
പിഴവ്- ഫീല്‍ഡിങ്
സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ഫീല്‍ഡിങിനെ ദയനീയമെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. തുടക്കത്തില്‍ ക്വിന്റണ്‍ ഡികോക്കിന്റെ മികച്ചൊരു ക്യാച്ച് സെക്കന്റ് സ്ലിപ്പില്‍ കെഎല്‍ രാഹുല്‍ നേടിയിരുന്നു. ടെംബ ബവുമയെ പുറത്താക്കാന്‍ ദിനേശ് കാര്‍ത്തികിന്റെ ഡൈവിങ് ക്യാച്ചും പിന്നാലെ കണ്ടു. അതിനു ശേഷം ഇന്ത്യന്‍ ഫീല്‍ഡിങ് വളരെ മോശമായിരുന്നു.
അശ്വിന്റെ ബൗളിങില്‍ എയ്ഡന്‍ മര്‍ക്രാമിന്റെ സിംപിള്‍ ക്യാച്ച് ഡീപ്പ് മിഡ് വിക്കറ്റില്‍ വിരാട് കോലി കൈവിട്ടത് തികച്ചും അവിശ്വസനീയമായിരുന്നു. അപ്പോള്‍ താരം നേടിയത് 35 റണ്‍സായിരുന്നു. അതിനു ശേഷം രോഹിത് ശര്‍മ രണ്ടു റണ്ണൗട്ട് അവസരങ്ങള്‍ കളഞ്ഞുകുളിച്ചു. ഡീപ്പില്‍ ഒരു ഹൈ ബോള്‍ ക്യാച്ച് വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും കൈവിടുന്നതും കണ്ടു. ഇരുവരും ക്യാച്ചിനു ശ്രമിച്ചതു പോലുമില്ല. ഫീല്‍ഡിങിലെ ഈ പിഴവുകളാണ് ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

പിഴവ്- മോശം ഷോട്ട് സെലക്ഷന്‍
ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഷോട്ട് സെലക്ഷന്‍ ഈ കളിയില്‍ വളരെ മോശമായിരുന്നു. ഭൂരിഭാഗം പേരും മോശം ഷോട്ടുകള്‍ കളിച്ചാണ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. രോഹിത് ശര്‍മയുടെ ഷോട്ടിനെ ഒരുപരിധി വരെ ന്യായീകരിക്കാം. കാരണം ഓപ്പണിങ് ബാറ്ററായതിനാല്‍ പവര്‍പ്ലേയില്‍ കൂടുതല്‍ റിസ്‌കെടുക്കാതെ അദ്ദേഹത്തിനു വേറെ വഴികളില്ല. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ തീര്‍ത്തും അനാവശ്യമായാണ് പുള്‍ ഷോട്ടിനു മുതിര്‍ന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ആദ്യ ലോകകപ്പ് മല്‍സരം കളിച്ച ദീപക് ഹൂഡ ആന്റിച്ച് നോര്‍ക്കിയയുടെ ഒരു വൈഡ് ബോൡലാണ് ഷോട്ടിനു മുതിര്‍ന്ന് പുറത്തായത്. 15 ബോൡല്‍ ആറു റണ്‍സെടുത്ത ദിനേശ് കാര്‍ത്തികിന്റെ ഷോട്ട് സെലക്ഷനും മോശമായിരുന്നു.
പെര്‍ത്തിലെ പിച്ച് തീര്‍ച്ചയായും വെല്ലുവിളിയുയര്‍ത്തുന്നതായിരുന്നു. പക്ഷെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു കുറേക്കൂടി ബുദ്ധിപൂര്‍വ്വം കളിച്ചിരുന്നെങ്കില്‍ വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ എതിരാളികള്‍ക്കു മുന്നില്‍ വയ്ക്കാമായിരുന്നു.
Also Read: T20 World Cup 2022 : ഇന്ത്യക്കാരില്ല, അഞ്ച് സൂപ്പര്‍ പേസര്‍മാരെ തിരഞ്ഞെടുത്ത് സ്റ്റെയിന്‍

ഇന്ത്യയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്
പരാജയത്തിന്റെ തിരിച്ചടിക്ക് ഇടയിലും ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നും ഒരു മാസ്റ്റര്‍ സ്‌ട്രോക്ക് കാണാന്‍ സാധിച്ചു. പവര്‍പ്ലേയിലെ ബൗളിങ് പ്ലാനായിരുന്നു ഇത്. സൗത്താഫ്രിക്കന്‍ ടീമിലേതു പോലെ അതിവേഗ പേസര്‍മാര്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതിനാല്‍ ബൗളിങില്‍ ചില തന്ത്രങ്ങള്‍ പരീക്ഷിച്ചാല്‍ മാത്രമേ 134 റണ്‍സെന്ന ചെറിയ ടോട്ടല്‍ ഇന്ത്യക്കു പ്രതിരോധിക്കാന്‍ കഴിയുമായിരുന്നുള്ളൂ.
ന്യൂബോളില്‍ ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിങും പിച്ചിന്റെ ഇരുവശത്തേക്കും സ്വിങ് ചെയ്യിച്ച് സൗത്താഫ്രിക്കന്‍ ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കി. ക്വിന്റണ്‍ ഡികോക്ക്, റൈലി റൂസ്സോ എന്നിവരുടെ വിക്കറ്റുകളിലൂടെ ഇന്ത്യക്കു ഫലം ലഭിക്കുകയും ചെയ്തു. ഹാര്‍ഡ് ലെങ്തില്‍ ബൗള്‍ ചെയ്തിരുന്നെങ്കില്‍ ഭുവിയും അര്‍ഷ്ദീപുമെല്ലാം നന്നായി തല്ലുവാങ്ങുമായിരുന്നു. പക്ഷെ ബുദ്ധിപരമായി ബൗള്‍ ചെയ്ത് പവര്‍പ്ലേയില്‍ നേട്ടം കൊയ്യാന്‍ ഇന്ത്യക്കു കഴിഞ്ഞു.


Click it and Unblock the Notifications
