T20 World Cup 2022: സെമിയില്‍ സൂര്യ വലിയ സ്‌കോര്‍ നേടില്ല ! പ്രവചിച്ച് മുന്‍ ഓസീസ് താരം

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ സെമി പോരാട്ടത്തിന് നാളെ കളമൊരുങ്ങുകയാണ്. ആദ്യ സെമിയില്‍ ന്യൂസീലന്‍ഡും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് ശേഷം ഇന്ത്യ-പാക് ഫൈനല്‍ പ്രതീക്ഷയിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ഇന്ത്യക്കാണ് കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ താരങ്ങളുടെ നിലവിലെ ഫോം നിലവിലെ ഇംഗ്ലണ്ടിന്റെ പ്രകടനത്തെക്കാള്‍ ഒരുപടി മുന്നിലാണ്.
ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്റെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവില്‍ ഗംഭീര പ്രകടനം നടത്തുന്ന സൂര്യക്ക് ഇംഗ്ലണ്ടിനെതിരേയും മികവ് ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. എന്നാല്‍ സെമി ഫൈനലില്‍ ഇന്ത്യക്കായി സൂര്യകുമാര്‍ യാദവ് തിളങ്ങില്ലെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ ബാറ്റ്‌സ്മാനും ഇംഗ്ലണ്ടിന്റെ ബാറ്റിങ് ഉപദേഷ്ടാവുമായ മൈക്ക് ഹസി.

ഇംഗ്ലണ്ടിനെതിരേ തിളങ്ങില്ലെന്ന് പ്രതീക്ഷ
സൂര്യകുമാര്‍ അത്ഭുതപ്പെടുത്തുന്ന ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. ഐപിഎല്ലില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മികവ് കാട്ടാന്‍ സൂര്യക്കായിട്ടുണ്ട്. ഇപ്പോളവന്‍ ഉയര്‍ന്ന നിലയില്‍ സ്ഥിരതയോടെ കളിക്കുന്നു. വ്യക്തിപരമായി അവന്റെ ബാറ്റിങ് കാണാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ അവന്‍ വലിയ സ്‌കോര്‍ നേടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്- മൈക്ക് ഹസി പറഞ്ഞു. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിച്ച് സൂര്യ കസറുമ്പോള്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ വലിയ തലവേദനയാണ്.

ഇന്ത്യ നിസാരക്കാരല്ല
ഇന്ത്യയുടെ ടീം കരുത്തിനെ വിലകുറച്ച് കാണുന്നില്ലെന്നാണ് ഹസി പറയുന്നത്. 1983ലാണ് അവസാനമായി ഇന്ത്യയും ഇംഗ്ലണ്ടും ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടിയത്. ഇന്ത്യയും ഇംഗ്ലണ്ടും കഴിഞ്ഞ കാലയളവില്‍ ടി20യില്‍ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അവസാനമായി ജൂണില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പരമ്പര നേടി. എന്നാല്‍ ഇത് ചരിത്രത്തിന്റെ ഭാഗമാണ്. ഇത്തവണ ആവേശ പോരാട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും ഹസി പറഞ്ഞു.

വിജയിക്കുക കടുപ്പം
ഇന്ത്യ മികച്ച ടീമാണ്. അവര്‍ സെമിയിലേക്കെത്തിയത് നോക്കുക. വെല്ലുവിളി ഉയര്‍ത്താനും ജയിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഇംഗ്ലണ്ടിന് കാഴ്ചവെക്കേണ്ടതായുണ്ട്. ആര്‍ക്കാണ് ആധിപത്യം നേടാനാവുകയെന്നതിനെ അടിസ്ഥാനമാക്കിയാവും ജയ പരാജയങ്ങള്‍ തീരുമാനിക്കുക. രണ്ട് ടീമും മികച്ചവരായതിനാല്‍ ജയിക്കാന്‍ സാധ്യമാവുന്നതെല്ലാം ചെയ്യും. ഫൈനല്‍ സ്വപ്‌നവുമായി ഇറങ്ങുമ്പോള്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കുന്നു- ഹസി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഉജ്ജ്വല ഫോമില്‍
ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ തോറ്റത്. പാകിസ്താന്‍, നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ്, സിംബാബ് വെ എന്നിവരെയെല്ലാം ഇന്ത്യ തോല്‍പ്പിച്ചു. നിലവിലെ ഇന്ത്യയുടെ ആത്മവിശ്വാസം ഇംഗ്ലണ്ടിനെക്കാള്‍ ഉയരത്തിലാണ്. മഴ കളിച്ചാല്‍ മത്സരം നടക്കാതെ പോയാലും ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിലെത്തും. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് കരുത്ത് പകരും. അര്‍ഷദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നീ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ക്കൊപ്പം പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പന്തുകൊണ്ട് മികവ് കാട്ടുന്നു. സെമിയില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനം പ്രധാനപ്പെട്ടതാണ്.

ഇന്ത്യയുടെ തുടക്കം മെച്ചപ്പെടണം
ടൂര്‍ണമെന്റില്‍ ഇന്ത്യ മുന്നേറുമ്പോഴും പ്രധാന പ്രശ്‌നം മികച്ച തുടക്കം ലഭിച്ചില്ലെന്നതാണ്. എന്നാല്‍ സെമിയില്‍ ഇത് ഇന്ത്യക്ക് വലിയ ബാധ്യതയായി മാറും. രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ കൂടുതല്‍ മികവ് കാട്ടേണ്ടിയിരിക്കുന്നു. രോഹിത് ഫ്‌ളോപ്പാവുന്നതാണ് ഇതില്‍ പ്രധാന തലവേദന. പവര്‍പ്ലേയില്‍ 50 റണ്‍സിലധികം അടിക്കാന്‍ ഇന്ത്യക്ക് സാധിക്കണം. അതിന് സാധിക്കാത്ത പക്ഷം ഇംഗ്ലണ്ടിനെതിരേ പ്രയാസപ്പെടാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications