click it and Unblock the Notifications











