T20 World Cup 2022: കളിക്കാതെ 'തുരുമ്പെടുത്തു'! ഇനിയും പുറത്തിരുന്നേക്കും, ഇതാ ഇന്ത്യയുടെ 3 പേര്‍
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം അടുത്ത ഞായറാഴ്ച മെല്‍ബണില്‍ നടക്കാനിരിക്കുകയാണ്. ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ആദ്യ അങ്കത്തില്‍ ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ഈ മല്‍സരത്തിനു മുന്നോടിയായുള്ള ആദ്യ സന്നാഹത്തില്‍ വിജയം കൊയ്തതിന്റെ ആഹ്ലാദത്തിലാണ് രോഹിത് ശര്‍മയും സംഘവും. ആതിഥേയരും നിലവിലെ ചാംപ്യന്‍മാരുമായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ ആറു റണ്‍സിനു തോല്‍പ്പിച്ചത്.
പാകിസ്താനുമായുള്ള ആദ്യ പോരാട്ടത്തില്‍ ഇന്ത്യയുടെ ഇലവനിലുണ്ടാവാന്‍ സാധ്യതയുള്ളവരെല്ലാം ഓസീസിനെതിരേ ഇറങ്ങിയിരുന്നു. ന്യൂസിലാന്‍ഡിനെതിരേ ബുധനാഴ്ച ഒരു സന്നാഹ മല്‍സരം കൂടി ഇന്ത്യക്കു ബാക്കിയുണ്ട്. മതിയായ അവസരങ്ങളില്ലാതെ 'തുരുമ്പെടുത്തു' പോയ ചില താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ഇവര്‍ക്കു ലോകകപ്പിലും അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ആരൊക്കെയാണ് ഈ മൂന്നു കളിക്കാരെന്നു പരിശോധിക്കാം.

റിഷഭ് പന്ത്
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായിക്കൊണ്ടിരിക്കുന്ന താരമാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ടി20യില്‍ ഇതുവരെ തന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായിട്ടില്ല. മധ്യനിരയിലും കുറച്ചു മല്‍സരങ്ങളില്‍ ഓപ്പണറായുമെല്ലാം റിഷഭ് പരീക്ഷിക്കപ്പെട്ടെങ്കിലും ഇവയിലെല്ലാം കാര്യമായ ഇംപാക്ടുണ്ടാക്കാനാവാതെ പുറത്താവുകയായിരുന്നു. 2020ന്റെ തുടക്കം മുതലുള്ള കണക്കുകളെടുത്താല്‍ ടി20യില്‍ ഒരു തവണ മാത്രമാണ് റിഷഭ് ഒരിന്നിങ്‌സില്‍ 30ന് മുകളില്‍ ബോളുകള്‍ നേരിട്ടത്. ആഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ കളിയിലായിരുന്നു ഇത്.

നാല് ഇന്നിങ്സുകള്‍
കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലു ഇന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്. ഇവയില്‍ 14 (12), 17 (13), 20* (16), 27 (14) എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. പാകിസ്താനെതിരായ ലോകകപ്പ് പോരാട്ടതതില്‍ റിഷഭിനു ഇന്ത്യന്‍ ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല. പകരം ദിനേശ് കാര്‍ത്തികായിരിക്കും വിക്കറ്റ് കാക്കുക. എങ്കിലും ടൂര്‍ണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ റിഷഭ് ടീമിലേക്കു വന്നേക്കും. മധ്യനിരയില്‍ വേറെ ഇടംകൈയന്‍മാരില്ലെന്നതാണ് താരത്തെ കളിപ്പിക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കുന്നത്.

ദീപക് ഹൂഡ
ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് അവസരങ്ങള്‍ കിട്ടാതെ ടച്ച് നഷ്ടമായിക്കൊണ്ടിരിക്കുന്ന മറ്റൊരു താരം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് താരം ഇന്ത്യക്കായി അരങ്ങേറിയത്. അതിനു ശേഷം കളിച്ചത് ഒമ്പതു ഇന്നിങ്‌സുകളിലാണ്. ജൂണിലെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഹൂഡയുടെ ഇടിവെട്ട് സെഞ്ച്വറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷെ സപ്തംബര്‍ മുതല്‍ അദ്ദേഹം നേരിട്ടത് വെറും 18 ബോളുകള്‍ മാത്രമാണ്.

പരിക്കേറ്റു
അടുത്തിടെ താരത്തിന്റെ പുറംഭാഗത്തിനു പരിക്കേറ്റിരുന്നു. ഇതോടെ ലോകകപ്പ് നഷ്ടമായേക്കുമെന്നും സംശയങ്ങളുയര്‍ന്നിരുന്നു. പക്ഷെ ഇതില്‍ നിന്നും മോചിതനായ ഹൂഡ ഫിറ്റ്‌നസ് വീണ്ടെടുത്ത് ലോകകപ്പ് ടീമില്‍ തുടരുകയായിരുന്നു. പക്ഷെ ലോകകപ്പില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ല. ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമായിരിക്കും ടീമിലെ ഓള്‍റൗണ്ടര്‍മാര്‍.

മുഹമ്മദ് ഷമി
ഏകദേശം ഒരു വര്‍ഷത്തോളമായി പേസര്‍ മുഹമ്മദ് ഷമി ഇന്ത്യക്കായി ഒരു ടി20 മല്‍സരം കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലാണ് അദ്ദേഹം അവസാനമായി ഈ ഫോര്‍മാറ്റില്‍ ബൗള്‍ ചെയ്തത്. അതിനു ശേഷം ടെസ്റ്റിലാണ് ഷമിയെ കൂടുതലും കണ്ടിട്ടുള്ളത്. ഇതിനിടെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി സീസണിലെ എല്ലാ മല്‍സരത്തിലും അദ്ദേഹം കളിച്ചിരുന്നു.

ഓസീസിനെതിരേ ബൗള്‍ ചെയ്തു
ഓസ്‌ട്രേലിയക്കെതിരായ സന്നാഹത്തില്‍ ഷമി പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. എങ്കിലും അവസാന ഓവറില്‍ നായകന്‍ രോഹിത് ശര്‍മ അദ്ദേഹത്തെ ബൗള്‍ ചെയ്യാന്‍ വിളിക്കുകയായിരുന്നു. ഈ ഓവറില്‍ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഷമി മൂന്നു വിക്കറ്റുകളെടുക്കുകയും ചെയ്തു.
പക്ഷെ അദ്ദേഹം ഇപ്പോളും ഒരു ഫുള്‍ മാച്ച് ഫിറ്റ്‌നസ് നേടിയിട്ടുണ്ടോയെന്നു സംശയമാണ്. കൊവിഡില്‍ നിന്നും മുക്തനായി അടുത്തിടെയാണ് ഷമി തിരിച്ചെത്തിയത്. പാകിസ്താനുമായുള്ള ലോകകപ്പിലെ ആദ്യ മല്‍സരത്തിനു മുമ്പ് അദ്ദേഹം ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്. ന്യൂസിലാന്‍ഡുമായുള്ള അടുത്ത സന്നാഹം ഇതിനുള്ള നല്ലൊരു അവസരമായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications