
ഇന്ത്യ- ഇംഗ്ലണ്ട് സെമി
അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ 10നു അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടുമായിരിക്കും കൊമ്പുകോര്‍ക്കുക. ന്യൂസിലാന്‍ഡ് സൗത്താഫ്രിക്കയെയും നേരിടും. ഞായറാഴ്ച സിംബാബ്‌വെയുമായിട്ടാണ് ഇന്ത്യയുടെ അവസാന അങ്കം. സെമിയിലെത്താന്‍ ഇന്ത്യക്കു ഈ കളിയില്‍ ജയിച്ചേ തീരൂ.
ഇന്ത്യ തോല്‍ക്കുകയും സൗത്താഫ്രിക്ക, പാകിസ്താന്‍ ടീമുകള്‍ ജയിക്കുകയും ചെയ്താല്‍ സെമി ലൈനപ്പ് മാറി മറിയും. അങ്ങനെ സംഭവച്ചാല്‍ സെമിയില്‍ ന്യൂസിലാന്‍ഡ് പാകിസ്താനുമായും സൗത്താഫ്രിക്ക ഇംഗ്ലണ്ടുമായിട്ടുമാവും പോരടിക്കുക. ഇന്ത്യക്കു നാട്ടിലേക്കു മടങ്ങുകയും ചെയ്യാം.

ഇന്ത്യക്കു മേല്‍ക്കൈ
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് ഇത്തവണ സെമി ഫൈനലില്‍ മുഖാമുഖം വരുന്നതെങ്കില്‍ ഇന്ത്യക്കു പ്രതീക്ഷിക്കാന്‍ വകയുണ്ട്. കാരണം ടി20യിലെ കണക്കുകളെടുത്താല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇതുവരെ 22 ടി20കളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 12 മല്‍സരങ്ങളില്‍ വിജയം ഇന്ത്യക്കായിരുന്നു. ഇംഗ്ലണ്ട് 10 കളികളിലും വിജയം കൊയ്തു.
Also Read: T20 World Cup 2022: സിംബാബ്‌വെ നിസാരക്കാരല്ല!, ഇന്ത്യ ഭയക്കണം, മൂന്ന് കാര്യം തലവേദന

അന്ന് ഓസീസിനെ രക്ഷിച്ചു, ഇന്ന് പുറത്താക്കി
2021ല്‍ യുഎഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയെ സൂപ്പര്‍ 12ല്‍ നിന്നും സെമി ഫൈനലിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും കിരീടത്തിലേക്കുമെല്ലാം നയിച്ചത് നെറ്റ് റണ്‍റേറ്റായിരുന്നു. അന്നു സൂപ്പര്‍ 12ല്‍ മൂന്നു ടീമുകള്‍ക്കു എട്ടു പോയിന്റ് വീതമായിരുന്നു.
ഇംഗ്ലണ്ട്, ഓസീസ്, സൗത്താഫ്രിക്ക എന്നിവര്‍ക്കാണ് അഞ്ചു മല്‍സങ്ങള്‍ കഴിഞ്ഞപ്പോള്‍ തുല്യ പോയിന്റ് ലഭിച്ചത്. നെറ്റ് റണ്‍റേറ്റില്‍ ഇംഗ്ലണ്ട് ഒന്നാംസ്ഥാനക്കാരായപ്പോള്‍ ഓസീസ് രണ്ടാമതുമെത്തി. സൗത്താഫ്രിക്ക പുറത്താവുകയും ചെയ്തു. പക്ഷെ ഇത്തവണ നെറ്റ് റണ്‍റേറ്റ് ഭാഗ്യം കംഗാരുപ്പടയെ രക്ഷിച്ചില്ല. അന്നു സൗത്താഫ്രിക്കയ്ക്കുണ്ടായ അതേ വിധിയാണ് സ്വന്തം നാട്ടില്‍ ഓസീസിനു നേരിട്ടിരിക്കുന്നത്.

ഇന്ത്യയുടെ പ്രകടനം
ഈ ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനമെടുത്താല്‍ സൂപ്പര്‍ 12ലെ കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലാണ് വിജയം കൊയ്തത്. ഒരു കളിയില്‍ പരാജയം നേരിടുകയായിരുന്നു. ചിരവൈരികളായ പാകിസ്താനെ ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ നാലു വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.
രണ്ടാമത്തെ മല്‍സരത്തില്‍ കുഞ്ഞന്‍മാരായ നെതര്‍ലാന്‍ഡ്‌സിനെതിരേ കാര്യമായി വിയര്‍ക്കാതെ തന്നെ ഇന്ത്യ ജയം നേടുകയും ചെയ്തു. 56 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

തോല്‍വി, ത്രില്ലിങ് ജയം
പക്ഷെ ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. തുടരെ മൂന്നാം ജയത്തോടെ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാമെന്ന പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യക്കു സൗത്താഫ്രിക്കയ്ക്കു മുന്നില്‍ അടിതെറ്റി. അഞ്ചു വിക്കറ്റിനാണ് സൗത്താഫ്രിക്ക ഇന്ത്യയെ കെടുകെട്ടിച്ചത്. ഇതോടെയാണ് ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ തുലാസിലായത്.
നിര്‍ണായകമായ നാലാമത്തെ കളിയില്‍ ബംഗ്ലാദേശിനെതിരേ മഴനിയമ പ്രകാരം അഞ്ചു റണ്‍സിന്റെ നേരിയ വിജയവുമായി ഇന്ത്യ കഷ്ടിച്ചു തടിതപ്പുകയായിരുന്നു. ഈ മല്‍സരം തോറ്റിരുന്നെങ്കില്‍ ഇന്ത്യയുടെ സെമി പ്രതീക്ഷ ഏറെക്കുറെ അസ്തമിക്കുമായിരുന്നു.


Click it and Unblock the Notifications











