
ഗ്രൂപ്പില്‍ പോര് മുറുകുന്നു
സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ സെമി ഫൈനല്‍ ബെര്‍ത്തിനായുള്ള പോരാട്ടം മുറുകിയിരിക്കുകയാണ്. നിലവില്‍ നാലു ടീമുകളാണ് സെമിക്കായി രംഗത്തുള്ളത്. അദ്ഭുദങ്ങള്‍ പ്രതീക്ഷിച്ച് പാകിസ്താനും പിന്നാലെയുണ്ട്.
മൂന്നു മല്‍സരങ്ങളില്‍ നിന്നും അഞ്ചു പോയിന്റോടെ തലപ്പത്തുള്ള സൗത്താഫ്രിക്ക സെമിക്കു തൊട്ടരികിലാണ്. നാലു പോയിന്റ് വീതമുള്ള ഇന്ത്യയും ബംഗ്ലാദേശും തൊട്ടുപിന്നാലെയുണ്ട്. മൂന്നു പോയിന്റോടെ സിംബാബ്‌വെയാണ് നാലാംസ്ഥാനത്ത്. ബംഗ്ലാദേശിനോടു തോറ്റാല്‍ അതു ഇന്ത്യയുടെ നിലനില്‍പ്പ് അവതാളത്തിലാക്കും. അങ്ങനെ വന്നാല്‍ സിംബാബ്‌വെയുമായുള്ള അവസാന മല്‍സരത്തില്‍ തീര്‍ച്ചയായും ഇന്ത്യക്കു ജയം അനിവാര്യമായിത്തീരും.

മഴഭീഷണി, പിച്ച്
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മല്‍സരത്തിനു കാലാവസ്ഥ ഭീഷണിയുയര്‍ത്തുന്നുണ്ട്. മല്‍സരദിവസമായ ബുധനാഴ്ച ഇവിടെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതു തീര്‍ച്ചയായും ഇന്ത്യയുടെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഡ്‌ലെയ്ഡില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണുള്ളത്. മഴയ്ക്കു 70 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മല്‍സരം മഴയെടുക്കുകയാണെങ്കില്‍ ഇന്ത്യക്കു ബംഗ്ലാദേശിനും ഒാരോ പോയിന്റ് വീതം പങ്കിടേണ്ടി വരും.
അതേസമയം, അഡ്‌ലെയ്ഡിലെ പിച്ചിലേക്കു വന്നാല്‍ അതു ബാറ്റിങിനു വളരെയധികം യോജിച്ചതാണ്. സിഡ്‌നിയിലേതു പോലെ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഓസ്‌ട്രേലിയയിലെ ഗ്രൗണ്ടുകളിലൊന്നാണിത്. കളിയുടെ തുടക്കത്തില്‍ പേസര്‍മാര്‍ക്കു പിച്ചില്‍ നിന്നും പ്രയോജനം ലഭിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Also Read: T20 World Cup 2022 : ഇന്ത്യക്കാരില്ല, അഞ്ച് സൂപ്പര്‍ പേസര്‍മാരെ തിരഞ്ഞെടുത്ത് സ്റ്റെയിന്‍

ഇന്ത്യക്കു മേല്‍ക്കൈ
ബംഗ്ലാദേശിനെതിരായ ടി20യിലെ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ടെന്നു കാണാം. ഇതുവരെ 11 മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 10ലും വിജയം ഇന്ത്യക്കായിരുന്നു. ഒരു മല്‍സരത്തില്‍ മാത്രമേ ബംഗ്ലാദേശിനു ജയിക്കാനായിട്ടുള്ളൂ.

ടീമില്‍ മാറ്റം
സൗത്താഫ്രിക്കയ്‌ക്കെതിരേ പരാജയപ്പെട്ട ടീമില്‍ ചില മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. കഴിഞ്ഞ മല്‍സരത്തിനിടെ പരിക്കേറ്റ് ഗ്രൗണ്ട് വിടേണ്ടി വന്ന വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് അടുത്ത മല്‍സരം കളിക്കുന്ന കാര്യം സംശയമാണ്. പരിക്കില്‍ നിന്നും മുക്തനായില്ലെങ്കില്‍ ഡിക്കെയ്ക്കു പകരം റിഷഭ് പന്ത് പ്ലെയിങ് ഇലവനിലേക്ക് വരും.
സൗത്താഫ്രിക്കയ്‌ക്കെിരേ ബാറ്റിങില്‍ ഫ്‌ളോപ്പാവുകയും ബൗളിങില്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്ത ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കു പകരം അക്ഷര്‍ പട്ടേലിനെ ഇന്ത്യ തിരിച്ചുവിളിക്കാന്‍ സാധ്യത കൂടുതലാണ്. ആര്‍ അശ്വിനെ ഒഴിവാക്കി യുസ്വന്ദ്രേ ചഹലിനെ കളിപ്പിക്കണമോയെന്നും ഇന്ത്യ ആലോചിക്കുന്നുണ്ട്.
Also Read: T20 World Cup 2022: ഇക്കളി പോരാ..., ഇന്ത്യക്ക് മൂന്ന് മാറ്റം വേണം, എന്തൊക്കെയെന്നറിയാം

സാധ്യതാ ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍/യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.
ബംഗ്ലാദേശ്- നജ്മുല്‍ ഹുസൈന്‍ ഷാന്റോ, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, ഷാക്വിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), അഫീഫ് ഹുസൈന്‍, യാസിര്‍ അലി, മൊസാദെക് ഹുസൈന്‍, നൂറുല്‍ ഹസന്‍ (വിക്കറ്റ് കീപ്പര്‍), മുസ്തഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹമ്മൂദ്, ടസ്‌കിന്‍ അഹമ്മദ്.


Click it and Unblock the Notifications