
ഇത്തവണ കോലിക്കു പകരം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കച്ചമുറുക്കുന്നത്. കോലിക്കു സാധിക്കാതെ പോയത് ഹിറ്റ്മാനിലൂടെ ഇന്ത്യ കൈക്കലാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെക്കുറിച്ച് സെലക്ടര്‍മാര്‍ ഏറെക്കുറെ തീരുമാനമെടുത്തു കഴിഞ്ഞു. നിലവില്‍ ടീം കളിച്ചുകൊണ്ടിരിക്കുന്ന ഓരോ പരമ്പരയും ലോകകപ്പിനുള്ള തയ്യാറെടുപ്പ് തന്നെയാണ്. ലോകകപ്പിനു ശേഷം പല താരങ്ങളും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തവണത്തെ ടൂര്‍ണമെന്റിനു ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനിടയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ആര്‍ അശ്വിന്‍
സ്റ്റാര്‍ ഓഫ് സ്പിന്നറും വെറ്ററന്‍ താരവുമായ ആര്‍ അശ്വിനാണ് ഈ ലിസ്റ്റിലെ ആദ്യത്തെ താരം. നിലവില്‍ ഇന്ത്യക്കു വേണ്ടി ടി20 ഫോര്‍മാറ്റില്‍ സ്ഥിരമായി അദ്ദേഹം കളിക്കുന്നില്ല. എങ്കിലും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അശ്വിനെ ഇന്ത്യന്‍ ടീമിലെടുക്കാന്‍ തന്നെയാണ് സാധ്യത.
കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. സംഘത്തിലെ സര്‍പ്രൈസ് താരങ്ങളിലൊരാള്‍ തന്നെയായിരുന്നു അശ്വിന്‍. അന്നു യുസ്വേന്ദ്ര ചഹലിനു പകരമാണ് തീര്‍ത്തും അപ്രതീക്ഷിതമായി അശ്വിനു ടീമിലേക്കു വിളി വന്നത്.

തുടക്കത്തിലെ മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നെങ്കിലും പിന്നീട് പ്ലെയിങ് ഇലവനിലെത്തിയപ്പോള്‍ അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.
വരാനിരിക്കുന്ന ലോകകപ്പിനു ശേഷം ടി20യില്‍ നിന്നും വിരമിച്ച് അശ്വിനു പൂര്‍ണമായും ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്. നിലവില്‍ ടി20 ടീമിലെ സ്ഥിര സാന്നിധ്യമല്ലാത്തതിനാല്‍ തന്നെ അദ്ദേഹത്തെ സംബന്ധിച്ച് മികച്ച തീരുമാനവും ഇതു തന്നെയായിരിക്കും.

അക്ഷര്‍ പട്ടേല്‍
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരം. ലോകകപ്പില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുന്ന കാര്യം സംശയമാണെങ്കിലും അക്ഷറിനെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ വൈറ്റ് ബോള്‍ ടീമിന്റെ ഭാഗം തന്നെയാണ് അക്ഷര്‍. പക്ഷെ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു സ്ഥാനമുറപ്പില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് താരം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. കന്നി ടെസ്റ്റില്‍ തന്നെ ഗംഭീര പ്രകടനവുമായി വരവറിയിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ടി20 ലോകകപ്പിനു ശേഷം ടി20യില്‍ നിന്നും വിരമിച്ച് ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ അക്ഷര്‍ ശ്രമിച്ചേക്കും.

ദിനേശ് കാര്‍ത്തിക്
ഫിനിഷറായി അടുത്തിടെ ഇന്ത്യയുടെ ടി20 ടീമിലേക്കു മടങ്ങിയെത്തിയ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് ലോകകപ്പിനു ശേഷം വിരമിക്കാനിടയുള്ള മറ്റൊരാള്‍. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ കസറിയതോടെയാണ് ഡിക്കെ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്. 2019നു ശേഷം ആദ്യമായിട്ടാണ് കാര്‍ത്തിക് ദേശീയ ടീമില്‍ മടങ്ങിയെത്തിയത്.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അദ്ദേഹം തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ടൂര്‍ണമെന്റിനു ശേഷം 37 കാരനായ ഡിക്കെ കളി തുടരാന്‍ സാധ്യതയില്ല. സഞ്ജു സാംസണിനെപ്പോലെയുള്ള കൡവുറ്റ വിക്കറ്റ് കീപ്പര്‍മാര്‍ അവസരത്തിനായി ദേശീയ ടീമിനു പുറത്തു കാത്തുനില്‍ക്കുകയാണ്.

കൂടാതെ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്. അതുകൊണ്ടു തന്നെ ഇവര്‍ക്കെല്ലാം തടസ്സമായി ഡിക്കെ ദേശീയ ടീമില്‍ തുടരാന്‍ ആഗ്രഹിക്കില്ല. അതിനാല്‍ ലോകകപ്പില്‍ ഇന്ത്യക്കൊപ്പം കിരീടവിജയത്തോടെ തന്നെ കരിയര്‍ അവസാനിപ്പിക്കുകയായിരിക്കും അദ്ദേഹത്തിന്റെ സ്വപ്നം.


Click it and Unblock the Notifications











